ECONOMY

മുംബൈ അടക്കം 7 വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന്; എതിര്‍പ്പുമായി ധന മന്ത്രാലയവും നീതി ആയോഗും

Newage News

18 Jan 2021

ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ അടക്കം രാജ്യത്തെ ഏഴ് പ്രമുഖ വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന്റെ കയ്യില്‍ എത്തുന്നതിനെതിരെ ധന മന്ത്രാലയവും നീതി ആയോഗും രേഖാമൂലം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നുവെന്നും എന്നാല്‍ അതിനെയൊക്കെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് തന്നെ കൊടുക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന് ലഭിച്ച രേഖകളിലാണ് ഈ വെളിപ്പെടുത്തല്‍.

നേരത്തെ കയ്യടക്കിയ ആറ് വിമാനത്താവളങ്ങള്‍ കൂടാതെ മുംബൈക്ക് വേണ്ടി അദാനി ഗ്രൂപ്പ് കഴിഞ്ഞ ഓഗസ്റ്റില്‍ താല്പര്യപത്രം ഒപ്പിട്ടിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ദിവസം, ജനുവരി 12 ന് മാത്രമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അതിന് അന്തിമ അനുമതി നല്‍കിയത്. മുന്ദ്രയില്‍ ഒരു സ്വകാര്യ എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്നും തുടങ്ങി രാജ്യത്തെ ഏഴ് പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കമ്പനിയായി അദാനി ഗ്രൂപ്പ് മാറി. അതും ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും എതിര്‍പ്പുകളെ മറികടന്ന്.

കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഡവലപ്പറാണ് അദാനി ഗ്രൂപ്പ് ഇന്ന്. അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നിവ കൂടാതെ ഇപ്പോള്‍ മുംബൈയും. ഇവയെല്ലാം ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.90 കോടി രാജ്യാന്തര യാത്രക്കാരെ കൈകാര്യം ചെയ്തു. ഇത് രാജ്യത്തെ മൊത്തം വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്ന 34.10 കോടി യാത്രക്കാരുടെ നാലിലൊന്ന് വരും.

ഇതിനു പുറമെ, സര്‍ക്കാറിന്റെ പ്രാദേശിക കണക്റ്റിവിറ്റി സ്‌കീമിന് കീഴില്‍ 2018 ല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിച്ച മുന്ദ്ര വിമാനത്താവളം ഒരു സമ്പൂര്‍ണ്ണ അന്താരാഷ്ട്ര വാണിജ്യ വിമാനത്താവളമാക്കി മാറ്റുന്നതിനും അനുമതി നല്‍കിക്കഴിഞ്ഞു. നവി മുംബൈയില്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിലും അദാനിക്ക് കാര്യമായ ഓഹരിയുണ്ട്.

എന്‍ ഡി എ സര്‍ക്കാരിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ പദ്ധതിയായ അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം സംബന്ധിച്ച ലേലം വിളിക്ക് മുമ്പ് കേന്ദ്രത്തിന്റെ പൊതു-സ്വകാര്യ പങ്കാളിത്തം വിലയിരുത്തല്‍ സമിതി വ്യോമയാന മന്ത്രാലയത്തിന്റെ സ്വകാര്യവല്‍ക്കരണ നിര്‍ദ്ദേശത്തെക്കുറിച്ച് 2018 ഡിസംബര്‍ 11ന് ചര്‍ച്ച ചെയ്തിരുന്നു.

ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളുടെ കാര്യത്തില്‍ മുമ്പ് സംഭവിച്ച കാര്യങ്ങളും സാമ്പത്തിക കാര്യ വകുപ്പ് ഉദ്ധരിച്ചു, ജി എം ആര്‍  കമ്പനി യോഗ്യതയുള്ള ഏക ബിഡ്ഡറായിരുന്നിട്ടും രണ്ട് വിമാനത്താവളങ്ങളും അവര്‍ക്ക് നല്‍കിയില്ല. ഡല്‍ഹി നഗരത്തിലെ വൈദ്യുതി വിതരണത്തിന്റെ സ്വകാര്യവല്‍ക്കരണത്തെയും ഇത് പരാമര്‍ശിക്കുന്നു. ദില്ലിയിലെ വൈദ്യുതി വിതരണ സ്വകാര്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍, നഗരത്തെ മൂന്ന് സോണുകളായി വിഭജിച്ച് രണ്ട് കമ്പനികള്‍ക്ക് നല്‍ക്കുകയായിരുന്നു.

