TECHNOLOGY

സാങ്കേതിക വിദ്യയിൽ പൊളിച്ചെഴുത്തിന് ഗൂഗിൾ;സംഭവിക്കാൻ പോകുന്നത് വൻ മാറ്റങ്ങൾ, മുൻപൊരിക്കലും സാധ്യമല്ലാതിരുന്നത്ര കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഇനി ഗൂഗിൾ നിങ്ങളെ സഹായിക്കും

08 May 2019

ന്യൂഏജ് ന്യൂസ്, നിങ്ങളെ 'ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന കമ്പനി' എന്ന നിലയില്‍ നിന്നു 'കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സഹായിക്കുന്ന കമ്പനി' ആയി പരിണമിക്കുകയാണ് ഗൂഗിള്‍ എന്ന് കമ്പനി മേധാവി സുന്ദര്‍ പിച്ചൈ. ലിഫ്റ്റ് (Lyft) ടാക്‌സികള്‍ വിളിക്കുന്നത്, വിദേശ ഭാഷകള്‍ തര്‍ജ്ജമ ചെയ്തു ലഭിക്കുന്നത്, തത്സമയം വിഡിയോ ട്രാന്‍സ്‌ക്രൈബു ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളാണ് ചെയ്തു തീര്‍ക്കാന്‍ ഇനി ഗൂഗിള്‍ സഹായിക്കുക. മുൻപൊരിക്കലും സാധ്യമല്ലാതിരുന്നത്ര കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഇന്നു ഗൂഗിളിനു സാധിക്കും. ആന്‍ഡ്രോയിഡിന്റെ അടുത്ത തലമുറ മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ ഭാവി വരെയുള്ള ഒരുപിടി കാര്യങ്ങളാണ് തങ്ങളുടെ ഡെവലപര്‍ കോണ്‍ഫറന്‍സ് ആയ ഇന്‍പുട്ട്/ഔട്ട്പുട്ടില്‍ കമ്പനി അവതരിപ്പിച്ചത്.

മുന്‍ വര്‍ഷങ്ങളിലേതു പോലെയല്ലാതെ സോഫ്റ്റ്‌വെയര്‍ പുതുമകള്‍ മാത്രമല്ല കമ്പനി പരിചയപ്പെടത്തിയത്. പുതിയ പികസല്‍ 3എ, പിക്‌സല്‍ 3 എക്‌സ്എല്‍ നെസ്റ്റ് ഹബ് മാക്‌സ് എന്ന സ്മാര്‍ട് ഹോം ഡിസ്‌പ്ലെ തുടങ്ങിയ ഹാര്‍ഡ്‌വെയര്‍ വിഭവങ്ങളും ഉള്‍ക്കൊളളിച്ചായിരുന്നു ഗൂഗിളിന്റെ അവതരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്‌മെന്റഡ് റിയാലിറ്റി, സ്പീച്ച് റെക്കഗ്നിഷന്‍ തുടങ്ങിയവയില്‍ തങ്ങള്‍ നടത്തിയിരിക്കുന്ന മുന്നേറ്റങ്ങള്‍ ഇവയെക്കുറിച്ചെല്ലാം കമ്പനി പറയുകയുണ്ടായി. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി കണ്‍സ്യൂമര്‍ ടെക്‌നോളജി ഭീമനായ ഗൂഗിള്‍ അല്‍പം ഒഴിഞ്ഞുമാറി നടക്കുകയായിരുന്നോ എന്നു സംശയം തോന്നിയിരുന്നെങ്കില്‍ അതില്‍ തെറ്റില്ല. അവര്‍ക്കും ഫെയ്‌സ്ബുക്കിനുമെതിരെയാണ് പല സർക്കാർ നീക്കങ്ങളും നടന്നിരുന്നത്. എന്തായാലും ഈ വര്‍ഷം മുതല്‍ തിരിച്ചുവരവ് നടത്താൻ തന്നെയാണ് അവരുടെ തീരുമാനമെന്നു തോന്നും പുതിയ പ്രഖ്യാപനങ്ങള്‍ കേട്ടാല്‍.


ചില പുതുമകള്‍ പരിശോധിക്കാം.


