ECONOMY

ഗള്‍ഫില്‍ സംഭവിക്കുന്നത്: ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകാത്ത സങ്കീര്‍ണത

Newage News

05 May 2020


ബിജു ആബേല്‍ ജേക്കബ് 

ള്‍ഫ് മേഖല സാമ്പത്തിക രംഗത്ത് മുന്നേറിയത് മുഖ്യമായും പെട്രോ-ഡോളറിനെ  ആശ്രയിച്ചാണ്. ഇവിടെ  എണ്ണയെ ആശ്രയിക്കാതെ  മുന്നേറിയത് ദുബായ് ആണ്. അവര്‍ക്കു വലിയ തോതില്‍ എണ്ണ ഇതര വരുമാനമുണ്ട്. ടൂറിസം, ട്രേഡ് എന്നീ രംഗങ്ങളിലെല്ലാം ദുബായ് ഏറെ മുന്നേറി. അവര്‍ ട്രേഡിലും, ടൂറിസത്തിലും ഒരു അന്താരാഷ്ട്ര ഹബ്ബായി മാറുകയും ചെയ്തു. ഒരുപാട് സന്ദര്‍ശകരെ ആകര്‍ഷിക്കാനും  ദുബായിക്ക് കഴിഞ്ഞു. ഇതേപോലെ എണ്ണ ഇതര വരുമാനമുള്ള മറ്റൊരു രാജ്യമാണ് ഖത്തര്‍. അവര്‍ക്ക് വലിയ പ്രകൃതി വാതക നിക്ഷേപമുണ്ട്. എണ്ണ വില ഇടിഞ്ഞാലും അവര്‍ക്ക് ഒരു പരിധി വരെ നിലനില്‍ക്കാം. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഗള്‍ഫിന്റെ നട്ടെല്ല് എണ്ണ തന്നെയാണ്. 

എണ്ണ വിലയിലുണ്ടാകുന്ന വളര്‍ച്ചയും താഴ്ചയും ഗള്‍ഫിനെ അനുകൂലമായും പ്രതികൂലമായും സ്വാധീനിക്കുന്നു.എണ്ണക്ക് ബാരലിന് 55 രൂപ മുതല്‍ 60 രൂപ വരെ ഉല്പാദന ചെലവ് ഉണ്ട്. എണ്ണ വില അപ്രതീക്ഷിതമായി താഴേക്ക് പോയിരിക്കുന്നു. അത് ഗള്‍ഫിന്റെ നട്ടെല്ലൊടിക്കുന്ന രീതിയിലുള്ള പ്രതിസന്ധി ആകും സൃഷ്ടിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. 

അതിന്റെ അനുരണനങ്ങള്‍ ഇതിനോടകം കണ്ട് തുടങ്ങിയിരിക്കുന്നു. അനുബന്ധ ബിസിനസുകളെ  ഈ മാറ്റം ദോഷകരമായി ബാധിച്ചു തുടങ്ങി. മറ്റ് ബിസിനസുകളെയും വൈകാതെ ബാധിക്കും. ഗള്‍ഫ് ബിസിനസുകാര്‍, ഇന്ത്യന്‍ വ്യവസായികള്‍ , മലയാളി ബിസിനസുകാര്‍ - ഒക്കെ ആശങ്കയിലാണ്. പലരെയും പ്രതിസന്ധി ബാധിച്ചു തുടങ്ങി. 

മലയാളി വ്യവസായി ജോയ് അറക്കല്‍ എണ്ണ ഉല്പാദന മേഖലയിലെ ഒരു വലിയ നിക്ഷേപകനായിരുന്നു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ഒരേസമയം ഞെട്ടിക്കുകയും, വേദനിപ്പിക്കുകയും ചെയ്തു. നിന്ന നില്പില്‍ അദ്ദേഹത്തിന്റെ സമ്പാദ്യത്തിന്റെ ഒരു വലിയ പങ്ക് ഒലിച്ചു പോയിരിക്കുന്നു.  എണ്ണ വിലയില്‍ ഉണ്ടായ തകര്‍ച്ചയാണ് ജീവനൊടുക്കുന്നതിലേക്ക് വരെ അദ്ദേഹത്തെ നയിച്ചത്. പല കണക്കുകൂട്ടലുകളും ഈ അപ്രതീക്ഷിത തകര്‍ച്ചയില്‍ പിഴച്ചു പോയിരിക്കാം.  

മറ്റൊരു സമീപകാല വാര്‍ത്ത, വലിയ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ബിആര്‍ ഷെട്ടിക്ക് നേരിട്ട തകര്‍ച്ചയാണ്. ഒളിച്ചോടിപ്പോകുന്നത് പോലെ ഒരു ദിവസം അദ്ദേഹം നാട്ടില്‍ അ‘യം തേടി. 

