Newage News
18 Jan 2021
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. ഒക്ടോബര്‍ - നവംബര്‍ കാലയളവില്‍ 8,758.3 കോടി രൂപ അറ്റാദായമാണ് എച്ച്ഡിഎഫ്സി ബാങ്ക് മാത്രം കുറിച്ചത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക് പരിശോധിച്ചാല്‍ ഡിസംബറില്‍ 18.1 ശതമാനം കുതിപ്പ് ബാങ്ക് നടത്തി. പലിശയിതര വരുമാനവും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭവും മുന്‍നിര്‍ത്തിയാണ് പോയപാദം എച്ച്ഡിഎഫ്സി ബാങ്ക് വന്‍നേട്ടം കയ്യടക്കിയത്.
ബാങ്കിന്റെ മൊത്തം പലിശ വരുമാനം 15.1 ശതമാനം വര്‍ധനവോടെ 16,317.6 കോടി രൂപയിലെത്തി. നേടിയ പലിശയും ചിലവഴിച്ച പലിശയും തമ്മിലെ വ്യത്യാസം അടിസ്ഥാനപ്പെടുത്തിയാണ് മൊത്തം പലിശ വരുമാനം കണക്കാക്കാറ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4.2 ശതമാനം വളര്‍ച്ചയായിരുന്നു മൊത്തം പലിശ വരുമാനത്തില്‍ ബാങ്ക് കുറിച്ചത്.
പോയപാദം വായ്പകളുടെ കാര്യത്തിലും കാര്യമായ വര്‍ധനവ് കണ്ടെന്ന് എച്ച്ഡിഎഫ്സി ബാങ്ക് വെളിപ്പെടുത്തുന്നു. 10.82 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ത്രൈമാസപാദം ബാങ്ക് അനുവദിച്ചത്; വളര്‍ച്ച 15.6 ശതമാനം. പണം നിക്ഷേപമായി എത്തിയ കാര്യത്തിലും 19.1 ശതമാനം വര്‍ധനവ് ബാങ്ക് കണ്ടു. 12.71 ലക്ഷം കോടി രൂപയാണ് ഡിസംബര്‍ പാദത്തില്‍ ബാങ്കില്‍ നിക്ഷേപമായി എത്തിയത്.
എച്ച്ഡിഎഫ്സി ബാങ്ക് ആസ്തികളുടെ ഗുണനിലവാരം മെച്ചപ്പെട്ടതും ഇവിടെ എടുത്തുപറയണം. മൊത്തം നിഷ്ക്രിയാസ്തികളുടെ ശതമാനം 27 ബേസിസ് പോയിന്റ് കുറഞ്ഞ് 0.81 ശതമാനമായി നിജപ്പെട്ടു. സെപ്തംബര്‍ പാദത്തെ അപേക്ഷിച്ച് ഡിസംബറില്‍ 0.09 ശതമാനം കുറവാണ് നിഷ്ക്രിയാസ്തികളുടെ കാര്യത്തില്‍ സംഭവിച്ചത്. സെപ്തംബറില്‍ ഇത് 0.17 ശതമാനമായിരുന്നു.
പലിശയിതര വരുമാനം 11.6 ശതമാനം വളര്‍ന്ന് 7,443.22 കോടി രൂപയിലാണ് എത്തിനില്‍ക്കുന്നത്. ഇതില്‍ ഫീസും കമ്മീഷനും കൂടി മാത്രം 4,974.9 കോടി രൂപ സംഭാവന ചെയ്യുന്നു; വളര്‍ച്ച 9.9 ശതമാനം. വിദേശ വിനിമയങ്ങളില്‍ നിന്നും മറ്റും 562.2 കോടി രൂപ ബാങ്ക് കുറിച്ചു. നിക്ഷേപങ്ങളുടെ വില്‍പ്പനയിലൂടെയും പുനര്‍മൂല്യനിര്‍ണയത്തിലൂടെയും 1,109 കോടി രൂപ സമ്പാദിക്കാന്‍ ബാങ്കിന് സാധിച്ചു. 15,186 കോടി രൂപയാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം.
ഡിസംബര്‍ പാദത്തില്‍ 33.2 ശതമാനം നേട്ടമാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ കയ്യടക്കിയത്. പോയവര്‍ഷത്തെ കണക്കെടുത്താല്‍ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ 13 ശതമാനം നേട്ടം കയ്യടക്കി. ഇതേസമയം, ബാങ്ക് നിഫ്റ്റി ഡിസംബര്‍ പാദത്തില്‍ 46 ശതമാനം നേട്ടം കുറിച്ചു; എന്നാല്‍ 2020 വര്‍ഷം മുഴുവന്‍ കണക്കിലെടുത്താല്‍ 2.8 ശതമാനം ഇടിവ് ബാങ്ക് നിഫ്റ്റിക്ക് സംഭവിച്ചു.