LAUNCHPAD

സ്വയം പുതുക്കുക; ആശയങ്ങൾക്ക് ലോക്ഡൗണില്ല

Newage News

18 May 2020

ജോസി പോൾ

(ചെയർമാൻ & ചീഫ് ക്രിയേറ്റീവ് ഓഫീസർ,ബിബിഡിഒ ഇന്ത്യ)

കൊവിഡ്-19 തീർത്ത പ്രതിസന്ധികളെ തരണം ചെയ്ത് ഉയിർത്തെഴുന്നേൽപ്പിനായി രാജ്യം ഒരുങ്ങുമ്പോൾ  ബ്രാൻഡിങ് & അഡ്വർടൈസ്മെന്റ് മേഖലയുടെ റോൾ എന്തായിരിക്കുമെന്ന് വിശദമാക്കുകയാണ് ബ്രാൻഡ് ഗുരുവും പരസ്യരംഗത്തെ കുലപതികളായ ബിബിഡിഒ ഇന്ത്യയുടെ ചെയർമാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ജോസി പോൾ. ഇന്ത്യൻ പരസ്യരംഗത്ത് ഏറ്റവും സ്വാധീന ശക്തിയുള്ള 10 പേരിൽ ഒരാളായി ഇക്കണോമിക് ടൈംസ് സർവേ ഈ മലയാളിയെ വിലയിരുത്തുന്നു. ഏരിയൽ, വോഡഫോൺ-ഐഡിയ തുടങ്ങി രാജ്യം ഏറ്റെടുത്ത നിരവധി ക്യാംപെയിനുകളുടെ ശില്പി കൂടിയാണ് ജോസി പോൾ.

പോസിറ്റീവ് ചിന്തകളിൽ നിന്ന് തന്നെ തുടങ്ങാം. പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയുണർത്തുന്ന എത്രയോ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത്. ഈ കൊവിഡ് കാലത്ത് അഡ്വർടൈസിംഗ് മേഖലയെ വിലയിരുത്തിയാൽ ക്രിയേറ്റിവുകളുടെ എണ്ണവും സൃഷ്ടിപരമായ മികവും തീർച്ചയായും വർധിച്ചിട്ടുണ്ടെന്ന് കാണാം. അതും വീടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് തന്നെ. 'ഹോം സ്വീറ്റ് ഹോം' എന്നത്  'ഹോം ക്രിയേറ്റീവ് ഹോം' എന്ന തലത്തിലേക്ക് മാറിയിരിക്കുന്നു. ബ്രാൻഡുകളെ പിന്തുണയ്ക്കാനും കൂടുതൽ മികവുറ്റതാക്കാനും വിവിധ ലൊക്കേഷനലുകളിൽ നിന്ന് നിരവധിപ്രൊഫഷണലുകളുടെ ആശയങ്ങളും ക്രിയേറ്റിവിറ്റിയും ഒരുമിച്ച് ചേർത്തുകൊണ്ട് സൃഷ്ടിപരമായ ടാലന്റ് ഇത്ര മനോഹരമായി വിനിയോഗിച്ച ചരിത്രം ഇതിനു മുൻപുണ്ടായിട്ടില്ല. ഇത്തരമൊരു ജീവിത-ജോലി ക്രവുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിഞ്ഞു എന്നത് തന്നെ നമ്മുടെ മികവാണ് കാണിക്കുന്നത്. 


ആശയങ്ങൾക്ക് ഒരിക്കലും ലോക്ക്ഡൗൺ ബാധകമാവില്ല. ബിബിഡിഒ ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞ രണ്ട് മാസക്കാലം പുതിയ ആശയങ്ങളുടെയും നൂതന സങ്കേതങ്ങളുടെയും പരീക്ഷണങ്ങൾക്കും വിലയിരുത്തലിനുമുള്ള മികച്ച അവസരമായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ കമ്പനികൾക്ക് ദിവസേനയെന്നോണം വിലപ്പെട്ട ബ്രാൻഡ് നിർദ്ദേശങ്ങളും പിന്തുണയും നൽകാൻ കഴിഞ്ഞത് വലിയ സംതൃപ്തി നൽകുന്നു. വിശദമായ ചർച്ചകൾക്കും വിശകലനത്തിനുമൊക്കെ ചില വെല്ലുവിളികളുണ്ടെങ്കിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതെല്ലാം മറികടക്കാൻ നമുക്ക് കഴിയുന്നു. സോഷ്യൽ ഡിസ്റ്റൻസിങ് കാലം യഥാർത്ഥത്തിൽ ടീമംഗങ്ങൾക്കിടയിലുള്ള ആശയവിനിമയവും അടുപ്പവും കൂടുതൽ ദൃഢമാക്കിയിരിക്കുന്നു.