യുഎഇ എക്‌സ്‌ചേഞ്ചിനുണ്ടായ തിരിച്ചടി അമ്പരപ്പിക്കുന്നതാണ്. എന്‍എംസി, യുഎഇ എക്‌സ്‌ചേഞ്ച്, നിയോ ഫാര്‍മ തുടങ്ങി ഒരു പിടി കരുത്തുറ്റ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്. വലിയ സാമ്രാജ്യം എന്ന് തന്നെ വിശേഷിപ്പിക്കാം.  ഈ തകര്‍ച്ച ബിസിനസ് ലോകത്തെ ആകമാനം ഞെട്ടിച്ചു.   

ഞാന്‍ ഗള്‍ഫില്‍ 10 വര്‍ഷം മാധ്യമ പ്രവര്‍ത്തനം നടത്തിയ ഒരാളാണ്. അവിടെ ചില ബിസിനസുകാരുടെ വളര്‍ച്ച കണ്ട്  അത്ഭുതപ്പെട്ടിട്ടുണ്ട്.ചുരുങ്ങിയ കാലം കൊണ്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച. ഞൊടിയിടയില്‍ ബിസിനസ് സാമ്രാജ്യം പടര്‍ന്ന് പന്തലിക്കുന്നു.  ശാഖകള്‍ വര്‍ദ്ധിക്കുന്നു . അതിവേഗം ബിസിനസ് വിപുലമാകുന്നു. അതില്‍ ഇന്ത്യന്‍ സ്ഥാപനങ്ങളും, മലയാളി ബിസിനസുകളും ഉണ്ട്. അവര്‍ക്കെങ്ങനെ മൂലധനം ഉണ്ടാകുന്നു എന്ന കാര്യം പലപ്പോഴും ദുരൂഹമത്രെ. രഹസ്യമായ വഴികള്‍ കാണാം. കള്ളപ്പണം ഉണ്ടാകാം. 

ബാലന്‍സ് ഷീറ്റുകളില്‍ ലാഭം പെരുപ്പിച്ച് കാണിച്ച്  ബാങ്കുകളില്‍ നിന്ന് കോടികള്‍ നേടിയെടുക്കുന്നു. ആസ്തി, ലാഭകണക്കുകളില്‍ വ്യാപക കൃത്രിമങ്ങള്‍ നടക്കുന്നതായി തോന്നിയിട്ടുണ്ട്. 

വാസ്തവത്തില്‍ ബിആര്‍ ഷെട്ടി വിജയകരമായി ബിസിനസ് നടത്തി വന്ന ആളാണ്. പല സ്ഥാപനങ്ങളും വിജയിപ്പിക്കുകയും ചെയ്തു. ജെന്റില്‍മാന്‍ ആണ്. പെട്ടെന്ന് തകര്‍ച്ച ഉണ്ടാകാന്‍ കാരണം വിപുലീകരണത്തിന് വഴിവിട്ട് ചെലവഴിച്ചതാകാം. വിപണിയില്‍ അവരുടെ ഓഹരിക്ക്  തകര്‍ച്ച നേരിട്ടു. ടോപ് മാനേജ്—മെന്റില്‍ ഗുരുതര തര്‍ക്കങ്ങളുണ്ടായിരുന്നു. പല പ്രശ്‌നങ്ങളും ഉണ്ടായതായി അറിയുന്നു. സിഇഒ സുധീര്‍കുമാര്‍ ഷെട്ടി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രാജിവച്ച് പോയി. അദ്ദേഹം നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. മാനേജ്‌മെന്റിലെ പ്രശ്‌നങ്ങള്‍ ആണ് ഇപ്പോഴത്തെ ഗുരുതര സാഹചര്യം സൃഷ്ടിച്ചത്.  

അറ്റ്‌ലസ് 

നമുക്കെല്ലാവര്‍ക്കും അറിയാം അറ്റ്‌ലസിന്റെ തകര്‍ച്ച. അദ്ദേഹം നല്ല മനുഷ്യനായിരുന്നു. ബിസിനസ് തകരാന്‍ പ്രധാന കാരണം ഫണ്ട്, റിയല്‍ എസ്റ്റേറ്റ്—ബിസിനസ്സിലേക്ക് തിരിച്ചു വിട്ടതാണ്. അവിടെ നിന്നും വേണ്ടത്ര ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിക്ഷേപത്തിലും പണം നഷ്ടമായി. ഒരു സമയത്ത് വലിയ വളര്‍ച്ച നേടിയ ഗ്രൂപ്പാണത്.  