ആന്‍ഡ്രോയിഡ് ക്യൂ

ലോകത്ത് ഏറ്റവും ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഒഎസിന്റെ അടുത്ത പതിപ്പാണ് ആന്‍ഡ്രോയിഡ് ക്യൂ (Android Q). ഐഒഎസ് 13ലേതു പോലെ ഇതിനും ഡാര്‍ക് മോഡ് ഉണ്ടാകുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഡാര്‍ക് മോഡ് ഇപ്പോള്‍ത്തന്നെ ചില ബ്രൗസറുകളും ആപ്പുകളും എല്ലാം നല്‍കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ഓപ്പറേറ്റിങ് സിസ്റ്റത്തെ മൊത്തമായി ഡാര്‍ക് മോഡില്‍ കൊണ്ടുവരാനാകുക. കണ്ണിന്റെ ആരോഗ്യത്തിനായാണ് ഇത് കൊണ്ടുവരുന്നത്.

  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും കൂടുതല്‍ പ്രാധാന്യം നൽകും. 
  • ലൈവ് ക്യാപ്ഷന്‍ ഉപയോഗിച്ച് കാണുന്ന വിഡിയോയുടെ ഓഡിയോ എഴുതി കാണാനാകും. 
  • സുരക്ഷാ അപ്‌ഡേറ്റുകള്‍ പ്ലേസ്റ്റോര്‍ വഴി നല്‍കും. ഇതിനാല്‍ ഓരോ തവണയും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യേണ്ടിവരില്ല.


വില കുറഞ്ഞ പിക്‌സല്‍ ഫോണ്‍ മോഡലുകള്‍

പിക്‌സല്‍ 3എ, പിക്‌സല്‍ 3എ എക്‌സ്എല്‍ എന്നീ ഹന്‍ഡ്‌സെറ്റുകളും എത്തിയതോടെ പിക്‌സല്‍ കുടുംബത്തില്‍ ഇപ്പോള്‍ നാലു ഫോണുകളായി. പിക്‌സല്‍ ഫോണുകളുടെ ക്യാമറകള്‍ വളരെ മികവുറ്റവയാണെങ്കിലും ഇതൊന്നും അധികമാര്‍ക്കും താൽപര്യജനകമല്ലായിരുന്നു.

പുതിയ ക്യാമറ മോഡാണ് ഇവയുടെ സവിശേഷതകളിലൊന്ന്. ഇതിലൂടെ നൈറ്റ് സൈറ്റ് (ഇരുളിലും ഫോട്ടോ എടുക്കാനുള്ള മോഡ്), ടൈംലാപ്‌സ് തുടങ്ങിയവ ഇതില്‍ ലഭ്യമാക്കും. എല്ലാ പിക്‌സല്‍ ഫോണുകളിലും പുതിയ ക്യാമറ മോഡ് ഉപയോഗിക്കാം. ക്യാമറ ആപ്പിലെ 'മോര്‍' ഓപ്ഷനിലെത്തി കൂടുതല്‍ ഫങ്ഷന്‍സ് ഉപയോഗിക്കാം.

പിക്‌സല്‍ 3യുടെ ഒരു വിനീതമായ പുനരവതരണമാണ് പുതിയ പിക്‌സല്‍ ഫോണുകള്‍. പിക്‌സല്‍ 3എയുടെ തുടക്ക വില 399 ഡോളറും പിക്‌സല്‍ 3 എക്‌സ്എല്‍ന്റെ തുടക്ക വില 479 ഡോളറുമായിരിക്കും.


സേര്‍ച്

സേര്‍ച്ചിലേക്ക് കംപ്യൂട്ടര്‍ വിഷനും ഓഗ്‌മെന്റഡ് റിയാലിറ്റിയും എത്തുന്നു. സേര്‍ച് റിസള്‍ട്ടുകളില്‍ 3ഡി ഫോട്ടോകളുടെ സാന്നിധ്യം വര്‍ധിക്കും. വിവിധ കോണുകളില്‍ നിന്ന് ഒരു വസ്തുവിനെ കാണാന്‍ അനുവദിക്കും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സജീവമായി വരുന്ന ഗൂഗിള്‍ ഷോപ്പിങ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഇത് ഉപകരിക്കും. ഉടുപ്പുകളും മറ്റും നിങ്ങള്‍ക്ക് ഉള്ളവയുമായി താരതമ്യം ചെയ്ത് പാകമാകുമോ എന്നു നോക്കാം.

