TECHNOLOGY

വിവര ചോര്‍ച്ചയുടെ പേരില്‍ പഴികേട്ട ഫെയ്‌സ്ബുക്ക് ഒടുവില്‍ പുതുവഴി കണ്ടെത്തുന്നു; നിങ്ങളുടെ ആപ്പ് ഉപയോഗ വിവരങ്ങള്‍ കൈമാറിയാല്‍ ഇനി കാശ് കിട്ടും

13 Jun 2019

ന്യൂഏജ് ന്യൂസ്, വിവര ചോര്ച്ചയുടെ പേരില് ഏറെ പഴികേട്ട ഫെയ്സ്ബുക്ക് ഒടുവില് പുതിയൊരു വഴി കണ്ടെത്തുന്നു. സ്മാര്ട്ഫോണ് ഉപയോക്താക്കള് അവരുടെ ആപ്ലിക്കേഷന് ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള് കൈമാറാന് തയ്യാറായാല് ഫെയ്സ്ബുക്ക് അവര്ക്ക് പ്രതിഫലം നല്കും. ഇതിനായി സ്റ്റഡി എന്ന പേരില് ഫെയ്സ്ബുക്ക് പുതിയ ആപ്പ് പുറത്തിറക്കി.

സ്റ്റഡി ആപ്പിന് സമാനമായ രണ്ട് ആപ്ലിക്കേഷനുകള് ഫെയ്സ്ബുക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. എന്നാല് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നു എന്ന വിമര്ശനം ഉയര്ന്നതിനെ തുടര്ന്ന് അവ പിന്വലിക്കുകയായിരുന്നു.

എന്നാല് പഴയ ആപ്ലിക്കേഷനുകളില് നിന്നും വ്യത്യസ്തമാണ് പുതിയ ആപ്പ് എന്ന് ഫെയ്സ്ബുക്ക് പറഞ്ഞു. ഗൂഗിള് പ്ലേ സ്റ്റോറില് മാത്രമാണ് ഇത് ലഭിക്കുക. ഭാവിയില് ഐഓഎസ് ഉപകരണങ്ങളിലേക്കും സ്റ്റഡി ആപ്പ് എത്തിക്കുമെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു.

 ആളുകള് ഏതെല്ലാം ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്, എത്രനേരം ഉപയോഗിക്കുന്നു, ആപ്പിന്റെ ഏത് ഫീച്ചറാണ് ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ വിവരങ്ങള് സ്റ്റഡി ആപ്പ് ശേഖരിക്കും. എതിരാളികളായ ആപ്ലിക്കേഷനുകള് ഉപയോക്താക്കള് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് പഠിക്കാന് ഇതുവഴി ഫെയ്സ്ബുക്കിനാവും.

പാസ്​വേഡുകളും അക്കൗണ്ട് ഐഡികളും ശേഖരിക്കില്ലെന്ന് ഫെയ്സ്ബുക്ക് പറയുന്നു. വിവരങ്ങള് ശേഖരിക്കുന്ന കാര്യം സമയാസമയം ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും.

ആപ്പിളിന്റെ നിബന്ധനകള് ലംഘിക്കുന്നു എന്ന കാരണത്താലാണ് ഫെയ്സ്ബുക്കിന്റെ റിസര്ച്ച് എന്ന പേരിലുള്ള ആപ്ലിക്കേഷന് പിന്വാങ്ങേണ്ടി വന്നത്. ഒനാവോ പ്രൊട്ടക്റ്റ് എന്ന വിപിഎന് സേവനമാണ് മറ്റൊന്ന്. ഉപയോക്താക്കളുടെ വിവരങ്ങള് ശേഖരിച്ച് ഫെയ്സ്ബുക്കിന് അയച്ചുകൊടുക്കുന്നതിന്റെ പേരിലാണ് ഈ ആപ്ലിക്കേഷന് നിര്ത്തലാക്കേണ്ടി വന്നത്.

സ്റ്റഡി ആപ്പ് ശേഖരിക്കുന്ന വിവരങ്ങള് പരസ്യങ്ങള്ക്ക് വേണ്ടി ഉപയോഗിക്കില്ലെന്നും തേഡ് പാര്ട്ടി ആപ്പുകളുമായി പങ്കുവെക്കില്ലെന്നും ഫെയ്സ്ബുക്ക് പറയുന്നു. എന്നാല് സ്റ്റഡി ആപ്പിന്റെ പ്രവര്ത്തനങ്ങളിലും വിദഗ്ദര് ആശങ്ക ഉന്നയിക്കുന്നുണ്ട്.

നിലവില് അമേരിക്കയിലും ഇന്ത്യയിലുമാണ് സ്റ്റഡി ആപ്പ് ലഭിക്കുക. ശേഖരിക്കുന്ന വിവരങ്ങള്ക്ക് എത്ര തുകയാണ് പ്രതിഫലമായി നല്കുന്നതെന്നോ അതിനുള്ള മാനദണ്ഡം എന്താണെന്നോ ഫെയ്സ്ബുക്ക് വ്യക്തമാക്കിയില്ല.



Related News


Special Story