അല്‍മനാമ  

ഈ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല 20 സൂപ്പര്‍ മാര്‍ക്കറ്റുകളും ഏതാനും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഒക്കെ അടങ്ങിയിരുന്ന ഒരു വലിയ സ്ഥാപനമാണ്. കൊല്ലം സ്വദേശിയായ ഷബീര്‍ അബ്ദുല്‍ ഖാദറിന്റെ ഉടമസ്ഥതയില്‍ പെട്ടെന്ന് വളര്‍ന്നു. ഈ അടുത്ത കാലത്താണ് പ്രശ്‌നത്തില്‍ പെട്ടത്. മാനേജ്‌മെന്റിലെ മറ്റുള്ളവരോട് പോലും പറയാതെ ഒരു സുപ്രഭാതത്തില്‍ ഷബീര്‍ യുഎ ഇ വിട്ടു. വലിയ കട ബാധ്യത ഉണ്ടായി,  കോടികളുടെ കടം. അദ്ദേഹം  കാനഡയിലേക്ക് കടന്ന് കളഞ്ഞു എന്നാണ് മനസിലാക്കുന്നത്. 

ദിലീപ് രാഹുലന്‍

എസ്എന്‍സി ലാവ്‌ലിനുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആളാണ് ദിലീപ് രാഹുലന്‍. കുറ്റാരോപിതരുടെ പട്ടികയിലിലുണ്ട്. സിബിഐ അന്വേഷിക്കുന്ന ആളാണ്. എനര്‍ജി സെക്റ്ററുമായി  ബന്ധപ്പെട്ട സ്ഥാപനം നല്ല നിലയില്‍ നടത്തി വരികയായിരുന്നു.  കോടികളുടെ ബാങ്ക് ലോണ്‍ സംഘടിപ്പിച്ച്  സ്വന്തം കെട്ടിടവും ഒക്കെയായി നീങ്ങിയിരുന്നതാണ്. യുഇഎ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ പറ്റുന്ന സ്ഥാപനമായിരുന്നു അദ്ദേഹത്തിന്റേത്. ഒടുവില്‍ കടം കയറി രാഹുല്‍ ഓസ്‌ട്രേലിയയിലേക്ക് കടന്നു.  

അവതാര്‍ 

പ്രമുഖ നടന്‍ ബ്രാന്‍ഡ് അംബാസഡറായിട്ടുള്ള അവതാര്‍ ജൂവലറി. നിരവധി ശാഖകള്‍ ഗള്‍ഫില്‍ തുടങ്ങിയതാണ്. വ്യക്തികളുടെ വലിയ നിക്ഷേപം സമാഹരിച്ചിരുന്നു. പിടിച്ചു നില്‍ക്കാനാകാതെ ഉടമ നാട്ടിലേക്ക് മടങ്ങി. 

ഗള്‍ഫിലെ പല പ്രധാന ബിസിനസ് ഗ്രൂപ്പുകളും വലിയ കടക്കെണിയിലാണ്. ഇവരെല്ലാം സേഫ് എക്‌സിറ്റിന്  ശ്രമിക്കുന്നു.ചിലര്‍  ബാങ്ക് ലോണുകള്‍ സംഘടിപ്പിക്കാന്‍ നോക്കുന്നു. മറ്റു ചിലര്‍ വ്യക്തിഗത വായ്പകള്‍ക്ക്  ശ്രമിക്കുന്നു.  ചെറുകിട ബിസിനസുകാര്‍ പലരും ജയിലിലുണ്ട്. ചെറിയ കടകള്‍, ഗ്രോസറികള്‍ ഒക്കെ നഷ്ടത്തിലായി. പൂട്ടി ഇടേണ്ട അവസ്ഥവന്നു. ചെക്ക് കേസുകളിലും മറ്റും കുടുങ്ങി. വലിയ ബിസിനസുകാരെപ്പോലെ രാജ്യം വിടാന്‍ അവര്‍ക്കായില്ല. 

കൊറോണ സാഹചര്യം വരുന്നത് എണ്ണ പ്രതിസന്ധിക്കിടയിലാണ്. അത് കൂനിന്മേല്‍ കുരുവായി. 

ഗള്‍ഫില്‍ നിന്നും നാം നാളെ കേള്‍ക്കാനിരിക്കുന്ന കഥകള്‍ പലതും തകര്‍ച്ചയുടേത് ആയിരിക്കാം. അത്തരം  കഥകള്‍ തുടര്‍ച്ചയായി കേള്‍ക്കേണ്ടി വന്നേക്കാം. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവരും അതില്‍ ഉണ്ടാകും. അതില്‍ മലയാളികളുടെ പേരും നിര്‍ഭാഗ്യവശാല്‍ ഉണ്ടാകും. ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകാത്ത സങ്കീര്‍ണത ഗള്‍ഫിനെ കാത്തിരിക്കുന്നു.  

(10 വര്‍ഷം ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകളുടെ ഗള്‍ഫ് വാര്‍ത്താ വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിട്ടുള്ള ലേഖകന്‍ മിഡില്‍ ഈസ്റ്റ് വിഷയങ്ങളില്‍ വിദഗ്ധനാണ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