CORPORATE

ഡിസ്‌കൗണ്ട് ബ്രോക്കിങ് സജീവമായതോടെ ഇന്ത്യൻ ഓഹരിവിപണിയിൽ ശക്തമായ സാന്നിധ്യമായി സെറോദ; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം 224 കോടി, പേടിഎമ്മിന്റെ വെല്ലുവിളി നേരിടാൻ മുന്നൊരുക്കങ്ങൾ

12 Apr 2019

ന്യൂഏജ് ന്യൂസ്, ഇന്ത്യന്‍ ഓഹരി വിപണിയിലെ ഡിസ്‌കൗണ്ട് ബ്രോക്കിങ് അതിവേഗം വളരുകയാണ്. ഷെയറുകളും റീട്ടെയില്‍ വിപണി കേന്ദ്രീകരിച്ചുള്ള സ്റ്റോക്ക് ബ്രോക്കിങ്ങിനും ഇപ്പോള്‍ വലിയ സാധ്യതയാണ്. ഇപ്പോള്‍ ഇന്ത്യയിലെ റീട്ടെയില്‍ വില്‍പന രംഗത്ത് ഏറ്റവുമധികം കിഴിവു നല്‍കുന്ന കമ്പനിയെന്ന പേരുള്ള സ്‌റ്റോക് ബ്രോക്കിങ് സംരംഭമാണ് സെറോദ (Zerodha). ഈ കമ്പനിയുടെ രീതി പിന്തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് വമ്പന്‍ കിഴിവുകള്‍ നല്‍കി കടന്നു വരികയാണ് മറ്റു ചില പുതിയ കമ്പനികളും. പക്ഷേ, സെറോദ പറയുന്നത് തങ്ങള്‍ ഇവയെ ഒന്നും ഭയപ്പെടുന്നില്ല എന്നാണ്. പേടിഎമ്മിന്റെ (Paytm) നീക്കങ്ങള്‍ തങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു വരികയാണ്. അവര്‍ കളത്തിലിറങ്ങിയാല്‍ തങ്ങള്‍ക്കു പ്രശ്‌നമായേക്കാമെന്നും സെറോദ സമ്മതിക്കുന്നു.

വിലയിടല്‍ മാത്രമല്ല കാര്യം. ഉല്‍പന്നത്തിന്റെ ഗുണനിലവാരവും സുപ്രധാനമാണ്. ഇവിടെ ഞങ്ങളുടെ ഇപ്പോഴത്തെ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് സെറോദ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ നിതിന്‍ കമ്മത് പറഞ്ഞു. ആത്യന്തികമായി നല്ല ഉല്‍പന്നം എത്തിക്കുന്നതിന്റെ മത്സരമായി ഇതു പരിണമിക്കും. നല്ല ഉല്‍പന്നം എത്തിക്കുന്നയാള്‍ വിജയിക്കുമെന്നും അദ്ദേഹം പറയുന്നു. സെറോദയുടെ എതിരാളികളും വിപണി പിടിക്കാനായി വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ മാസം ആക്‌സിസ് ഡയറക്ട്, എയ്ഞ്ചല്‍ ബ്രോക്കിങ് എന്നീ കമ്പനികള്‍ പുതിയ ഡിസ്‌കൗണ്ട് ഓഫറുകള്‍ അവതരിപ്പിച്ചു. വിപണിയിലുള്ള തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കൊപ്പമാണ് പുതിയ ഓഫറുകള്‍ അവതരിപ്പിച്ചത്. അംഗീകരിക്കപ്പെട്ട ഡിസ്‌കൗണ്ട് ബ്രോക്കിങ് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന് ഉറപ്പാണ്. പുതിയ കമ്പനികള്‍ ചില ഗവേഷണ ഫലങ്ങളും തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കൊപ്പം നല്‍കുന്നുണ്ട്.

എന്നാല്‍ പേടിഎമ്മിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് വെല്‍ത് മാനേജിമെന്റ് വിഭാഗമായ പേടിഎം മണിക്ക് കഴിഞ്ഞയാഴ്ച സ്റ്റോക്ക് ബ്രോക്കിങ് രംഗത്തേക്കു കടന്നുവരാനുള്ള അംഗീകാരം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നല്‍കി. പേടിഎമ്മിനെ പോലെയുള്ള പുതിയ ‌കമ്പനികൾക്ക് ഒന്നും ഭയക്കാനില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ പൈതൃകം കാക്കാനുണ്ടെന്നും കമ്മത്ത് പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ ഭയക്കേണ്ടത് പുതിയതായി വരുന്നവരെയാണ്. ഇപ്പോഴുള്ള എതിരാളികളെക്കുറിച്ച് ഒട്ടും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. പേടിഎമ്മിന് ഞങ്ങളോടു മത്സരിക്കാനായേക്കും. പക്ഷേ, അവര്‍ക്ക് ഇടപാടുകള്‍ വിജയകരമായി കൊണ്ടുപോകാനാകുമോ? കാലം തെളിയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

