Newage News
13 Jan 2021
തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന്റെ ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് എത്തുക കൊവിഷീൽഡ് വാക്സിന്റെ 4,33,500 ഡോസുകളെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. സംസ്ഥാനത്തെ വാക്സിനേഷന്റെ ഭാഗമായി ഇത്രയും ഡോസുകൾ എത്തുമെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചുവെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
വിമാനമാർഗം നെടുമ്പാശേരിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് വാക്സിൻ എത്തുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട് 1,19,500 ഡോസുമാണ് എത്തിക്കുക. ഈ ജില്ലകളിലെ മേഖലാ സംഭരണ ശാലകളിലേക്കാണ് കൊവിഡ് വാക്സിൻ എത്തിച്ചേരുക.
ഇവിടെ നിന്നും ഡോസുകൾ പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. കോഴിക്കോട്ടേക്ക് വന്നെത്തുന്ന വാക്സിനുകളിൽ 1,100 ഡോസുകൾ മാഹിയിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്. സംസ്ഥാനത്തേക്ക് എത്തുന്ന വാക്സിൻ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷന് നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.