എന്നാല്‍ ഈ യോഗത്തില്‍ ഉന്നയിക്കപ്പെട്ട ഇത്തരം വാദങ്ങളെപ്പറ്റി യാതൊരു ചര്‍ച്ചയും ഉണ്ടായില്ല. ഇതേ ദിവസം തന്നെ നീതി ആയോഗും ചില ആശങ്കകള്‍ പങ്ക് വച്ചിരുന്നു. 'മതിയായ സാങ്കേതിക ശേഷിയില്ലാത്ത ഒരുബിഡ്ഡര്‍ക്ക് പദ്ധതിയെ അപകടത്തിലാക്കാനും സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ സേവനങ്ങളുടെ ഗുണനിലവാരത്തില്‍ കുറവ് വരുത്താനും കഴിയും.' എന്നാല്‍, ഈ നിര്‍ദ്ദേശത്തെ എതിര്‍ത്ത് സമര്‍പ്പിക്കപ്പെട്ട വാദം വിചിത്രമായിരുന്നു. 'വിമാനത്താവളം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മുന്‍പരിചയം ഉണ്ടാകണമെന്ന് ബിഡ്ഡിംഗ് നടത്താന്‍ മുന്‍വ്യവസ്ഥ വയ്ക്കുകയോ ബിഡ്ഡിന് ശേഷമുള്ള ആവശ്യകതയാക്കുകയോ ചെയ്യരുത്. അങ്ങനെ വന്നാല്‍ അത് ഇതിനകം പ്രവര്‍ത്തനക്ഷമമായ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ക്കായുള്ള മത്സരം വിപുലമാക്കും.'

ഒരു വര്‍ഷത്തിന് ശേഷം ആറ് വിമാനത്താവളങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ബിഡ്ഡുകള്‍ അദാനി ഗ്രൂപ്പ് നേടി. അദാനി ഗ്രൂപ്പ് 2020 ഫെബ്രുവരിയില്‍ അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ വിമാനത്താവളങ്ങള്‍ക്കായി ഇളവ് കരാറുകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാല്‍ ഒരു മാസത്തിനു ശേഷം കോവിഡ് സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അദാനി ഗ്രൂപ്പ് 2021 ഫെബ്രുവരി വരെ സമയം നീട്ടി വാങ്ങുകയും ചെയ്തു. 2020 നവംബറില്‍ തന്നെ വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നവംബറില്‍ തന്നെ അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് ഏല്പിക്കപ്പെട്ടു. ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്കായി സെപ്റ്റംബറില്‍ ഇളവ് കരാറുകളില്‍ ഒപ്പു വച്ചിരുന്നു.

എന്നാല്‍, മൂന്ന് വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ 2021 ഫെബ്രുവരി വരെ സമയം നീട്ടി വാങ്ങി ആറു മാസത്തിനു ശേഷം, രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈയിലും നവി മുംബൈയിലെ വരാനിരിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിലും ഹൈദരാബാദ് ആസ്ഥാനമായുള്ള ജി വി കെ ഗ്രൂപ്പില്‍ നിന്ന് അദാനി ഗ്രൂപ്പ് ഒരു നിയന്ത്രണ താല്‍പ്പര്യ കരാര്‍ നേടി.

ആറ് വിമാനത്താവളങ്ങളുടെ ലേല നടപടികള്‍ നടന്നപ്പോള്‍ വിമാനത്താവള നടത്തിപ്പ് മേഖലയില്‍ ഏറെ പരിചയമുള്ള ജി എം ആര്‍ ഗ്രൂപ്പ്, സൂറിച്ച് എയര്‍പോര്‍ട്ട്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഉള്‍പ്പെടെയുള്ള എതിരാളികളെയും അടിസ്ഥാന സൗകര്യ മേഖലയിലെ വമ്പന്മാരെയും വലിയ മാര്‍ജിനില്‍ കടത്തിവെട്ടി അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം നേടി.

ദില്ലി, മുംബൈ വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ മലക്കം മറിച്ചിലാണിത്. ഇളവ് കാലാവധി 30 വര്‍ഷമായിരുന്നു, കൂടാതെ 26% ഓഹരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശം ആയിരിക്കും എന്നായിരുന്നു നിബന്ധന. 2019 നവംബറില്‍ അദാനി ഗ്രൂപ്പിന് വിമാനത്താവളങ്ങള്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ട സമയത്ത് തന്നെയായിരുന്നു മുംബൈ വിമാനത്താവളത്തിലെ ചെറിയ ഓഹരി രണ്ട് ദക്ഷിണാഫ്രിക്കന്‍ കമ്പനികളായ ബിഡ് വെസ്റ്റ്, എയര്‍പോര്‍ട്ട് കമ്പനി ഓഫ് സൗത്ത് ആഫ്രിക്ക എന്നിവയില്‍ നിന്ന് ഏറ്റെടുക്കുന്നതിന് കോംപറ്റീഷന്‍ കമ്മീഷന്‍ അദാനി ഗ്രൂപ്പിന് അനുമതി നല്‍കുന്നതും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