ENTERTAINMENT

കോവിഡ് 19: സംസ്ഥാനത്തെ സിനിമ വ്യവസായമാകെ സ്തംഭനത്തിലേക്ക്, തിയറ്ററുകൾ അടച്ചിട്ടതിനു പിന്നാലെ ഷൂട്ടിങ്ങും നിലയ്ക്കുന്നു

Newage News

19 Mar 2020

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സിനിമ വ്യവസായമാകെ സ്തംഭനത്തിലേക്ക്. തിയറ്ററുകൾ അടച്ചിട്ടതിനു പിന്നാലെ ഷൂട്ടിങ്ങും നിലയ്ക്കുന്നു. ഷൂട്ടിങ് പുരോഗമിച്ചിരുന്ന രണ്ടു ഡസനോളം സിനിമകളിൽ ഭൂരിഭാഗത്തിന്റെയും ജോലികൾ നിർത്തി. ശേഷിക്കുന്നവ കൂടി ഉടൻ നിർത്തും.

തിയറ്ററുകൾ ഈ മാസം 31 വരെയാണ് അടച്ചിരിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ഏപ്രിലിലേക്കും നീട്ടേണ്ടി വന്നേക്കുമെന്നാണു സൂചന. അവധിക്കാല റിലീസിങ് മുടങ്ങിയാൽ 300 കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടാവുമെന്നാണു നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണക്കാക്കുന്നത്.

പ്രധാന സീസണുകളിലെ സിനിമകളുടെ റിലീസിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തമ്മിൽ ധാരണയായി. അവധിക്കാലത്ത് ലക്ഷ്യമിട്ടിരുന്ന സിനിമകളുടെ റിലീസിങ്ങ് മേയ് അവസാനവും ആ സമയത്ത് റിലീസിങ് ലക്ഷ്യമിട്ട സിനിമകൾ ഓണക്കാലത്തുമാവും തിയറ്ററുകളിലെത്തുക. ഓണക്കാലം ലക്ഷ്യമിട്ട് നിർമിക്കുന്ന സിനിമകൾക്ക് സെപ്റ്റംബർ 30നു ശേഷമേ റിലീസിങ് സാധ്യമാകൂവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രഞ്ജിത്ത് പറഞ്ഞു.

മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ‘മരയ്ക്കാർ –അറബിക്കടലിന്റെ സിംഹം’, മമ്മൂട്ടിയുടെ വൺ, ഫഹദ് ഫാസിൽ നായകനാവുന്ന മാലിക്, ടൊവിനോ തോമസിന്റെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് അടക്കം അവധിക്കാലം ലക്ഷ്യമിട്ടിരുന്ന 14 സിനിമകളുടെ റിലീസിങ്ങാണു മാറ്റിവയ്ക്കേണ്ടി വരിക. അതിനിടെ പ്രതിസന്ധിയിൽ ഇളവുകൾ തേടി സിനിമാ സംഘടനകൾ സർക്കാരിനെ സമീപിച്ചു. ഫിലിം ചേംബറിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെയും സിനിമ, ധന, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരെയും സന്ദർശിച്ചു നിവേദനം നൽകിയത്.

എല്ലാ നികുതികൾക്കും ബാങ്ക് വായ്പ തിരിച്ചടവിനും സാവകാശം അനുവദിക്കുക, അടഞ്ഞു കിടന്നാലും നൽകേണ്ടി വരുന്ന വൈദ്യുത ബിൽ ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 

Content Highlights: COVID 19; Malayalam film industry lockdown

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story