Newage News
26 Oct 2020
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതല്‍ ബെയ്ജിങ്ങില്‍ നടക്കും. മൂന്ന് ദിവസമാണ് യോഗം നടക്കുന്നത്. 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ചൈനയുടെ ഭാവി വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.
19-മത് കേന്ദ്ര കമ്മിറ്റിയുടെ അഞ്ചാമത് പ്ലീനറി സെഷനാണ് നടക്കുന്നത്. അഞ്ച് വര്‍ഷത്തെക്കുള്ള സാമ്പത്തിക പരിപാടിയാണ് യോഗത്തില്‍ തീരുമാനിക്കപ്പെടുക. എന്നാല്‍ ഇത്തവണ ഇതോടൊപ്പം പ്രസിഡന്റ് ഷീ ജെന്പിങ് 15 വര്‍ഷത്തേക്ക് മുന്നോട്ടുവെച്ചിട്ടുള്ള വിഷന്‍ 2035 കൂടി യോഗം ചര്‍ച്ച ചെയ്യും. 15 വര്‍ഷത്തെക്കുള്ള ഷീ ജെന്പിങ്ങിന്റെ പദ്ധതി ചര്‍ച്ച ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ ഉണ്ടെന്നാണ് ചൈന നിരീക്ഷകര്‍ പറയുന്നത്. ജീവിത കാലം മുഴുവന്‍ പ്രസിഡന്റായിരിക്കാനുളള ഷീ ജിന്‍പിങിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ചൈന വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
രണ്ട് തവണ മാത്രമെ ഒരാള്‍ക്ക് പ്രസിഡന്റായിരിക്കാന്‍ പാടുള്ളവെന്ന വ്യവസ്ഥ ചൈന 2018 ല്‍ നീക്കിയിരുന്നു. ഷീ ജെന്പിങ്ങിന് വേണ്ടിയായിരുന്നു ഈ വ്യവസ്ഥ നീക്കിയത്.
വിഷന്‍ 2035 തയ്യാറാക്കിയതിന് പിന്നില്‍ 2049 ഓടെ ഏറ്റവും ഉയര്‍ന്ന വരുമാനക്കാരുടെ രാജ്യമായി ചൈനയെ മാറ്റുന്നതിന് വേണ്ടിയാണെന്ന് ആസ്ത്രേലിയന്‍ നാഷണല്‍ ഓപ്പണ്‍ യുണിവേഴ്സിറ്റിയിലെ ബെഞ്ചമിന്‍ ഹില്‍മാന്‍ ബിബിസിയോട് പറഞ്ഞു. ഇതിന് പുറമെ ജീവിതകാലം മുഴുവന്‍ പ്രസിഡന്റായിരിക്കുക എന്ന ഷീ ജെന്പിങ്ങിന്റെ ഉദ്ദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഞ്ച് വര്‍ഷത്തെക്കുള്ള സാമ്പത്തിക പരിപാടി പ്രഖ്യാപിക്കുന്ന ഏക പ്രധാനപ്പെട്ട രാജ്യമാണ് ചൈന. 1953 മുതലാണ് ചൈന അഞ്ച് വര്‍ഷത്തെ സാമ്പത്തിക പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
കോവിഡ് തിരിച്ചടിയ്ക്ക് ശേഷം ചൈനയുടെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെ എത്തുന്ന ഘട്ടത്തിലാണ് ഇത്തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ണായക യോഗം നടക്കുന്നത്. ചൈനയെ കൂടുതല്‍ സ്വാശ്രയ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനും അമേരിക്കയൊടുള്ള ആശ്രിതത്വം കുറയ്ക്കുകയുമാണ് ഷീ ജെന്പിങ് ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യയുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്കുന്ന സമീപനമായിരിക്കും പുതിയായി നടപ്പിലാക്കപ്പെടുകയെന്നാണ് സൂചന.