AUTO

കോവിഡ് ആശങ്ക വ്യക്തിഗത വാഹന വിൽപനയെ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ നിർമാതാക്കൾ

Newage News

25 May 2020

കൊറോണ വൈറസും കോവിഡ് 19 വ്യാപനവും സൃഷ്ടിക്കുന്ന ആശങ്കകൾ വ്യക്തിഗത വാഹനങ്ങളുടെ വിൽപനയെ തുണയ്ക്കുമെന്നു നിർമാതാക്കൾക്കു പ്രതീക്ഷ. കൊറോണ വൈറസ് വ്യാപനം ചെറുക്കാനുള്ള ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കലാണെന്നതു പൊതുഗതാഗത മേഖലയ്ക്കു തിരിച്ചടിയാവുമെന്നാണു കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെയും ഹോണ്ട കാഴ്സിന്റെയും ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെയും ടാറ്റ മോട്ടോഴ്സിന്റെയുമൊക്കെ വിലയിരുത്തൽ. വ്യക്തിഗത സുരക്ഷയെക്കുറിച്ചുള്ള ഈ ആശങ്ക വില കുറഞ്ഞ കാറുകളുടെ വിൽപനയെ ഗണ്യമായി സഹായിക്കുമെന്നാണ് മാരുതി സുസുക്കി ഇന്ത്യയുടെ പ്രതീക്ഷ. 

പൊതുഗതാഗത സംവിധാനത്തിനു പകരം സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യാനാവും ഇനി മിക്കവരും താൽപര്യപ്പെടുകയെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെടുന്നു. കമ്പനി കണ്ടെത്തിയ വിവിധ ഉപഭോക്തൃ സർവേകളിൽ വ്യക്തമായതും ഇതേ കാര്യമാണ്. അതേസമയം സാമ്പത്തിക മേഖലയിലെ തിരിച്ചടി വാഹന വിപണിയിലും ചലനം സൃഷ്ടിക്കും. വ്യക്തിഗത ഉപയോഗത്തിനായി ചെറിയ വാഹനങ്ങളാവും മിക്കവരും തിരഞ്ഞെടുക്കുകയെന്നു ശ്രീവാസ്തവ വ്യക്തമാക്കുന്നു. ആദ്യമായി കാർ വാങ്ങുന്നവരും ചെറിയ കാറുകൾ തേടിയെത്തുന്നവരുമാവും ഇനി കാർ വിപണിക്ക് ഉണർവു പകരുക. ലോക്ക്ഡൗണിനെ തുടർന്നു പ്രവർത്തനം പുനഃരാരംഭിച്ച ഡീലർഷിപ്പുകളിൽ ഈ പ്രവണത പ്രകടമാണെന്നും ശ്രീവാസ്തവ അവകാശപ്പെട്ടു.

കൊറോണ വൈറസ് വ്യാപനത്തിനു ശേഷമുള്ള കാലത്ത് ജനങ്ങൾ അതീവ ശ്രദ്ധാലുക്കളാവുമെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ്പ്രസിഡന്റും വിപണന, വിൽപ്പന വിഭാഗം ഡയറക്ടറുമായ രാജേഷ് ഗോയലും കരുതുന്നു. വാഹനം പങ്കിടാനും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാനുമൊക്ക ആളുകൾ പൊതുവേ വിമുഖത കാട്ടുമെന്നും അദ്ദേഹം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ പുതിയ കാറുകൾക്കൊപ്പം സർട്ടിഫൈഡ് യൂസ്ഡ് കാറുകളുടെ വിപണിയിലും ഉണർവ് പ്രതീക്ഷിക്കാമെന്നാണു ഗോയലിന്റെ പക്ഷം.

രോഗ ബാധയെക്കുറിച്ചുള്ള ആശങ്കയും സാമൂഹിക അകലം പാലിക്കാനുള്ള ആഗ്രഹവുമൊക്കെയാവും വരുംനാളുകളിൽ കാർ വാങ്ങാനെത്തുന്നവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുകയെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) വക്താവും വിലയിരുത്തുന്നു. നിലവിൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന പലരും സ്വന്തം വാഹനങ്ങളിലേക്കു ചേക്കേറുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ദൈനംദിന യാത്രകളിലെന്ന പോലെ നഗരത്തിനുള്ളിലെയും നഗരങ്ങൾക്കിടയിലെയും യാത്രകളിലും ഈ മാറ്റം പ്രകടമാവും. എങ്കിലും നിലവിൽ ഉപയോക്താക്കൾ വിപണിയിൽ നിന്നു വിട്ടു നിൽക്കുന്ന സാഹചര്യം മാറി സ്ഥിതിഗതികൾ സാധാരണ നിലയിലെത്താൻ കുറച്ചു കൂടി സമയമെടുക്കുമെന്നും ടി കെ എം കരുതുന്നു. 

യാത്രാമാർഗങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ കാര്യമായ പൊളിച്ചെഴുത്തിനു കൊറോണ വൈറസും കോവിഡ് ബാധയും ഇടയാക്കിയിട്ടുണ്ടെന്നാണു ടാറ്റ മോട്ടോഴ്സിന്റെ നിഗമനം. സാമൂഹിക അകലം പാലിക്കുന്നതു പോലുള്ള വ്യവസ്ഥകളുടെ ഫലമായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവിനു സാധ്യതയുണ്ടെന്നു കമ്പനി കരുതുന്നു. ഒപ്പം വാഹനങ്ങൾ പങ്കുവയ്ക്കാനുള്ള വിമുഖതയുമേറാനാണു സാധ്യത. വ്യക്തിഗത സുരക്ഷ മുൻനിർത്തി സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാനാവും ഏവരും ഇഷ്ടപ്പെടുകയെന്നും ടാറ്റ മോട്ടോഴ്സ് കരുതുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story