TECHNOLOGY

ഫെയ്‌സ്ബുക് നിങ്ങളുടെ സ്വകാര്യ കോളുകളും സംസാരവും ചോർത്തുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ വിവാദം പുകയുന്നു; കരുതലെടുക്കാം ഇക്കാര്യങ്ങളിൽ

11 Jun 2019

ന്യൂഏജ് ന്യൂസ്, നിങ്ങള്‍ വീട്ടിലിരുന്ന് പ്രത്യേക സ്ഥലത്തേക്ക് വിനോദയാത്ര പോകുന്ന കാര്യം സുഹൃത്തുമായി ചര്‍ച്ച ചെയ്യുന്നുവെന്നിരിക്കട്ടെ. അധികം താമസിയാതെ ഫെയ്‌സ്ബുക് തുറക്കുമ്പോള്‍ ആ സ്ഥലത്തെപ്പറ്റിയുള്ള പരസ്യങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് എന്തു തോന്നും? അമേരിക്കയില്‍ പലരും സാക്ഷ്യം പറഞ്ഞിട്ടുള്ള കാര്യമാണിത്. വീട്ടിലെ സ്വകാര്യ സംഭാഷണങ്ങള്‍ പോലും ഫെയ്‌സ്ബുക് കേട്ടുകൊണ്ടിരിക്കുന്നുവെന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. ഇത്തരം അനുഭവം ഉണ്ടായവരില്‍ എല്ലാ പ്രായത്തിലും സാമ്പത്തിക സ്ഥിതിയിലും ഒക്കെയുള്ള ആളുകളുണ്ട് എന്നത് ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു. ഇതിനാല്‍ ഫെയ്‌സ്ബുക് സ്വകാര്യ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുവെന്ന വാദം തെറ്റാണെന്നു പറഞ്ഞാല്‍ ആരും തന്നെ വിശ്വസിച്ചേക്കില്ല താനും.

ഇതു ശരിയാണോ? ഇതിന് ഒന്നിലേറെ വിശദീകരണങ്ങള്‍ ആവശ്യമുണ്ട്. ഫെയ്‌സ്ബുക് തങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുവെന്ന പരാതി ഉന്നയിച്ചിരിക്കുന്നത് പ്രധാനമായും അമേരിക്കക്കാരാണ്. ഒരു ഫാക്ട് ഫൈന്‍ഡിങ് വെബ്‌സൈറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച ഐഡന്റിഫൈ ടിവി ആന്‍ഡ് മ്യൂസിക് ( 'Identify TV and Music' ) എന്ന ഫീച്ചര്‍ സ്മാര്‍ട് ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ടിവിയിലും മറ്റും കേട്ടുകൊണ്ടിരിക്കുന്ന പാട്ടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ശ്രോതാവിന്റെ ഫെയ്‌സ്ബുക് പേജില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നാണ്. എന്നാല്‍ ഗവേഷകര്‍ പറയുന്നത് ഇവ സ്വകാര്യ സംഭാഷണങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നാണ്.

2016ല്‍ ഫെയ്‌സ്ബുക് സ്വകാര്യ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുവെന്ന ആരോപണത്തിനു മറുപടി നല്‍കിയിരുന്നു. പരസ്യം നല്‍കാനായി നിങ്ങളുടെ ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. (ശ്രദ്ധിക്കുക, പരസ്യം നല്‍കാനായി എന്നാണ് കമ്പനി പറയുന്നത്.) തങ്ങൾ കാണിക്കുന്ന പരസ്യങ്ങള്‍ ഉപയോക്താവിന്റെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന താത്പര്യങ്ങള്‍ അടക്കമുള്ള കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് എന്നവര്‍ പറയുന്നു. ഇതേവര്‍ഷം എന്‍ബിസി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഫെയ്‌സ്ബുക് ഫോണിന്റെ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ചെയ്തികൾ കാണുകയും മൈക്രോഫോണ്‍ ദുരുപയോഗം ചെയ്ത് പറയുന്നതെല്ലാം കേള്‍ക്കുകയും ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ഇന്റര്‍നെറ്റ് എല്ലാക്കാലത്തേക്കും ഉള്ളതാണ്. അവിടെ നിങ്ങളുടെ കാല്‍പ്പാട് പതിച്ച് കടന്നു പോകുന്നു. അവര്‍ നിങ്ങളെ കണ്ടെത്തും, എന്നു പറഞ്ഞാണ് ആ ലേഖനം അവസാനിക്കുന്നത്.

