Newage News
27 Feb 2021
ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും വരുമാനമുണ്ടാക്കാൻ മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കാം. ഓഹരി വില ഉയരുമ്പോഴുള്ളനേട്ടത്തിനുപുറമെ വർഷാവർഷം പ്രഖ്യാപിക്കുന്ന ലാഭവിഹിതം അധികവരുമാനംനൽകും.
മികച്ച ലാഭവിഹിതം നൽകുന്ന കമ്പനികൾ താഴെനൽകുന്നു. വിപണിമൂല്യം 400 കോടിയിലേറയുള്ളതും മൂന്നുശതമാനത്തിലേറെ ഡിവിഡന്റ് നൽകുന്നതുമായ കമ്പനികളെയാണ് പരിഗണിച്ചിട്ടുള്ളത്. അഞ്ചുവർഷം തുടർച്ചയായി ലാഭവിഹിതം നൽകുന്നതുമാണ് ഈ കമ്പനികൾ.
എന്താണ് ഡിവിഡന്റ് യീൽഡ് ?
ഓഹരിയുടെ മാർക്കറ്റ് വിലയും കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീൽഡിലൂടെ വ്യക്തമാകുന്നത്.
ഉദാഹരണം നോക്കാം. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് കമ്പനി 50 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ ഓഹരിയൊന്നിന് 5 രൂപ ആയിരിക്കും ഡിവിഡന്റായി ഓഹരി ഉടമയ്ക്ക് ലഭിക്കുക. ഇതേ ഓഹരിക്ക് ഇപ്പോൾ മാർക്കറ്റിൽ 50 രൂപയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിലും ഈ ഓഹരിയുടെ നിലവിലുള്ള ഡിവിഡന്റ് യീൽഡ് 10 ശതമാനമായിരിക്കും. (5/50X100). ഒരു സൂത്രവാക്യത്തിലേക്ക് സംഗ്രഹിച്ചാൽ ഡിവിഡന്റ് യീൽഡ് = Divident / Market Price x 100.
നേട്ടം രണ്ടുതരത്തിൽ
മികച്ച ലാഭവിഹിതം നൽകുന്ന ഓഹരികളിൽ നിക്ഷേപിച്ചാൽ രണ്ടുതരത്തിൽ മെച്ചമുണ്ട്. പലിശയ്ക്ക് സമാനമായ നേട്ടം ലാഭവിഹിതത്തിലൂടെ ലഭിക്കുന്നതോടൊപ്പം മികച്ച നിലവാരത്തിൽ ഓഹരി വിലയെത്തിയാൽ വിറ്റ് ലാഭമെടുക്കുകയുമാകാം.
ലാഭവിഹിതം വീണ്ടും നിക്ഷേപിച്ചാൽ
ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയിൽതന്നെ വീണ്ടും നിക്ഷേപിച്ചും മികച്ച നേട്ടമുണ്ടാക്കാം. ഓഹരി വിപണിയിലെ ശബ്ദകോലാഹലങ്ങളിൽനിന്നുമാറി ദിവസേനയുള്ള വാങ്ങലുകളോ വിൽപ്പനയോ ഒഴിവാക്കി താഴ്ന്ന നിലവാരത്തിൽ മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങി, ലാഭവിഹിതംകൂടി ആ ഓഹരിയിൽതന്നെ നിക്ഷേപിച്ച് ദീർഘകാലം കാത്തിരുന്നാൽ മികച്ച നേട്ടംതന്നെ നിക്ഷേപകന് സ്വന്തമാക്കാം.