FINANCE

ആഗോള ബാങ്കുകൾ ഉൾപ്പെടെ കള്ളപ്പണം വെളുപ്പിച്ചതായി യുഎസ് ഏജൻസി; ഫിൻസെൻ ഫയൽസിലുള്ളത് 2 ട്രില്യൻ യുഎസ് ഡോളറിന്റെ ഇടപാടുകൾ

Newage News

22 Sep 2020

വാഷിങ്ടൻ: രണ്ടു ദശകത്തോളമായി ആഗോള ബാങ്കുകൾ ഉൾപ്പെടെ നിയമവിരുദ്ധമായ ഫണ്ടുകള്‍ വെളുപ്പിച്ചതായി യുഎസ് ഏജൻസി. കള്ളപ്പണം തടയുന്നതിനുള്ള യുഎസ് റെഗുലേറ്ററി ഏജൻസിയായ ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്സ്മെന്റ് നെറ്റ്‌വർക്ക് (FinCEN) ആണു വിവരങ്ങൾ പുറത്തുവിട്ടത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള സംശയങ്ങൾ ഉയർന്നിട്ടും അവ വകവയ്ക്കാതെയായിരുന്നു ഇടപാടുകൾ. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും യുഎസ് ട്രഷറിയുടെ ഭാഗമായ ഫിൻസെന്നിനു സമർപ്പിച്ച സസ്പീഷ്യസ് ആക്ടിവിറ്റി റിപ്പോർട്ടാണ് (സാർസ്, SARs) ചോർന്നത്.

രാജ്യാന്തര അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഐസിഐജെ പുറത്തുവിട്ട വിവരങ്ങൾ ‘ഫിൻസെൻ ഫയൽസ്’ എന്നാണ് അറിയപ്പെടുന്നത്. 1999 മുതൽ 2017 വരെയുള്ള 2 ട്രില്യൻ യുഎസ് ഡോളറിന്റെ ഇടപാടുകളാണു ഫിൻസെൻ ഫയൽസിലുള്ളത്. ഈ ഇടപാടുകൾ സംശയകരമാണെന്ന് ഈ സ്ഥാപനങ്ങളുടെ ആഭ്യന്തര വിഭാഗങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്നും സാർസിൽനിന്ന് അതു വ്യക്തമാകുന്നുണ്ടെന്നുമാണ് ഐസിഐജെയുടെ റിപ്പോർട്ട്. ഫിൻസെന്നിലുള്ള ഫയലുകളുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ ചോർന്നിട്ടുള്ളൂവെന്നാണ് ഐസിഐജെ വ്യക്തമാക്കുന്നത്.

എച്ച്എസ്ബിസി ഹോൾഡിങ്സ്, ജെപി മോർഗൻ ചേസ് ആൻഡ് കോ, ഡോച്ചെ ബാങ്ക് എജി, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലൻ കോപ് തുടങ്ങിയവയുടെ പേരാണു ഫിൻസെൻ ഫയലുകളിൽ കൂടുതലും കാണപ്പെടുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ആഗോള തലത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതും മറ്റു കുറ്റകൃത്യങ്ങളും അവസാനിപ്പിക്കുന്നതിനു സാർസ് ആണു സഹായകമാകുന്നത്.

പോൺസി സ്കീമുമായി എച്ച്എസ്ബിസി

റിസ്ക് കുറവും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്നതിനെയാണ് പോൺസി സ്കീം എന്നു വിളിക്കുന്നത്. പുതിയ നിക്ഷേപകരുടെ പണം സ്വീകരിച്ച് പഴയ നിക്ഷേപകർക്കു കൊടുക്കുന്ന പിരമിഡ് സ്കീമിനു സമാനമാണ് ഇതും. തട്ടിപ്പാണെന്നു വ്യക്തമായിട്ടും ദശലക്ഷക്കണക്കിനു ഡോളറുകൾ ബ്രിട്ടനിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസി വഴി ഇടപാടു നടത്തിയിട്ടുണ്ടെന്നുള്ള വിവരവും പുറത്തുവന്നു. ഹോങ്കോങ്ങിലെ എച്ച്എസ്ബിസി അക്കൗണ്ടുകൾ വഴിയാണു യുഎസ് ബിസിനസിലേക്കു പണമിടപാടുകൾ നടത്തിയിട്ടുള്ളത്. 2013ലും 2014ലും ഇതു നടത്തിയിട്ടുണ്ടെന്നും ഫിൻസെൻ റിപ്പോർട്ടിൽ പറയുന്നു.

ദാവൂദിന്റെ കള്ളപ്പണവും വെളുപ്പിച്ചു?

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന സാമ്പത്തിക ദാതാവായ അൽതാഫ് ഖനാനി കള്ളപ്പണം വെളുപ്പിക്കാനായി നടത്തിയ ഇടപാടുകളുടെ ശൃംഖലയും ഫിൻസെൻ കണ്ടെത്തി. ലഷ്കറെ തയിബ, ദാവൂദ് ഇബ്രാഹിം, അൽ ഖായിദ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ളയാളാണു ഖനാനി. ന്യൂയോർക്കിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സമർപ്പിച്ച എസ്എആറിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഖനാനിയുടെ കള്ളപ്പണം വെളുപ്പിക്കൽ സംഘടനയുടെയും അൽ സറൂണി എക്സ്ചേഞ്ചിന്റെയും ഇടപാടുകൾ വ്യക്തമാക്കുന്നതാണ് ഇവയെന്നും റിപ്പോർട്ടിൽ പറയുന്നു.

ആകെ 2657 രേഖകളാണു ഫിൻസെൻ ഫയലുകൾ എന്നപേരിൽ ചോർന്നിട്ടുള്ളത്. ഇതിൽ 2100 എണ്ണവും സാർസ് ആണ്. സാർസ് എന്നതിനെ ബാങ്കുകളുടെ തെറ്റുകൾ എന്നു ചൂണ്ടിക്കാട്ടാനാകില്ലെന്നും വാദമുണ്ട്. സംശയകമായ കാര്യങ്ങൾ പതിവായി ബാങ്കുകൾ അധികൃതരെ അറിയിക്കുന്ന റിപ്പോർട്ടാണിത്. ലോകത്തെ വൻകിട ബാങ്കുകളിലൂടെ എങ്ങനെയാണ് പണം വെളുപ്പിച്ചെടുത്തതെന്നും കമ്പനികളുടെ മറവിൽ ക്രിമിനലുകൾ എങ്ങനെയാണ് ഇവ നടപ്പാക്കിയതെന്നും ഫിൻസെൻ ഫയൽ ചോർച്ചയിലൂടെ വെളിപ്പെട്ടതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story