TECHNOLOGY

കേരളാ വിപണിയിൽ നേരിടുന്നത് കടുത്ത മത്സരം; ഓൺലൈൻ ഭക്ഷ്യവിപണിയിലേക്ക് ഹോട്ടൽ സംഘടനയും

09 May 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: കേരളം മുഴുവൻ ഭക്ഷ്യവിഭവങ്ങൾ എത്തിക്കാനുള്ള കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ഓൺലൈൻ പദ്ധതി അടുക്കളയിൽ തിളച്ചു തുടങ്ങി. ഈ വർഷം അവസാനത്തോടെ ഓൺലൈൻ സംവിധാനം ആരംഭിക്കാനാണു നീക്കം. വെബ്സൈറ്റും മൊബൈൽ ആപ്പും ഉൾപ്പെടെയുള്ള സാങ്കേതിക ചുറ്റുവട്ടങ്ങൾ ഒരുക്കാനായി ദുബായ് ആസ്ഥാനമായ ടെക്നോളജി കമ്പനിയുമായി ചർച്ച നടക്കുകയാണ്. വൈകാതെ, അന്തിമ ധാരണയുണ്ടായേക്കും.

അസോസിയേഷന്റെ ആപ് യാഥാർഥ്യമായാൽ ഹോട്ടലുകളും വൻകിട ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനികളുമായുള്ള സഹകരണവും പരിമിതപ്പെട്ടേക്കും. നിലവിൽ, കോഴിക്കോട് ഒഴികെയുള്ള നഗരങ്ങളിലെ ഹോട്ടലുകളും റസ്റ്ററന്റുകളും വൻകിട ഓൺലൈൻ ഭക്ഷ്യവിതരണ സ്ഥാപനങ്ങൾക്കു വിഭവങ്ങൾ ലഭ്യമാക്കുന്നുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഓൺലൈനിൽ ഭക്ഷണമെത്തും.

കഴിഞ്ഞ വർഷം അവസാനം കമ്മിഷൻ നിരക്കിനെച്ചൊല്ലി ഹോട്ടലുകളും ഓൺലൈൻ കമ്പനികളും തമ്മിൽ ഭിന്നതയുണ്ടായി. ഒരാഴ്ചയിലേറെ ഓൺലൈൻ കമ്പനികൾക്കു ഹോട്ടലുകളിൽ നിന്നു ഭക്ഷ്യവിഭവങ്ങൾ നൽകിയില്ല. തുടർന്നു സമവായത്തിൽ എത്തിയതോടെയാണു ഓൺലൈൻ ഡെലിവറി പുനരാരംഭിച്ചത്.

തങ്ങളുടെ വിപണി നിലനിർത്താൻ സ്വന്തം ഓൺലൈൻ വിതരണ സംവിധാനം തുടങ്ങുന്നതാണു നല്ലതെന്ന വിലയിരുത്തലിലാണ് അസോസിയേഷൻ. ആ വഴിക്കുള്ള ശ്രമങ്ങൾ കഴിഞ്ഞ വർഷം തന്നെ ആരംഭിക്കുകയും ചെയ്തു.ഈ വർഷം അവസാനത്തോടെ നേരിട്ട് ഓൺലൈൻ വിൽപന തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷയെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി പറഞ്ഞു.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