25 Sep 2019
ന്യൂഏജ് ന്യൂസ്, ന്യൂയോർക്ക്∙ അഞ്ച് വർഷത്തെ തന്റെ ഭരണത്തിൽ രാജ്യം കൈവരിച്ച പുരോഗതി എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് യുഎസ് വ്യവസായ സ്ഥാപനങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യയോടൊപ്പം പങ്കാളികളാകാൻ ഇതാണ് ഏറ്റവും മികച്ച അവസരമെന്നും അദ്ദേഹം യുഎസിൽ പറഞ്ഞു.
നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്നങ്ങളും ഇണക്കമുള്ളതാണ്. യുഎസിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയുടെ ബുദ്ധിയും ലോകത്തെ മാറ്റിമറിക്കും. ഇന്ത്യയും യുഎസും ചേർന്നാൽ ആഗോള സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാകും. അവിടെ എന്തെങ്കിലും വിടവ് അനുഭവപ്പെട്ടാല് പാലമായി ഞാൻ നിൽക്കും– ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യാന്തര തലത്തിൽ വിദേശനിക്ഷേപ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം മുകളിലോട്ടാണ്. ലോകത്താകെ ഇതു താഴേക്കു പതിക്കുമ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം. ജനാധിപത്യം, ജനസംഖ്യ, ആവശ്യകത, നിശ്ചയദാർഢ്യം എന്നീ നാലു ഘടകങ്ങൾ ചേർന്നതാണ് ഇന്ത്യ. രാജ്യത്തെ ജനാധിപത്യവും നിയമ സംവിധാനങ്ങളും നിക്ഷേപങ്ങൾക്കു സംരക്ഷണം നൽകുന്നു. അടിസ്ഥാന സൗകര്യങ്ങൾ മുതൽ പ്രതിരോധം വരെയുള്ള എല്ലാ മേഖലകളിലും ഇന്ത്യയ്ക്ക് ആവശ്യങ്ങളുണ്ടെന്നും മോദി പറഞ്ഞു.
സമ്പദ്വ്യവസ്ഥ ഉയരങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ കൂടുതൽ വിദേശ നിക്ഷേപങ്ങളെ രാജ്യത്തേക്കു ക്ഷണിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമ്പദ്വ്യവസ്ഥയുടെ മൂല്യം അഞ്ച് ട്രില്യൻ ഡോളറായി ഉയര്ത്തുകയെന്നതാണു ലക്ഷ്യം. രണ്ടാമതും അധികാരത്തിലെത്തിയ ഉടൻ വിദേശ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനായി കൂടുതൽ ഇളവുകൾ മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വൻതോതിൽ നികുതി ഒഴിവാക്കണമെന്ന കോർപറേറ്റുകളുടെ ഏറെ നാളത്തെ ആവശ്യവും അംഗീകരിച്ചു. ഈ നടപടി ഇന്ത്യയിൽ വിദേശനിക്ഷേപങ്ങൾ വർധിപ്പിക്കുമെന്നും മെയ്ക് ഇൻ ഇന്ത്യയ്ക്കു പ്രോല്സാഹനമാകുമെന്നുമാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.
Content Highlights: Come to India, if there is any gap i will act as bridge: PM Modi