GLOBAL

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 565 ആയി; ചികില്‍സയിൽ‌ കഴിയുന്നത് 28,000 പേർ; ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക്

Newage News

06 Feb 2020

ബെയ്ജിങ്: കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചൈനയില്‍ ഭയാനകമാംവിധം കൂടുന്നു. ബുധനാഴ്ച മാത്രം 73 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 563 ആയി. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണംകൂടി കണക്കിലെടുത്താന്‍ ഇതുവരെയുള്ള കൊറോണ മരണം 565 ആണ്. ഇന്നലെ മാത്രം ചൈനയില്‍ 3694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ളവരുടെ എണ്ണം 28,000 കടന്നു.

ജപ്പാനിലെ യോകോഹാമ തീരത്ത് തടഞ്ഞിട്ടിരിക്കുന്ന ആഢംബര വിനോദക്കപ്പലില്‍ പത്തുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കപ്പല്‍യാത്രക്കാരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപതായി. കപ്പലിലുള്ള 3691 യാത്രക്കാരും ജീവനക്കാരും നിരീക്ഷണത്തിലാണ്. ആരെയും കരയിലിറക്കിയിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ ചൈന സന്ദര്‍ശിക്കും. കേരളത്തിൽ കൂടുതൽ കൊറോണ ബാധിതർ ഉണ്ടായിട്ടില്ലെങ്കിലും ചൈന ഉൾപ്പെടെ ഈ വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്നു വരുന്നവരെ 28 ദിവസം നിരീക്ഷിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

കേരളത്തിൽ വിവിധ ജില്ലകളിലായി നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 2528. ആശുപത്രികളിലുള്ളത് 93 പേർ. 2435 പേർ വീടുകളിൽ. രോഗം സംശയിക്കുന്ന 223 പേരുടെ സാംപിളുകളിൽ 193 എണ്ണത്തിലും രോഗമില്ല. മാർച്ച് 31 വരെയോ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയോ പഠന, വിനോദയാത്രകൾ ഒഴിവാക്കണമെന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. ആരാധനാലയങ്ങളിലെ ആചാരങ്ങളിൽ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ വേണമെന്നു മന്ത്രി നിർദേശിച്ചു. ചൈനയിലെ ചില സർവകലാശാലകളിലെ വിദ്യാർഥികളെ തിരിച്ചു വിളിക്കുന്നു എന്ന പരാതി കേന്ദ്രത്തെ അറിയിച്ചു. തൃശൂർ മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്കു വൈഫൈ സൗകര്യം ഏർപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ പ്രത്യേക ബോധവൽക്കരണ പ്രചാരണമൊരുക്കാൻ ആരോഗ്യവകുപ്പ് പദ്ധതി തുടങ്ങി.

3 വിദേശികൾ നിരീക്ഷണത്തിൽ

കേരളത്തിലെത്തിയ 3 വിദേശികളെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിലാക്കി. വൈറസ് സ്ഥിരീകരിച്ച 3 മലയാളികളുടെ നില തൃപ്തികരമാണ്.ഇവരിൽ ചൈനയിൽ നിന്നെത്തിയ യുവാവിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാ‍ർഡിൽ പ്രവേശിപ്പിച്ചു. എറണാകുളത്ത് 2 വിദേശികളെ പുറത്തു നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. മൂന്നു പേരുടെയും സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. താമസിക്കാൻ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെത്തിയ ജിഷോയു ഷാഓയെ (25) ആണ് ഐസലേഷൻ വാർ‌ഡിൽ പ്രവേശിപ്പിച്ചത്. ഇയാൾക്കു രോഗലക്ഷണങ്ങളില്ല.

അമ്മയിൽനിന്നു കുഞ്ഞിലേക്കും

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വുഹാനിൽ പിറന്ന 30 മണിക്കൂർ പ്രായമായ കുഞ്ഞ്. അമ്മയിൽനിന്നു കുഞ്ഞിലേക്കും വൈറസ് പകരുമെന്നു കൂടിയാണ് ഇതിലൂടെ തെളിയുന്നത്. ഗർഭിണിയായിരിക്കെ തന്നെ അമ്മയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഗർഭാവസ്ഥയിലോ ജനന സമയത്തോ ജനനശേഷമോ അമ്മയിൽനിന്നു കുഞ്ഞിലേക്ക് രോഗം പകരുന്ന ‘വെർട്ടിക്കൽ ട്രാൻസ്മിഷൻ’ ആണ് സംഭവിച്ചത്. മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പടരുന്ന പുതിയ കൊറോണ വൈറസ് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കും പടരുമെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

Content Highlights: Corona viruses death increases in China

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story