മറ്റൊരു പ്രധാന കാര്യം, തികച്ചും വ്യത്യസ്‍തമായൊരു ബിസിനസ് അന്തരീക്ഷത്തിൽ എല്ലാവരും പുതിയൊരു തുടക്കം കുറിക്കാൻ പോകുന്നു എന്നതാണ്. കൊവിഡനന്തര ബിസിനസ് ലോകക്രമത്തിൽ ഓരോ കമ്പനിയും വീണ്ടുമൊരു സ്റ്റാർട്ടപ് ആയി മാറുകയാണ്; മാറിയ ലോകത്തിന്  അനുയോജ്യമായ മൂല്യങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും നൽകാനുള്ള ഉത്തരവാദിത്വത്തോടെ. അതിനുള്ള ക്രാഷ് കോഴ്സ് പീരിയഡ് കൂടിയാണിത്. എല്ലാ സംരംഭകർക്കും ഒരേ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒരേ സമയം പഠനം പൂർത്തിയാക്കാൻ കഴിയും വിധമുള്ള  ക്രാഷ് കോഴ്സ്. പുതിയ ആശയങ്ങളുടെയും പഠനങ്ങളുടെയും സൃഷ്ടിപരതയുടെയുമൊക്കെ പുഷ്കല കാലമാണിത്. ഈ പഠനകാലം തീർച്ചയായും പുതിയ അവസരങ്ങളും സാധ്യതകളും തുറന്ന് തരിക തന്നെ ചെയ്യും. 

സാമ്പത്തികരംഗം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കമ്യൂണിക്കേഷന്റെ ചിറകിലേറിയാവും ഇക്കോണമിയുടെ കുതിപ്പ് സംഭവിക്കുന്നതെന്ന് ഞാൻ തീർച്ചയായും കരുതുന്നു. ഗവണ്മെന്റ്, വിവിധ വകുപ്പുകൾ, മുൻനിര കമ്പനികൾ, പുതുസംരംഭകർ, ഇൻസ്‌റ്റിട്യൂഷനുകൾ...എല്ലാവരും ഒരേ സ്വരത്തിൽ വ്യക്തമാക്കുകയാണ് ജനങ്ങളുടെ മനോവീര്യം ഉണർത്താനും വിപണിയിൽ ആവേശം നിറയ്ക്കാനും  കമ്യൂണിക്കേഷന് ലീഡ് റോൾ ഉണ്ടെന്ന കാര്യം. ഉപഭോക്താക്കളുടെയും വിപണിയുടെയും എനർജി ലെവൽ ഫലപ്രദമായി ഉയർത്താൻ മികച്ച കമ്യൂണിക്കേഷൻ സ്ട്രാറ്റജിക്ക് സാധിക്കും.

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന ചിന്തയുടെ പ്രസക്തി ഈ നാളുകൾ വീണ്ടും നമ്മെ ഓർമിപ്പിക്കുന്നുണ്ട്. അപ്രതീക്ഷിതമായ മാറ്റങ്ങളെ പോലും അഭിമുഖീകരിക്കാൻ കരുതലുണ്ടാവുക പ്രധാനമാണ്. നമ്മുടെ സൃഷ്ടിപരതയെ  അതിന് പര്യാപ്തമാക്കുക. സ്വയം വിലയിരുത്താനും  റീഇൻവെന്റ്  ചെയ്യാനുമുള്ള സമയമാണിത്. ഒന്നിനെയും തിടുക്കത്തിൽ മോശമെന്ന് വിലയിരുത്തേണ്ടതില്ല. ചുറ്റുമുള്ളവരിൽ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും നിറയ്‌ക്കേണ്ട സമയമാണിത്. സമ്പദ്‌വ്യവസ്ഥയിലെ തിരിച്ചുവരവ് മന്ദഗതിയിൽ ആയിരിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. അതിനെയും നിരാശയോടെ കാണേണ്ടതില്ല. ധൃതി കൂട്ടാതെ ഓരോ ചുവടുവയ്‌പും ശ്രദ്ധയോടെ വിലയിരുത്തി മുൻപോട്ട് പോവാൻ ഈ അവസരം വിനിയോഗിക്കാം. നാളെയുടെ പുലരികൾ തീർച്ചയായും പ്രതീക്ഷയുണർത്തുന്നു.

(ഹൈകു ബിസിനസ് ചാനൽ സ്ട്രീം ചെയ്ത വീഡിയോയുടെ ടെക്സ്റ്റ് ഫോർമാറ്റ്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story