LAUNCHPAD

കൊറാസോൺ: കൊച്ചിയിൽ ഇതാ സ്റ്റാർട്ടപ്പുകളുടെ സ്വന്തം പ്ലേസ്‌കൂൾ

03 May 2019

സ്റ്റാർട്ടപ്പ് മേഖലയിൽ വിപ്ലവകരമായ കുതിപ്പിന് വഴിയൊരുക്കിയ കോ-വർക്കിങ് സ്‌പേസ്, കോ-ലിവിങ് സ്‌പേസ് ആശയങ്ങളെ സമഗ്രമായി അവതരിപ്പിക്കുന്ന കേരളത്തിലെ ആദ്യ പദ്ധതി

ന്യൂഏജ് ന്യൂസ്, കൊച്ചി: സ്റ്റാർട്ടപ് ലോകത്ത് വിപ്ലവകരമായ കുതിപ്പിന് വഴിതെളിച്ച കോ-വർക്കിങ്, കോ-ലിവിങ് സോണുകൾ കേരളത്തിലും തരംഗമാവുന്നു. സ്റ്റാർട്ടപ്പുകൾക്കായി രാജ്യത്തെ ഏറ്റവും മികച്ച കോ-വർക്കിങ് സ്‌പേസുകളിലൊന്നായ കൊറാസോൺ കൊച്ചി കളമശേരിയിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കോ-വർക്കിങ്, കോ-ലിവിങ് സോണുകൾ ഒരുമിച്ചു ചേർത്തുള്ള അപൂർവം പദ്ധതികളിലൊന്നാണിത്. രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് പ്രവർത്തനമാരംഭിക്കാൻ കഴിയുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങളും, അവശ്യസേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് കൊറാസോൺ.


മികച്ച ബിസിനസ് ആശയം കൈയിലുള്ളപ്പോഴും സ്റ്റാർട്ടപ്പ് സംരംഭകരുടെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളികൾ പണവും (മൂലധനനിക്ഷേപം) സമയവും തന്നെ. ഇത്തരത്തിൽ സ്വന്തമായി മൂലധനം കണ്ടെത്താൻ കഴിയാത്തവർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പുതുതലമുറ സംരംഭകർക്കാണ് കോ-വർക്കിങ്, കോ-ലിവിങ് സോണുകൾഏറ്റവും പ്രയോജനകരമാവുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾക്ക് ഇത്തരം അടിസ്ഥാന സൗകര്യങ്ങളും, കണക്റ്റിവിറ്റിയും, കോർപ്പറേറ്റ് അന്തരീക്ഷവും, കൺസൾട്ടിങ് സേവനങ്ങളും കൊറാസോൺ ലഭ്യമാക്കുന്നു. 

സ്റ്റാർട്ടപ്പുകളും  പുതുതലമുറ സംരംഭകരും  ബിസിനസ് ലോകത്തെ താരങ്ങളായി മാറുന്ന പുതിയ കാലത്ത് കേരളത്തെ ഒരു മികച്ച സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൊറാസോൺ മാനേജിങ് ഡയറക്ടർ അബ്ദുൽ നാസർ പാനാടൻ വ്യക്തമാക്കുന്നു. "സ്റ്റാർട്ടപ്പ് കൾച്ചർ അതിന്റെ എല്ലാ സാധ്യതകളോടും കൂടി കേരളം  ഏറ്റെടുക്കുന്ന നാളുകളാണ് ഇനിയുള്ളത്. പുതുതലമുറ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും സംരംഭക ലോകത്തേക്കുള്ള വാതിൽ തുറക്കുക,അതിലൂടെ വികസന സൂചികകളിലും മനുഷ്യവിഭവശേഷിയിലും രാജ്യത്ത് മുൻ നിരയിലുള്ള കേരളത്തെ സ്റ്റാർട്ടപ്പ് ഡെസ്റ്റിനേഷൻ എന്ന നിലയിലേക്കുയർത്തുക എന്ന ദൗത്യമാണ് കൊറാസോണിന് മുന്നിലുള്ളത്". 

ബെംഗളൂരുവിനും ഹൈദരാബാദിനുമൊപ്പം ദക്ഷിണേന്ത്യയിലെ 'സ്റ്റാർട്ടപ്പ് സിറ്റി' എന്ന നിലയിൽ വളരാൻ ഏറ്റവും അനുകൂല സാഹചര്യമുള്ളത് കൊച്ചിക്കാണ്. മികച്ച അടിസ്ഥാനസൗകര്യങ്ങൾ, ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങൾ, കണക്ടിവിറ്റി, നിലവിലുള്ള സ്റ്റാർട്ടപ്പ് അനുകൂല അന്തരീക്ഷം തുടങ്ങി വിവിധ ഘടകങ്ങൾ കൂടി പരിഗണിച്ചാണ് പദ്ധതിക്കായി കളമശേരി തെരഞ്ഞെടുത്തതെന്ന് അബ്ദുൽ നാസർ പറയുന്നു. കൊറാസോൺ 24 x 7 പ്രവർത്തനനിരതമാണ്. കോൺഫറൻസ് ഹാൾ, വെബിനാർ സൗകര്യങ്ങൾ, വിർച്വൽ ഓഫീസ്, ഗെയിമിങ് സെന്റർ, ഫുഡ്കോർട്ട് തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭ്യമാവും. 


ലോകത്തെ മുൻനിര കോ-വർക്കിങ്, കോ-ലിവിങ്  സ്‌പേസുകളുടെ മാതൃകയിൽ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടിസ്ഥാനമാക്കി വ്യക്തിഗത, ഗ്രൂപ്പ്, കോർപ്പറേറ്റ് വിഭാഗങ്ങളായി തിരിച്ചുള്ള മെമ്പർഷിപ്പ് രീതിയാണ് കൊറാസോൺ അനുവർത്തിക്കുന്നത്. ആയിരം രൂപയാണ് ഏറ്റവും കുറഞ്ഞ അംഗത്വ ഫീസ്. സ്ഥിരാംഗങ്ങൾ അല്ലാത്ത സംരംഭകർക്ക് പോലും വെറും ഇരുനൂറ് രൂപ മുതൽ കൊറാസോണിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. 

കുറഞ്ഞ ചെലവിൽ കോർപ്പറേറ്റ് നിലവാരത്തിലുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം മികച്ച കോർപ്പറേറ്റ് നെറ്റ്വർക്കിങ്, സ്റ്റാർട്ടപ്പ് സഹവർത്തിത്വ സംസ്കാരം എന്നിവയും കൊറാസോൺ പോലുള്ള കോ-വർക്കിങ് സ്‌പേസ് മാതൃകയുടെ പ്രത്യേകതയാണ്. കേരളത്തിന്റെ സ്റ്റാർട്ടപ്പ് സാധ്യതകളെ പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു സംരംഭക മാതൃകയാണ് കൊറാസോൺ മുന്നോട്ട് വയ്ക്കുന്നത്.



Related News


Special Story