ഗൂഗിള്‍ ലെന്‍സ് കൂടുതല്‍ സ്മാര്‍ട്ടാകുന്നു. വിദേശ ഭാഷകള്‍ തര്‍ജ്ജമ ചെയ്യാനും ഉറക്കെ വായിച്ചു കേള്‍പ്പിക്കാനും ഹോട്ടലിലും മറ്റും എത്ര ടിപ്പ് കൊടുക്കണമെന്നു കണക്കുകൂട്ടാന്‍ സഹായിക്കാനും എല്ലാം ഇനി ഇതിനാകും.


ഗൂഗിള്‍ അസിസ്റ്റന്റ്

അടുത്ത തലമുറ ഗൂഗിള്‍ അസിറ്റന്റ് കൂടുതല്‍ വേഗമുള്ളതും ഫീച്ചറുകൾ നിറഞ്ഞതും ആയിരിക്കും 

കഴിഞ്ഞ വര്‍ഷം പരിചയപ്പെടുത്തിയ ഡ്യൂപ്ലെക്‌സ് ഫീച്ചറിന് ഹോട്ടലില്‍ റിസര്‍വേഷന്‍ നടത്താനും ടാക്‌സി ബുക്കു ചെയ്യാനും സിനിമ ടിക്കറ്റ് വാങ്ങാനും എല്ലാമുള്ള കഴിവു കിട്ടിയിരിക്കുന്നു. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ വെബില്‍ സഹായത്തിനായി അമേരിക്കയിലും ബ്രിട്ടനിലും അസിസ്റ്റന്റ് എത്തും.

ഗൂഗിള്‍ അസിറ്റന്റിന് ഗൂഗിളിന്റെതല്ലാത്ത ആപ്പുകളിലും പ്രവര്‍ത്തിക്കാനുള്ള ശേഷി നല്‍കുന്നു. ജോഗിങ്ങിനു പോകുമ്പോളുള്ള ഡേറ്റ കൈകാര്യം ചെയ്യാനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുമൊക്കെ ഇനി ഇതിനാകും. ഡീപ്-ലേണിങ്ങിലെ മാറ്റങ്ങളാവഹിക്കാനായതിനാല്‍ അസിസ്റ്റന്റ് ആപ്പിന് നിങ്ങളുടെ ഫോണില്‍ അധികം സ്ഥലം ആവശ്യമില്ല. അടുത്ത തലമുറ അസിസ്റ്റന്റിന് അര ജിബി സ്ഥലം മതിയാകും.

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഈ വര്‍ഷം അസിസ്റ്റന്റിന്റെ സഹായമുള്ള ഡ്രൈവിങ് മോഡ് ലഭിക്കും. ഹെയ് ഗൂഗിള്‍ എന്ന വിളി ഇല്ലെങ്കിലും പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് അസിസ്റ്റന്റ് മാറും. നിങ്ങളെക്കുറിച്ചും നിങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും മുമ്പൊരിക്കലും ഇല്ലാതിരുന്നത്ര ഇനി അറിയും. നിങ്ങളുടെ താൽപര്യങ്ങളറിഞ്ഞുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ മേഖലകളില്‍ ലഭിക്കും. ചുരുക്കി പറഞ്ഞാല്‍ പുതിയ സേവനങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ഗൂഗിളിനു മുൻപില്‍ ഉപയോക്താവ് കൂടുതല്‍ സ്വയം അനാവരണം ചെയ്യണം.
സുരക്ഷ

