Newage News
22 Jan 2021
ഇരുചക്രവാഹന ഉൽപാദനത്തിൽ 100 ദശലക്ഷം യൂണിറ്റുകൾ എന്ന സുപ്രധാന നാഴികക്കല്ല് മറികടന്നതായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ബ്രാൻഡിന്റെ ഉത്പാദന കേന്ദ്രത്തിൽ നിന്ന് കമ്പനി തങ്ങളുടെ 100 ദശലക്ഷം യൂണിറ്റ് തികച്ചുകൊണ്ട് എക്സ്ട്രീം 160R പുറത്തിറക്കി. റെക്കോർഡ് സമയത്തിനുള്ളിലാണ് ഹീറോ മോട്ടോകോർപ് ഈ പ്രൊഡക്ഷൻ നാഴികക്കല്ല് പിന്നിട്ടത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ അവസാന 50 ദശലക്ഷം ഉൽപാദന യൂണിറ്റുകൾ ഉത്പാദിപ്പിച്ചതായി കമ്പനി പറയുന്നു. അതോടൊപ്പം 'ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാവ്' എന്ന പദവി ബ്രാൻഡ് 20 -ാം വർഷവും നിലനിർത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇതേ അവതസരത്തിൽ ഹീറോ മോട്ടോകോർപ് ചെയർമാനും സിഇഒയുമായ പവൻ മുഞ്ജൽ ഇന്ത്യൻ വിപണിയിൽ വളരെ പ്രചാരമുള്ള കമ്പനിയുടെ ആറ് മോഡലുകളുടെ സെലിബ്രേഷൻ-എഡിഷനുകൾ പുറത്തിറക്കി. ഇതിൽ സ്പ്ലെൻഡർ പ്ലസ്, ഗ്ലാമർ, പാഷൻ പ്രോ, എക്സ്ട്രീം 160R, മാസ്ട്രോ എഡ്ജ് 110, ഡെസ്റ്റിനി 125 എന്നിവ ഉൾപ്പെടുന്നു. ഈ പ്രത്യേക സെലിബ്രേഷൻ-എഡിഷൻ മോഡലുകൾ 2021 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്ന് കമ്പനി അറിയിച്ചു. ഈ സുപ്രധാന നാഴികക്കല്ല് ഇന്ത്യയിലെ അന്തർലീനമായ കഴിവുകളുടെയും ഹീറോയുടെ ബ്രാൻഡ് അപ്പീലിന്റെയും ഒരു സ്ഥിരീകരണം കൂടിയാണ് എന്ന് ഉൽപാദന നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച ഡോ. മുഞ്ജൽ പറഞ്ഞു. തങ്ങൾ ഇന്ത്യയിൽ, ആഗോള വിപണിയ്ക്കായി മോഡലുകൾ നിർമ്മിക്കുന്നു - ഈ നാഴികക്കല്ല് ഉപഭോക്താക്കളുടെ അംഗീകാരമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. വളർച്ചയുടെ യാത്ര തുടരാൻ തങ്ങൾ പോകുന്നു. 'മൊബിലിറ്റിയുടെ ഭാവി ആകുക' എന്ന കാഴ്ചപ്പാടിന് അനുസൃതമായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ ആഗോള പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം നിരവധി പുതിയ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും കമ്പനി പുറത്തിറക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക പരിപാടിയിൽ, ഡോ. മുഞ്ജൽ ബ്രാൻഡിന്റെ ഭാവി പഞ്ചവത്സര പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ഹീറോ മോട്ടോകോർപ് എല്ലാ വർഷവും 10 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. പുതിയ ഉൽപ്പന്നങ്ങൾ, വേരിയൻറ് കൂട്ടിച്ചേർക്കലുകൾ, മോഡൽ അപ്ഡേറ്റുകൾ, മറ്റ് ഫെയ്സ്ലിഫ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇന്ത്യക്ക് പുറത്ത് വിപണി വ്യാപിപ്പിക്കാനും ബ്രാൻഡ് ആഗ്രഹിക്കുന്നു. രാജ്യത്തിന് പുറത്തുള്ള വിപണികളിൽ കുത്തനെയുള്ള വളർച്ച ലക്ഷ്യങ്ങൾ അവർ നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് വരും വർഷങ്ങളിൽ പ്രവർത്തനങ്ങളിൽ വ്യാപകമാകുമെന്നും കമ്പനി വ്യക്തമാക്കി.