AUTO

ഹ്യുണ്ടേയ് വെന്യു ഈ മാസം 21ന് ഇന്ത്യൻ വിപണിയിൽ; മെയ്ഡ് ഇൻ ഇന്ത്യ വാഹനം എത്തുന്നത് ഫീച്ചറുകൾ നിറച്ച്

07 May 2019

ന്യൂഏജ് ന്യൂസ്, ആദ്യ കണക്റ്റഡ് കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മെന്ന പെരുമ പേറുന്ന ഹ്യുണ്ടേയ് വെന്യു ഈ മാസം 21ന് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. വെന്യുവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനു ചെന്നൈ ശാലയിൽ തുടക്കമായി. ലാവ ഓറഞ്ച് നിറത്തിലുള്ള വെന്യൂവാണ് ഹ്യുണ്ടേയ് ശാലയിൽ നിന്നാദ്യം ഉൽപാദിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ സ്റ്റാർഡസ്റ്റ്, ഡെനിം ബ്ലൂ, ടൈഫൂൺ സിൽവർ ഡീപ് ഫോറസ്റ്റ്, പോളാർ വൈറ്റ്, ഫിയറി റെഡ് നിറങ്ങളിലും വെന്യൂ വിൽപ്പനയ്ക്കുണ്ടാവും.

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എൽ) ന്റെ 23-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ചെന്നൈയ്ക്കടുത്ത് ഇരിങ്കാട്ടുകോട്ടൈയിലെ ശാലയിൽ വെന്യൂവിന്റെ വ്യാപക ഉൽപ്പാദനത്തിനു തുടക്കമായത്. രൂപകൽപ്പനയിലെ സാമ്യത്താലാവാം  ക്രേറ്റയെതന്നെയാണു ആദ്യ കാഴ്ചയിൽ വെന്യു ഓർമിപ്പിക്കുക. ഒപ്പം കോനയിലും സാന്റാ ഫെയിലും കാണുന്ന തരം വിഭജിച്ച ഡേ ടൈം റണ്ണിങ് ലാംപുള്ള ഹെഡ്‌ലൈറ്റും വെന്യൂവിൽ ഹ്യുണ്ടേയ് ലഭ്യമാക്കുന്നുണ്ട്. മുന്തിയ വകഭേദങ്ങളിൽ പിന്നിൽ എൽഇഡി ടെയിൽ ലാംപും ഹ്യുണ്ടേയ് ഘടിപ്പിക്കുക.

ഹ്യുണ്ടേയ് മോഡലുകളുടെ പതിവു രീതിയിൽ സൗകര്യങ്ങളിലോ സംവിധാനങ്ങളിലെ തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാവും വെന്യുവിന്റെയും വരവ്. മുന്തിയ പതിപ്പുകളിൽ സൺറൂഫ്, വയർലെസ് ചാർജിങ്, ക്രൂസ് കൺട്രോൾ, കീലെസ് ഗോ, ആൻഡ്രോയ്ഡ് ഓട്ടോ–ആപ്ൾ കാർ പ്ലേ സഹിതം എട്ട് ഇഞ്ച് ടച് സ്ക്രീൻ തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കാം. കൂടാതെ ഇ സിം അധിഷ്ഠിതമായ ബ്ലൂ ലിങ്ക് സംവിധാനവും മുപ്പത്തിമൂന്നോളം ഫംക്‌ഷനുകളുമായി എത്തുന്ന വെന്യു, കണക്ടിവിറ്റി രംഗത്തു പുതിയ നിലവാരമാവും കാഴ്ചവയ്ക്കുക.

മൂന്നു എൻജിൻ സാധ്യതകളോടെയാവും വെന്യുവിന്റെ വരവ്: 1.2 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ, ഒരു ലീറ്റർ ടർബോ പെട്രോൾ. ശേഷി കുറഞ്ഞ പെട്രോൾ എൻജിൻ പരമാവധി 83 ബി എച്ച് പി കരുത്തു സൃഷ്ടിക്കുമ്പോൾ എലീറ്റ് ഐ ട്വന്റിക്കും വെർണയ്ക്കും കരുത്തേകുന്ന ഡീസൽ എൻജിനു 90 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. അതേസമയം, ടർബോ പെട്രോൾ എൻജിന് 100 ബി എച്ച് പി കരുത്തും 172 എൻ എം ടോർക്കുമാണു ഹ്യുണ്ടേയിയുടെ വാഗ്ദാനം; കൂടാതെ ഈ എൻജിനൊപ്പം ഇരട്ട ക്ലച് ട്രാൻസ്മിഷനും ലഭിക്കും. അതേസമയം ടാറ്റ നെക്സനിലും മാരുതി സുസുക്കി വിറ്റാര ബ്രേസയിലുമൊക്കെയുള്ള ഡീസൽ എൻജിൻ – ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഖ്യം വെന്യുവിലുണ്ടാവില്ല. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രേസ, മഹീന്ദ്ര എക്സ് യു വി 300, ടാറ്റ നെക്സൻ, ഫോഡ് ഇകോസ്പോർട് തുടങ്ങിയവയോടാവും വെന്യുവിന്റെ പോരാട്ടം.



Related News


Special Story