ഡേറ്റയെക്കുറിച്ചുള്ള അവബോധം വിവിധ രാജ്യങ്ങള്‍ക്കും വ്യക്തികള്‍ക്കും വര്‍ധിച്ചു വരുന്നതു കാണം. മുൻപ് സാധ്യമല്ലാതിരുന്ന രീതിയില്‍ എത്ര ഡേറ്റ ഗൂഗിള്‍ ശേഖരിച്ചു സൂക്ഷിക്കുന്നു എന്നതിന് നിയന്ത്രണം വയ്ക്കാം. മാപ്പിലും ക്രോം ബ്രൗസറിലുമുള്ള ഇന്‍കേഗ്നിറ്റോ മോഡ് ഉപയോഗിച്ചാല്‍ യാത്രയുടെയും സേര്‍ച്ചിന്റെയും ഡേറ്റ നിങ്ങളുടെ അക്കൗണ്ടില്‍ സ്‌റ്റോറു ചെയ്യില്ലെന്നു കമ്പനി പറയുന്നു. ആപ് ഡേറ്റ ഓട്ടോ-ഡിലീറ്റു ചെയ്യാനുള്ള ഫില്‍റ്ററുകളും നല്‍കും. ലൊക്കേഷന്‍ ഡേറ്റ ഡിലീറ്റു ചെയ്യാനുള്ള ഫങ്ഷനും ഉടന്‍ എത്തും.

വെബ്‌സൈറ്റുകള്‍ നടത്തുന്ന ക്രോസ് സൈറ്റ് ട്രാക്കിങ് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കാനും തങ്ങള്‍ക്ക് ഉദ്ദേശമുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. ഈ വര്‍ഷം വരുന്ന ആന്‍ഡ്രോയിഡ് ക്യൂ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പ്രൊജക്ട് മെയ്ന്‍ലൈന്‍ മുഖേന കൃത്യമായ സുരക്ഷാ അപ്‌ഡേറ്റുകള്‍ എത്തിക്കും.


ശാരീരികവൈകല്യങ്ങളുള്ളവര്‍ക്കായി ഫീച്ചറുകള്‍

ബധിരായ ആളുകള്‍ക്കായി ലൈവ് ക്യാപ്ഷന്‍ ഫീച്ചര്‍ കൊണ്ടുവരും. യുട്യൂബ് വിഡിയോയും മറ്റും കാണുമ്പോള്‍ ആന്‍ഡ്രോയിഡ് ക്യൂ ബധിരര്‍ക്കായി ഓഡിയോ എഴുതി കാണിക്കും. പോഡ്കാസ്റ്റുകളുടെയും ഫോണ്‍ കോളുകളുടെയും കാര്യത്തിലും ഇതു പ്രയോജനപ്പെടുത്താനായേക്കും. പക്ഷേ, ആദ്യ കാലത്തെങ്കിലും ഇത് അധികം ഭാഷകളില്‍ എത്തണമെന്നില്ല.

ലൈവ് റിലെ സംസാരശേഷി കുറഞ്ഞവര്‍ക്കായാണ്. ഫോണ്‍ കോള്‍ വരുമ്പോള്‍ മറുപടി കീബോഡില്‍ ടൈപ് ചെയ്യാന്‍ അനുവദിക്കുകയാണ് ചെയ്യുക. സ്മാര്‍ട് റിപ്ലൈ ഫീച്ചറാണ് ഇതിനായി കൊണ്ടുവരിക.


ഗൂഗിള്‍ നെസ്റ്റ് ഹബ്

പുതിയതായി അവതരിപ്പിച്ച നെസ്റ്റ് ഹബ് മാക്‌സിന് വലുപ്പക്കൂടുതലുണ്ട്. 10-ഇഞ്ച് വലുപ്പമുള്ള എച്ഡി സ്‌ക്രീനാണിതിന്. ഒരു ക്യാമറയും ഉണ്ട്. 6.5എംപി റെസലൂഷനാണ് ഇതിനുള്ളത്. ഇതിന് ഒരു സുരക്ഷാ ക്യാമറയായി പ്രവര്‍ത്തിക്കാനുള്ള കഴിവും ഉണ്ട്.

കഴിഞ്ഞ വര്‍ഷത്തെ നെസ്റ്റ് ഹബിന് പുനഃര്‍ നാമകരണം ചെയ്തു-ഹോം ഹബ് എന്നായിരിക്കും ഇത് അറിയപ്പെടുക. ഇതിന്റെ വില 99 ഡോളറായി കുറച്ചട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇതു ലഭ്യമാക്കും.Related News


Special Story