Newage News
16 Jan 2021
മോഡൽ നിരയിലാകെ ഒരു പുതുമ അത്യാവിശ്യമായ വാഹന നിർമാണ കമ്പനിയാണ് ഫോർഡ്. നിലവിൽ കാലഹരപ്പെട്ട കാറുകളുമായി വിൽപ്പനയിൽ ഇഴഞ്ഞാണ് ഈ അമേരിക്കൻ ബ്രാൻഡ് നീങ്ങുന്നത്. 2020 ഡിസംബറിൽ 1,662 യൂണിറ്റ് വിൽപ്പനയുമായി പതിനൊന്നാം സ്ഥാനത്താണ് ഫോർഡ് ഇന്ത്യ. 2019 ഡിസംബറിൽ ഇത് 3,021 യൂണിറ്റായിരുന്നു. അതായത് വാർഷിക കണക്കുകളിൽ കമ്പനിയുടെ നഷ്ടം 45 ശതമാനത്തോളമാണെന്ന് ചുരുക്കം. നിലവിൽ ഇന്ത്യയിൽ വെറും 0.6 ശതമാനം വിപണി വിഹിതം മാത്രമാണ് ഫോർഡിനുള്ളത്. വാർഷികാടിസ്ഥാനത്തിൽ ഇത് 0.7 ശതമാനം കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്. സബ്-4 മീറ്റർ കോംപാക്ട് എസ്യുവി ശ്രേണിയിൽ എത്തുന്ന ഇക്കോസ്പോർട്ടാണ് കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ. കഴിഞ്ഞ മാസം ഇക്കോസ്പോർട്ടിന്റെ 934 യൂണിറ്റുകളാണ് ഫോർഡ് നിരത്തിലെത്തിച്ചത്. 2019-ൽ ഇതേ കാലയളവിൽ എസ്യുവിയുടെ വിൽപ്പന 1,727 യൂണിറ്റായിരുന്നു. അതായത് ഇത്തവണ 46 ശതമാനം ഇടിവാണ് മോഡലിന് ഉണ്ടായിട്ടുള്ളത്. അടുത്തിടെ ചെറിയ പരിഷ്ക്കരണങ്ങളോടെ വിപണിയിൽ എത്തിയത് വരും ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാകുമെന്നാണ് ഫോർഡിന്റെ പ്രതീക്ഷ. ഫോർഡിന്റെ ആഭ്യന്തര ശ്രേണിയിലെ ഒരു മോഡലും കഴിഞ്ഞ കലണ്ടർ വർഷത്തിന്റെ അവസാന മാസത്തിൽ നാല് അക്കം മറികടന്നിട്ടില്ല എന്ന കാര്യവും കൗതുകമുണർത്തിയേക്കാം. ആഭ്യന്തര വിപണിയിൽ 447 യൂണിറ്റുകൾ നിരത്തിലെത്തിച്ച് എൻഡവർ രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 261 യൂണിറ്റായിരുന്നു. ഫുൾ-സൈസ് എസ്യുവിയുടെ വിൽപ്പനയിൽ 71 ശതമാനം വർധനവ് നേടാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വാർഷിക വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തിയ ഏക ഫോർഡ് മോഡലായിരുന്നു ഇത്.