Newage News
04 Mar 2021
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഗ്രാമിന് 35 രൂപ കൂടി 4,245 രൂപയും പവന് 280 രൂപ കൂടി 33,960 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4210 രൂപയും പവന് 33,680 രൂപയുമായിരുന്നു ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡിലും, ഓഹരിവിപണിയിലുമുണ്ടായ തിരുത്തൽ സ്വർണത്തിന് ഇന്നലെ മുന്നേറ്റം നൽകിയിരുന്നു. അതേ സമയം കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സ്വർണത്തിന്റെ പ്രകടനം 6.18 ശതമാനം കുറഞ്ഞു, ഇത് 114.20 യുഎസ് ഡോളറിന് തുല്യമാണ്.
സ്ഥിരത ഇല്ലാതെ തുടർന്ന യുഎസ് ട്രഷറി വരുമാനം കഴിഞ്ഞ ആഴ്ച ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചതിന് ശേഷം തുടർച്ചയായ നാലാം ദിവസത്തേക്ക് ഇടിഞ്ഞത് സ്വർണ വിലയിൽ പ്രതിഫലിച്ചു. സ്വർണം സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപനം വരെ ഔൺസിന് 1700 ഡോളറിനും 1800 ഡോളറിനുമിടയിൽ വ്യാപാരം തുടർന്നേക്കാം. വിലയിലെ കടുത്ത ചാഞ്ചാട്ടം കാരണം സംസ്ഥാനത്ത് സ്വർണം വാങ്ങാനിരിക്കുന്നവർ തീരുമാനം നീട്ടി വെക്കുകയാണെന്നും ഇത് സ്വർണ വ്യാപാരത്തെ ബാധിച്ചുവെന്നും വ്യാപാരികൾ പറയുന്നു.