LAUNCHPAD

ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ; സ്പേസ് പാർക്ക് പദ്ധതിക്കു സർക്കാരും വിഎസ്എസ്‌സിയുമായി ധാരണാപത്രം

10 Aug 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ ബഹിരാകാശ സാങ്കേതികവിദ്യയിൽ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയ്ക്കു സൗകര്യമൊരുക്കുന്ന സ്പേസ് പാർക്ക് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരും ഐഎസ്ആർഒയുടെ ഉപകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്ററും ധാരണാപത്രം ഒപ്പിട്ടു. പള്ളിപ്പുറം ടെക്നോസിറ്റിയിലെ 20 ഏക്കറിലാണ് ഇന്ത്യയിലെ ആദ്യ സ്പേസ് പാർക്ക് സ്ഥാപിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഐടി സെക്രട്ടറി എം. ശിവശങ്കറും വിഎസ്എസ്‌സി ഡയറക്ടർ എസ്. സോമനാഥുമാണ് കരാർ ഒപ്പിട്ടത്.  

സ്പേസ് പാർക്കിൽ സ്റ്റാർട്ടപ് ഇൻകുബേറ്ററുകൾ, നൈപുണ്യ പരിശീലന സംവിധാനം, സ്പേസ് ടെക്നോളജി ആപ്ലിക്കേഷൻ ഡെവലപ്മെൻറ് ഇക്കോ സിസ്റ്റം, ഉൽപാദന യൂണിറ്റുകൾ എന്നിവയാണ് തുടങ്ങുക. ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസും   ആഗോള വിമാനക്കമ്പനിയായ എയർബസും പദ്ധതിയുമായി സഹകരിക്കും. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ഓർമയ്ക്കായി  ഐഎസ്ആർഒ നിർമിക്കുന്ന സ്പേസ് മ്യൂസിയവും ലൈബ്രറിയും പാർക്കിന്റെ ഭാഗമാകും. 100 കോടി രൂപയാണ് ഐടി വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. 

ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പിനെ സ്പേസ് പാർക്ക് സിഇഒ ആയി നിയമിച്ചു.  ചീഫ് സെക്രട്ടറി ടോംജോസ്, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് എം.സി. ദത്തൻ, ഐടി മിഷൻ ഡയറക്ടർ ഡോ. ചിത്ര, ഐഐഎസ്‌യു ഡയറക്ടർ ഡോ. ഡി. സാം ദയാൽ ദേവ്, എൽപിഎസ്‌സി ഡയറക്ടർ ഡോ. നാരായണൻ, കേരള ഐടി പാർക്ക് സിഇഒ ഋഷികേശ് നായർ എന്നിവർ പങ്കെടുത്തു.



Related News


Special Story