Newage News
04 Mar 2021
സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില.
ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി.
ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന്റെ വില 1,711 ഡോളറായാണ് കുറഞ്ഞത്. യുഎസ് ട്രഷറി നിക്ഷേപത്തിൽനിന്നുള്ള ആദായം കൂടിനിൽക്കുന്നതാണ് സ്വർണത്തെ ബാധിച്ചത്. ഒന്നര ശതമാനത്തിനടുത്താണ് നിക്ഷേപത്തിലെ നിലവിലെ ആദായം. അതുകൊണ്ടുതന്നെ വരുമാനമൊന്നും ലഭിക്കാത്ത സ്വർണത്തിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങി.
ആഗോള വ്യാപകമായി സമ്പദ്ഘടനകൾ തിരിച്ചുവരുന്നതും കോവിഡ് വാക്സിൻ ഫലപദമായി ഉപയോഗിക്കാൻ തുടങ്ങിയതും സ്വർണവിലയെ ബാധിച്ചു.
ദേശീയ വിപണിയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയും പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. 44,768 രൂപയാണ് വില. ഏറ്റവും ഉയർന്ന നിലവാരമായ 56,200 രൂപയിൽനിന്ന് 11,500 രൂപയാണ് കുറഞ്ഞത്. ഈവർഷം തുടക്കംമുതലാണെങ്കിൽ 5000 രൂപയിലധികമാണ് കുറഞ്ഞത്.