സെറോദയുടെ ബിസിനസിന്റെ 65-70 ശതമാനവും ആദ്യമായി ഈ രംഗത്തേക്കു വരുന്ന ഉപയോക്താക്കളെ കേന്ദ്രീകരിച്ചുള്ളതാണ്. അല്ലാതെ നിക്ഷേപം ഉള്ളവരുടെയല്ല. അങ്ങനെയാണ് തങ്ങളുടെ ബിസിനസ് വിപുലപ്പെടുന്നതെന്നും കമ്മത് പറഞ്ഞു. എതിരാളികള്‍ മുന്നേറ്റം നടത്തുന്നുണ്ടോ എന്നറിയാന്‍ പിന്നിലേക്കൊരു കണ്ണുവയ്ക്കണം. അതേസമയം, പേടിഎം എന്തു ചെയ്യുമെന്ന് ശ്രദ്ധാപൂര്‍വ്വം നോക്കിക്കാണുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ആക്‌സിസ് ഡയറക്ടിന്റെ ഒരു പ്ലാന്‍ 'ഇന്ത്യ ട്രേഡ്@20' യാണ്. ആക്‌സിസ് ബാങ്കില്‍ 75,000 രൂപ ബാലന്‍സ് നിർത്തുന്നവര്‍ക്ക് ഇക്വിറ്റി ട്രേഡിങ് നടത്താന്‍ ഒരു ഓര്‍ഡറിന് 20 രൂപ നല്‍കിയാല്‍ മതി എന്നതാണ് ഇതിന്റെ ആകര്‍ഷണീയത. ആക്‌സിസ് ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ട്രേഡിങ് തുടങ്ങാനും ഡീമാറ്റ് അക്കൗണ്ട് തുറക്കാനും ഇതിന്റ ഗുണം ആസ്വദിക്കണമെങ്കില്‍ പ്രതിമാസം 250 രൂപ നല്‍കിയാല്‍ മതി.

എയ്ഞ്ചല്‍ ബ്രോക്കിങ്ങിന്റെ ഓണ്‍ലൈന്‍ പ്ലാനിന്റെ പേര് എയ്ഞ്ചല്‍ ഐട്രെയ്ഡ് (Angel iTrade) എന്നാണ്. ഇതിനു നിശ്ചിത ബ്രോക്കറേജ് തുക നല്‍കിയാല്‍ മതി. 50,000 രൂപ വരെയുള്ള ഓര്‍ഡറുകള്‍ക്ക് 15 രൂപയും അതിനു മുകളിലുള്ളവയ്ക്ക് 30 രൂപയും നല്‍കിയാല്‍ മതി. ഇക്വിറ്റി, ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്, കമ്മോഡിറ്റി ആന്‍ഡ് കറന്‍സി തുടങ്ങിയ വിഭാഗങ്ങളിലൊക്കെ ഇത് പ്രയോജനപ്പെടുത്താം. ഗവേഷണം, ഉപദേശം, കസ്റ്റമര്‍ സപ്പോര്‍ട്ട്, തുടങ്ങിയ മറ്റു സേവനങ്ങളും ഇതോടൊപ്പം സൗജന്യമായി നല്‍കുന്നുമുണ്ട്.

ഡെലിവറി ബെയ്സ്ഡ് ഇക്വിറ്റി കൈമാറ്റത്തിന് സെറോദ കാശു വാങ്ങാറില്ല. എന്നാല്‍ 0.01 അല്ലെങ്കില്‍ 20 രൂപ ഇവയില്‍ ഏതാണോ കുറവ് ഇതാണ് ഇന്‍ട്രാഡേ ഇക്വിറ്റി, ഇക്വിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡ് എന്നിവയില്‍ ഒരു ഓര്‍ഡര്‍ നടത്തിയാല്‍ സെറോദ കൈപ്പറ്റുന്നത്. 2018ല്‍ ഡിസ്‌കൗണ്ട് ബ്രോക്കിങ് കമ്പനികള്‍ നിക്ഷേപകരുടെ പ്രിയപ്പെട്ടവയാകുകയായിരുന്നു. 2018 ഡിസംബറില്‍ സെറോദയ്ക്ക് 8.47 ലക്ഷം സജീവ ഉപയോക്തക്കളുണ്ടായിരുന്നു. ഐസിഐസിഐ സെക്യൂരിറ്റീസിന് 8.45 ലക്ഷം ഉപയോക്താക്കളും എച്ഡിഎഫ്‌സി സെക്യൂരിറ്റീസിന് 6.47 ലക്ഷം പേരും ഷേര്‍ഖാന് 5.49 ലക്ഷം പേരും ഉണ്ടായിരുന്നതായി നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ രേഖകൾ പറയുന്നു. 2010ല്‍ തുടങ്ങിയ കമ്പനിയുടെ ലാഭം 2.3 കോടിയില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷം 224 കോടിയായി  ഉയര്‍ന്നിരിക്കുന്നതായി കാണാം.Related News


Special Story

രാജ്യത്തെ ഏറ്റവും വലിയ എഡ്യൂടെക് കമ്പനിയായ ബൈജൂസ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയർന്നു; ആപ്പിലേയ്ക്ക് ഇന്റർനെറ്റ് കമ്പനിയായ ജനറൽ അത്‌ലാന്റിക്കിൽ നിന്ന് 2.5 കോടി ഡോളറിന്റെ പുതിയ നിക്ഷേപം