എന്നാല്‍ ഈ വിശ്വാസം തുടങ്ങുന്നത് 2014ല്‍ ആണ്. നമ്മള്‍ നേരത്തെ കണ്ട ഐഡന്റിഫൈ ടിവി ആന്‍ഡ് മ്യൂസിക് എന്ന ഫീച്ചറാണ് ഇതിനു പിന്നില്‍. ഈ ഫീച്ചര്‍ ഉറപ്പായും ഡേറ്റ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, അത് സ്വകാര്യ സംഭാഷണം കേള്‍ക്കുന്നില്ല എന്നാണ് വിശ്വാസം. ഫോണിന്റെ മൈക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നതു തന്നെയാണ് പ്രശ്‌നം. (ഫെയ്‌സ്ബുക് മാത്രമല്ല, ആവശ്യമില്ലാത്ത ആപ്പുകള്‍ നിങ്ങളുടെ ഫോണിന്റെ മൈക്കും ക്യാമറയുമൊക്കെ ഉപയോഗിക്കാന്‍ അനുമതി ചോദിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം.)

ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ അമേരിക്കന്‍ കോണ്‍ഗ്രസ് ചോദ്യം ചെയതപ്പോള്‍ അദ്ദേഹം പറഞ്ഞതും തങ്ങള്‍ സ്വകാര്യ സംഭാഷണം ശ്രവിക്കുന്നില്ല എന്നാണ്. ആളുകള്‍ ചിലപ്പോള്‍ ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരിക്കും. അതേസമയം തന്നെ ആ കാര്യത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സേര്‍ച്ചു ചെയ്യുന്നുണ്ടാകാം. ഫെയ്‌സ്ബുക്കിലും അതേക്കുറിച്ചു കുറിക്കുന്നുണ്ടാകാം. ഇതെല്ലാമാണ് പരസ്യമായി വരുന്നതെന്നാണ് സക്കര്‍ബര്‍ഗിന്റെ വാദം.

എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷത്തെ ഫെയ്‌സ്ബുക്കിന്റെ ചരിത്രം നോക്കിയാല്‍ അവര്‍ ആളുകളുടെ സ്വകാര്യത മാനിക്കാതിരുന്ന കഥകളാണ് നമുക്ക് കാണാന്‍ കഴിയുക. കേംബ്രിജ് അനലിറ്റിക്കാ വിവാദമാണ് ഏറ്റവുമധികം ആളുകളെ പിടിച്ചു കുലുക്കിയത്. 2016ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ കമ്പനി തങ്ങളുടെ പിടിപാട് ഉപയോഗിച്ച് ഇടപെട്ടുവെന്നതും ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ വില്‍പനയും ചോര്‍ച്ചയും അടക്കം നിരവധി ഗൗരവമുള്ള ആരോപണങ്ങളാണ് അവര്‍ നേരിടുന്നത്. ഫെയ്‌സ്ബുക്കിന്റെ കാര്യത്തില്‍ അമേരിക്കക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് സെനറ്റര്‍ ഗ്യാരി പീറ്റേഴ്‌സ് പറഞ്ഞത്.

എല്ലാ ഡേറ്റാ ശകലങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ട്രെയ്‌നിങ്ങിനും മറ്റും ഉപയോഗിക്കാം എന്നതിനാല്‍ ഫെയ്‌സ്ബുക് സ്വകാര്യ സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്നുള്ളത് തീര്‍പ്പു കല്‍പ്പിക്കല്‍ എളുപ്പമല്ല. എന്തായാലും തങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെന്ന് കമ്പനി ആവര്‍ത്തിക്കുന്നു. അതിന് ഒരു കാരണവുമുണ്ട്. മിക്ക രാജ്യത്തെയും നിയമപ്രകാരം ഇത് കുറ്റകരമാണ്. ഉണ്ടെന്നെങ്ങാനും തെളിഞ്ഞാല്‍ മേധാവികള്‍ ചിലപ്പോള്‍ ജയിലിലായേക്കാം.


നിങ്ങളുടെ സംഭാഷണം കേള്‍ക്കുന്നില്ല എന്ന വാദത്തിനു പിന്നില്‍

സമയം കിട്ടുമ്പോഴൊക്കെ ഫെയ്ബുക് പോസ്റ്റുകള്‍ ഇടുന്നവര്‍ തങ്ങളെക്കുറിച്ച് ആവശ്യത്തിലേറെ കാര്യങ്ങള്‍ പലപ്പോഴും അത്രമേല്‍ സ്വകാര്യമായ കാര്യങ്ങള്‍ പോലും വിളമ്പി വയ്ക്കാറുണ്ട്. ഇതെല്ലാം ഫെയ്‌സ്ബുക് ആവശ്യപ്പെടാതെ തന്നെ ആളുകള്‍ നിര്‍ബാധം നല്‍കിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഒരാളുടെ അഭിരുചിയറിഞ്ഞ് പരസ്യം നല്‍കാനാണെങ്കില്‍ ഓഡിയോ റെക്കോഡു ചെയ്യേണ്ട കാര്യമില്ല. തങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ ഓരോ ഫെയ്‌സ്ബുക് ഉപയോക്താവിനെപ്പറ്റിയും അത്രമേല്‍ ഡേറ്റയും കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്നത്. എന്തായാലും പരസ്യം കാണിക്കാനായി നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ കമ്പനി ഇപ്പോള്‍ റെക്കോഡ് ചെയ്യുന്നില്ല എന്നാണ് വിദഗ്ധമതം. പക്ഷേ, ഫോണ്‍ കോളുകള്‍ കേട്ടിട്ടില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഇനിയും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.


ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍

നിങ്ങളുടെ ഫോണിന്റെയും ടാബിന്റെയും കംപ്യൂട്ടറിന്റെയുമൊക്കെ ക്യാമറകളും സ്പീക്കറുകളും എല്ലാ ആപ്പിനും യഥേഷ്ടം ഉപയോഗിക്കാനുള്ള അനുവാദം നല്‍കരുത്. സ്വകാര്യതയെക്കുറിച്ച് പേടിയുണ്ടെങ്കില്‍ ഒരാപ്പിന് ഒരു സമയത്ത് ക്യാമറയും മറ്റും ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നിരിക്കട്ടെ. ആവശ്യം കഴിയുമ്പോള്‍ അനുമതി നീക്കം ചെയ്യുക. ബാക്ഗ്രൗണ്ടിലിരുന്ന് റെക്കോഡ് ചെയ്യുന്ന ആപ്പുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു.


ഫെയ്‌സ്ബുക്കിന്റെ മൈക്രോഫോണ്‍ അക്‌സസ് എങ്ങനെ ഇല്ലാതാക്കാം?


ഐഒഎസ്

  • സെറ്റിങ്‌സ് തുറക്കുക–'പ്രൈവസി'യില്‍ ടാപ് ചെയ്യുക.
  • അവിടെ 'മൈക്രോഫോണ്‍' തുറക്കുക.
  • മൈക്രോഫോണിനുള്ളില്‍ ഫെയ്‌സ്ബുക് സെലക്ടു ചെയ്ത് ഡിസേബിൾ ചെയ്യുക.
  • ഫെയ്‌സ്ബുക്കിന്റെ ഒളിഞ്ഞിരുന്നു കേള്‍ക്കല്‍ നമ്മള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് ആവശ്യമില്ലാത്ത എല്ലാ ആപ്പുകളെയും ഡിസേബിൾ ചെയ്യുക.


ആന്‍ഡ്രോയിഡില്‍

  • സെറ്റിങ്‌സ് തുറക്കുക.
  • 'ആപ്‌സ് ആന്‍ഡ് നോട്ടിഫിക്കേഷന്‍സ്' സെലക്ടു ചെയ്യുക. 
  • തുടര്‍ന്ന് ഏറ്റവും അടിയിലുള്ള 'അഡ്വാന്‍സ്ഡ്' സെലക്ടു ചെയ്യുക.
  • 'ആപ് പെര്‍മിഷന്‍സ്' കണ്ടെത്തുക.
  • 'മൈക്രോഫോണ്‍' കണ്ടെത്തി ഫെയ്‌സ്ബുക് ഡിസേബിൾ ചെയ്യാം.

ഫെയ്‌സ്ബുക്കിനെ മാറ്റി നിർത്താന്‍ ഇതുമാത്രം പോരെന്നുള്ളവര്‍ക്ക് ഫെയ്‌സ്ബുക് കുടുംബത്തിലെ മറ്റംഗങ്ങളായ വാട്‌സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മൈക്രോഫോണ്‍ അക്‌സസ് ഇവിടെ വച്ചു തന്നെ തീര്‍ത്തു കളയാം.

എന്നാല്‍ ഇതിലും മികച്ച, ശക്തികൂടിയ ഒരു ഓപ്ഷനുമുണ്ട്. ഫെയ്‌സ്ബുക് ആപ് ഡിലീറ്റു ചെയ്‌തേക്കുക! സ്വകാര്യതയാണ് പ്രധാനം എന്നുള്ളവര്‍ ഫെയ്‌സ്ബുക് ആപ് ഡിലീറ്റു ചെയ്ത ശേഷം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫയര്‍ഫോക്‌സ് പോലെയൊരു ബ്രൗസര്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത ശേഷം 'ഫെയ്‌സ്ബുക് കണ്ടെയ്‌നര്‍' എന്ന ആഡ്-ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലോഗ്-ഇന്‍ ചെയ്യുക. ഫെയ്‌സ്ബുക്കിന് നിങ്ങളുടെ ബ്രൗസിങ് അടക്കമുള്ള കാര്യങ്ങള്‍ നോക്കാനുള്ള ശക്തി ഇല്ലാതാകും. ആവശ്യമുള്ളപ്പോള്‍ മാത്രം ലോഗ്-ഇന്‍ ചെയ്താല്‍ നോട്ടിഫിക്കേഷന്‍സിന്റെ ശല്യവുംതീരും. ഇതിലൂടെ സമയവും ലാഭിക്കാമെന്ന അധിക നേട്ടവും ഉണ്ട്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