TECHNOLOGY

ദേശീയ പാതകളിലെ ടോള്‍ പിരിവ് പൂര്‍ണമായും ഇലക്ടോണിക് രീതിയിലേക്ക് മാറ്റുന്നു; ഫാസ്ടാഗ് സംവിധാനം എല്ലാ വാഹനങ്ങളിലും സജ്ജീകരിക്കാൻ കേന്ദ്ര നിർദേശം, വാഹനങ്ങളില്‍ ഫാസ്ടാഗ് സംവിധാനമില്ലെങ്കില്‍ ടോള്‍ സംഖ്യ ഇരട്ടിയാകും

20 Jul 2019

ന്യൂഏജ് ന്യൂസ്, ദില്ലി: ദേശീയ പാതകളിലെ ടോള്‍ പിരിവ് പൂര്‍ണമായും ഇലക്ടോണിക് രീതിയിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ രാജ്യത്താകമാനം ഇതു നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം നാഷനല്‍ ഹൈവേ അതോറിറ്റിക്ക് സര്‍ക്കുലര്‍ അയച്ചു.

ഇതോടെ ഇലക്ട്രോണിക് രീതിയില്‍ ടോള്‍ അടയ്ക്കുന്നതിന് ആവശ്യമായ ഫാസ്ടാഗ് സംവിധാനം എല്ലാ വാഹനങ്ങളിലും സജ്ജീകരിക്കല്‍ നിര്‍ബന്ധമായി. ഫാസ്ടാഗ് സംവിധാനമില്ലാത്തവര്‍ ഡിസംബര്‍ ഒന്നിനു ശേഷം ഇരട്ടി ടോള്‍ നല്‍കേണ്ടിവരുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ടോളുകളില്‍ പണം നല്‍കുന്നത് ഒഴിവാക്കി ഡിജിറ്റല്‍ ഇടപാട് പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

നിലവില്‍ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തി ടോള്‍ പണമായി നല്‍കി റസീപ്റ്റ് വാങ്ങിപ്പോവുന്ന രീതിയാണ് മിക്കവാറും ഹൈവേകളിലുള്ളത്. വളരെ കുറഞ്ഞ സ്ഥലങ്ങളില്‍ മാത്രമേ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാന നിലവില്‍ വന്നിട്ടുള്ളൂ. ഇങ്ങനെ പണമടക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്. ഫാസ്ടാഗ് സംവിധാനം നടപ്പിലാവുന്നതോടെ ടോള്‍ അടയ്ക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടിവരുന്നില്ല. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മുന്നിലെ ചില്ലില്‍ പതിപ്പിച്ച ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്ടാഗ് സ്‌കാന്‍ ചെയ്ത് പ്രീപെയ്ഡ് അക്കൗണ്ടില്‍നിന്ന് പണം ഈടാക്കും.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസ് (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നത്. ടോള്‍പ്ലാസയിലൂടെ വാഹനം കടന്നുപോകുമ്പോള്‍ മുന്നിലെ ചില്ലില്‍ പതിപ്പിച്ച ഫാസ് ടാഗ് സ്‌കാന്‍ ചെയ്താണ് ടോള്‍ ഈടാക്കുക. ഫാസ്ടാഗുമായി ബന്ധിപ്പിച്ച പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുന്നത്. പണം തീരുന്നതിനനുസരിച്ച് റീചാര്‍ജ് ചെയ്യണം.

1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്വവും വാഹന ഡീലര്‍മാര്‍ക്കാണ്. രജിസ്ട്രേഷന് മുന്‍പ് ഇത് ഘടിപ്പിച്ചിരിക്കണം. പഴയ വാഹനങ്ങള്‍ക്ക് ബാങ്കുകള്‍ വഴിയും ടോള്‍ പ്ലാസകളില്‍ നിന്നും ഫാസ്ടാഗ് വാങ്ങി ഘടിപ്പിക്കാം. നിലവില്‍ ദേശീയ പാതകളിലെ 370 ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളുടെയോ ദേശീയപാത അതോറിറ്റിയുടെയോ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും വാങ്ങാം.

സമ്പൂര്‍ണ ഇലക്ട്രോണിക് ടോള്‍ പിരിവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ടോള്‍ പ്ലാസകളിലെ എല്ലാ ലൈനുകളിലും ഫാസ്ടാഗ് റീഡിംഗ് സംവിധാനം ഘടിപ്പിക്കും. എന്നാല്‍ ഒരു ലൈനില്‍ നിന്ന് ഫാസ്ടാഗിനൊപ്പം പണമായി ടോള്‍ സ്വീകരിക്കുന്നത് തുടരും. ഘട്ടം ഘട്ടമായി ഇതും പൂര്‍ണമായും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റും. ഇതുമായി ബന്ധപ്പെട്ട് ടോള്‍ പ്ലാസകളില്‍ നടപ്പിലാക്കേണ്ട എല്ലാ നടപടിക്രമങ്ങളും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റിക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്