Newage News
21 Jan 2021
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്യുവി മോഡലാണ് ഹ്യുണ്ടായി ക്രെറ്റ. രണ്ടാംതലമുറ ആവർത്തനത്തിലേക്ക് പ്രവേശിച്ചതിലൂടെ കൂടുതൽ ജനപ്രീതിയാർജിക്കാനും കൊറിയൻ വാഹനത്തിന് കഴിഞ്ഞു എന്ന കാര്യവും ശ്രദ്ധേയമാണ്. ഇന്ത്യയിൽ അഞ്ച് ലക്ഷം വിൽപ്പന പിന്നിട്ട് ഹ്യുണ്ടായി ക്രെറ്റ ജൈത്രയാത്ര തുടരുകയാണ്. പുതിയ നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഒരു വീഡിയോയും ഹ്യുണ്ടായി പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിലാണ് മിഡ്-സൈസ് എസ്യുവിയുടെ പുതുതലമുറ മോഡലിനെ ഹ്യുണ്ടായി രാജ്യത്ത് അവതരിപ്പിക്കുന്നത്. മുമ്പത്തേതിനേക്കാൾ വളരെ വ്യത്യസ്തമായ രൂപകൽപ്പനയായിരുന്നെങ്കിലും ക്രെറ്റയുടെ വിൽപ്പനയെ അതൊന്നും ബാധിച്ചുമില്ല. തുടർന്ന് വളരെയധികം സ്വീകാര്യതയാണ് മോഡലിന് നേടാൻ കഴിഞ്ഞതും.അതുവരെ കിയ സെൽറ്റോസ് അരങ്ങുവാണ സെഗ്മെന്റ് ക്രെറ്റ പിടിച്ചടക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ 65,000 ബുക്കിംഗുകൾ സ്വന്തമാക്കിയ ക്രെറ്റ 2020 ഏപ്രിൽ മുതൽ 2020 ജൂലൈ വരെ 34,212 യൂണിറ്റ് വിൽപ്പന നേടിയെടുത്ത് ഏവരെയും ഞെട്ടിക്കുകയും ചെയ്തു. ലോഞ്ച് ചെയ്തതിനുശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മിഡ് സൈസ് എസ്യുവിയാണിത്. ഡീസൽ എസ്യുവികൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെന്ന് തെളിയിട്ടതും ക്രെറ്റയാണെന്ന് പറയാം. കാരണം മോഡലിന്റെ ഡീസൽ പതിപ്പുകൾക്കാണ് 60 ശതമാനത്തിലധികം ബുക്കിംഗുകൾ ലഭിച്ചതും. ഇന്ത്യയിൽ നിർമിക്കുന്ന ക്രെറ്റ 88 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. നിലവിൽ 9.81 ലക്ഷം മുതൽ 17.31 ലക്ഷം രൂപ വരെയാണ് എസ്യുവിയുടെ എക്സ്ഷോറൂം വില. E, EX, S, SX, SX (O) എന്നീ അഞ്ച് വേരിയന്റുകളിലാണ് ഹ്യുണ്ടായി ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. ആറ് വർഷങ്ങൾക്ക് മുമ്പ് 2015 മധ്യത്തോടെയാണ് ക്രെറ്റ ആഭ്യന്തര വിപണിയിൽ ചുവടുവെക്കുന്നത്. രാജ്യത്ത് മിഡ്-സൈസ് എസ്യുവി സെഗ്മെന്റിന് റെനോ ഡസ്റ്ററാണ് തുടക്കം കുറിച്ചതെങ്കിലും പുതിയമാനങ്ങൾ സമ്മാനിച്ചത് ഈ കൊറിയൻ മോഡൽ തന്നെയായിരുന്നു എന്നതിൽ ആർക്കും തർക്കമില്ലാത്ത കാര്യമാണ്. ധാരാളം എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്തതും ക്രെറ്റയുടെ വിജയത്തിന് പിന്നിലെ നിർണായക ഘടകമാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ്, ഡയറക്ട്-ഇഞ്ചക്ഷൻ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക്, ആറ് സ്പീഡ് ടോർഖ് കൺവേർട്ടർ ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിങ്ങനെ നിരവധി ഗിയർബോക്സ് ഓപ്ഷനുകളിലും എസ്യുവി തെരഞ്ഞെടുക്കാം.