Newage News
26 Nov 2020
ജി എസ് ടി നടപ്പാക്കിയത് മൂലമുണ്ടായ വരുമാനനഷ്ടം നികത്തുന്നതിന് ഓപ്ഷൻ- ഒന്ന് സ്വീകരിക്കാനുള്ള സന്നദ്ധത കേരളം, പശ്ചിമ ബംഗാൾ സംസ്ഥാന ഗവൺമെന്റ്കൾ കേന്ദ്രത്തെ അറിയിച്ചു. ഇതോടെ ഈ ഓപ്ഷൻ സ്വീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 25 ആയി.നിയമസഭകളോട് കൂടിയ 3 കേന്ദ്രഭരണപ്രദേശങ്ങളും (ഡൽഹി,ജമ്മുകാശ്മീർ, പുതുച്ചേരി) ഓപ്ഷൻ- ഒന്ന് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.
ജി എസ് ടി നടപ്പാക്കിയത് മൂലമുണ്ടായ വരുമാന നഷ്ട തുക, കേന്ദ്ര ഗവൺമെന്റ് അനുവദിച്ച പ്രത്യേക വായ്പ ജാലകം വഴി, സംസ്ഥാനങ്ങൾക്ക് ലഭിക്കും. 2020 ഒക്ടോബർ 23 മുതൽ ഈ ഈ ജാലകം പ്രവർത്തന സജ്ജമാണ്. ഇതുവഴി കേന്ദ്ര ഗവൺമെന്റ് നാല് ഗഡുക്കളായി സംസ്ഥാനങ്ങൾക്ക് വേണ്ടി 24,000 കോടി രൂപ കടമെടുത്തു കഴിഞ്ഞു. 2020 ഒക്ടോബർ 23, നവംബർ 2, നവംബർ 9, നവംബർ 23 എന്നീ ദിവസങ്ങളിലായി, ഓപ്ഷൻ-ഒന്ന് തിരഞ്ഞെടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഗവൺമെന്റ് ഈ തുക കൈമാറി. അടുത്തഘട്ടം കടമെടുക്കൽ വഴി സംഭരിക്കുന്ന തുക, ഇനിമുതൽ കേരളത്തിനും പശ്ചിമബംഗാളിനും ലഭിക്കും.
ഓപ്ഷൻ- ഒന്ന് തെരഞ്ഞെടുക്കുന്നത് വഴി ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുണ്ടായ വരുമാന നഷ്ടം പരിഹരിക്കുന്നതിന്, പ്രത്യേക ജാലക സംവിധാനം വഴി വായ്പ എടുക്കുന്നതിനുള്ള അനുമതി ലഭിക്കും. കൂടാതെ, 2020 മെയ് 17ന് ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് അനുവദിച്ച 2 ശതമാനം അധിക വായ്പയിൽ നിന്ന്, സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ 0.50% അവസാന ഗഡുവായി നിരുപാധികം വായ്പ എടുക്കാനുള്ള അനുമതിയും സംസ്ഥാനങ്ങൾക്ക് ലഭിക്കും.1.1 ലക്ഷം കോടി രൂപയുടെ പ്രത്യേക വായ്പ ജാലകത്തിനു പുറമെയാണിത്. കേരളവും പശ്ചിമബംഗാളും ഓപ്ഷൻ- ഒന്ന് സ്വീകരിച്ചതിനെത്തുടർന്ന് കേരളത്തിന് 4522 കോടി രൂപയും, ( കേരളത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ 0.5%), പശ്ചിമ ബംഗാളിന് 6,787 കോടി രൂപയും( പശ്ചിമബംഗാളിലെ ആഭ്യന്തര ഉത്പാദനത്തിന്റെ 0.5%) അധിക വായ്പ എടുക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് അനുമതി നൽകി.