Newage News
18 Jan 2021
ഡിജിറ്റല്‍ പേയ്മന്റ് രീതികളോട് ഇന്ത്യന്‍ വീടുകള്‍ പൊരുത്തപ്പെട്ടതായി പഠന റിപ്പോർട്ട്. പീപ്പിള്‍സ് റീസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ എക്കണോമി (പ്രൈസ്) നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ചേര്‍ന്ന് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 25 സംസ്ഥാനങ്ങളിലായി വിവിധ ഗ്രൂപ്പിലുള്ള 5,314 വീടുകളാണ് പഠനത്തില്‍ പ്രതിനിധീകരിച്ചത്.
ഡിജിറ്റല്‍ പേയ്മെന്റുകളെക്കുറിച്ചുള്ള അവബോധം, സ്വീകരണം, ഉപയോഗ രീതി തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. ഇന്ത്യയിലെ 20 ശതമാനം വരുന്ന സമ്പന്നരുടെ വീടുകളില്‍ രണ്ടിലൊന്ന് എന്ന ക്രമത്തിൽ ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കുമ്പോള്‍ 40 ശതമാനം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാലിലൊന്ന് വീടുകള്‍ ഇത് ഉപയോഗിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
കൂടാതെ ഇവരില്‍ ഭൂരിഭാഗത്തിനും ഉപയോഗിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എങ്ങനെയെന്ന് കാണിച്ചുകൊടുക്കാന്‍ ആരുമില്ലെന്നും, ഉപയോഗിച്ച് തുടങ്ങിയ ചെറിയൊരു ശതമാനം ഇടയ്ക്കുവച്ച് ഉപേക്ഷിച്ചെന്നും സർവേയിൽ കണ്ടെത്തി. ആവശ്യമായ പരിശീലനം നല്കിയാല് ഇന്ത്യയിലെ പകുതിയിലധികം വീടുകളും ( 151 ദശലക്ഷം വീടുകളില്‍ 54 ശതമാനം) ഈ രീതിയിലേക്ക് മാറും. അതായത് 40 ശതമാനം വരുന്ന പാവപ്പെട്ട കുടുംബങ്ങളില്‍ 55 ദശലക്ഷവും 40 ശതമാനം ഇടത്തരക്കാരില്‍ 61 ദശലക്ഷവും സമ്പന്നരായ 20 ശതമാനത്തില്‍ 36 ദശലക്ഷവും ഇതില്‍ പങ്കാളികളാകും.
ഡിജിറ്റല്‍ പേയ്മെന്റ് സ്വീകരണത്തിന് സ്മാര്‍ട്ട്ഫോണിന്റെ ആവശ്യം വരും നാളുകളിൽ തടസമാകില്ലെന്നാണ് പഠനം പറയുന്നത്. വീടുകളിലെ മുഖ്യ വരുമാന ദാതാക്കളില്‍ 68 ശതമാനവും ഇന്ന് സ്മാര്‍ട്ട്ഫോണ്‍ ഉടമകളാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. സ്മാർട്ട്ഫോൺ ഉപയോഗം സമൂഹത്തിൽ വളരെ വേഗം വർധിക്കുകയാണ്. പ്രതീക്ഷിച്ച പോലെ 20 ശതമാനം വരുന്ന സമ്പന്നമായ ഇന്ത്യന്‍ വീടുകളില്‍ 90 ശതമാനവും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാവപ്പെട്ട കുടുംബങ്ങളില്‍ 57 ശതമാനത്തിനാണ് സ്മാര്ട്ട്ഫോണുകളുളളത്.