Newage News
02 Mar 2021
ദില്ലി: ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം ഫെബ്രുവരിയിൽ തുടർച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപ മറികടന്നു.
ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനം 1.13 ലക്ഷം കോടി രൂപയാണ്, മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വളർച്ചയാണ് നികുതി വരുമാനത്തിലുണ്ടായത്. എന്നാൽ, ജനുവരിയിൽ രേഖപ്പെടുത്തിയ 1.20 ലക്ഷം കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന നിരക്കിനേക്കാൾ കുറവാണിതെന്നും ഔദ്യോഗിക രേഖ വ്യക്തമാക്കുന്നു.
"കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജിഎസ്ടി വരുമാനം വീണ്ടെടുക്കുന്ന പ്രവണതയ്ക്ക് അനുസൃതമായി, 2021 ഫെബ്രുവരി മാസത്തെ വരുമാനം കഴിഞ്ഞ വർഷത്തെ സമാന കാലയളവിലെ ജിഎസ്ടി വരുമാനത്തേക്കാൾ ഏഴ് ശതമാനം കൂടുതലാണ്, ”ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരിയിലെ ആകെ നികുതി വരവിൽ കേന്ദ്ര ജിഎസ്ടി 21,092 കോടി രൂപയും സംസ്ഥാന ജിഎസ്ടി 27,273 കോടി രൂപയും ഇന്റഗ്രേറ്റഡ് ജിഎസ്ടി 55,253 കോടി രൂപയുമാണ് (ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 24,382 കോടി ഉൾപ്പടെ) നഷ്ടപരിഹാര സെസ്സ് 9,525 കോടി രൂപയും (ചരക്ക് ഇറക്കുമതി രംഗത്ത് നിന്ന് ലഭിച്ച 660 കോടി ഉൾപ്പടെ).