Newage News
17 Apr 2020
വാഷിങ്ടൻ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് 5.9 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് യുഎസ്. രോഗബാധിതരുടെ ചികിത്സ, പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം, വൈറസ് വ്യാപനം നിരീക്ഷിക്കുന്നത് ശക്തിപ്പെടുത്തുക തുടങ്ങിയവയ്ക്ക് ഈ തുക വിനിയോഗിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ അറിയിച്ചു. മഹാമാരി തടയുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും മറ്റു സാമ്പത്തിക സംവിധാനങ്ങൾ മെച്ചപ്പെടുത്തന്നതിനും തുക ഉപയോഗപ്പെടുത്താം.
മഹാമാരിക്കെതിരെ പോരാടുന്നത് ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികൾക്കും എൻജിഒകൾക്കും ഇതുവരെ യുഎസ് നൽകിയിട്ടുള്ള ധനസഹായങ്ങളേക്കാൾ ഉയർന്നതാണ് ഇന്ത്യയ്ക്ക് നൽകിയത്. ദക്ഷിണേഷ്യയിൽ, അഫ്ഗാനിസ്ഥാൻ (18 ദശലക്ഷം ഡോളർ), ബംഗ്ലദേശ് (9.6 ദശലക്ഷം ഡോളർ), ഭൂട്ടാൻ (500,000 ഡോളർ), നേപ്പാൾ (1.8 ദശലക്ഷം ഡോളർ), പാക്കിസ്ഥാൻ (9.4 ദശലക്ഷം ഡോളർ), ശ്രീലങ്ക (1.3 ദശലക്ഷം ഡോളർ) എന്നീ രാജ്യങ്ങൾക്കും യുഎസ് കോവിഡ് പ്രതിരോധത്തിനു ധനസഹായം നൽകിയിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള യുഎസിലേക്ക് നേരത്ത് ഇന്ത്യ 2.9 കോടി ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നു കയറ്റി അയച്ചിരുന്നു. പ്രതിരോധമരുന്നു വികസിപ്പിക്കും വരെ കോവിഡ് ചികിത്സയിൽ ഫലപ്രദമായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിക്കുന്ന ഗുളികയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് നടത്തിയ ചർച്ചയ്ക്കു പിന്നാലെ കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിക്കുകയായിരുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള 3 കമ്പനികളാണ് യുഎസിലേക്കു ഗുളിക കയറ്റുമതി ചെയ്യുന്നത്.
Content Highlights: Coronavirus: US provides nearly $5.9 million in health assistance to India