25 Mar 2019
ന്യൂഏജ് ന്യൂസ്, ന്യൂഡല്‍ഹി: സിയാച്ചിനും ലഡാക്കും പോലെ വളരെ ഉയര്‍ന്ന മേഖലകളില്‍പ്പോലും സൈനികവിന്യാസം സാധ്യമാക്കുന്ന നാല് അത്യാധുനിക ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് വ്യോമസേനയുടെ ഭാഗമാവും. ചണ്ഡീഗഢിലെ വ്യോമതാവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് പങ്കെടുക്കും. വ്യോമസേനാമേധാവി ബി.എസ്. ധനോവ ഹെലികോപ്റ്ററുകള്‍ സേനയ്ക്കു കൈമാറും.
അമേരിക്കന്‍ കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 15 ചിനൂക്കുകളില്‍ ആദ്യ നാലെണ്ണമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. ബോയിങ്ങുമായി ഏതാണ്ട് 10,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്.
സി.എച്ച്.-47 എഫ് (1) വിഭാഗത്തില്‍പ്പെട്ട ചിനൂക്കിന് ഉയര്‍ന്ന ഭാരവാഹക ശേഷിയുണ്ട്. ചിനൂക്കിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇവ. കപ്പലില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും അവിടെനിന്ന് ചണ്ഡീഗഢിലേക്കും കൊണ്ടുവരികയായിരുന്നു. വ്യോമസേയയുടെ നാലുവീതം പൈലറ്റുമാര്‍ക്കും ഫ്ലൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും ചിനൂക് പറത്താനുള്ള പരിശീലനം ഒക്ടോബറില്‍ യു.എസില്‍ നല്‍കിയിരുന്നു.
2015-16 കാലത്താണ് 15 ചിനൂക്ക്, 22 എ.എച്ച്.-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. അപ്പാച്ചെ സെപ്റ്റംബറില്‍ കിട്ടും. പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമതാവളത്തിലാണ് ഇവയെത്തുക.
ഉയരങ്ങളിലെ ചിനൂക്ക്
മണിക്കൂറില്‍ 315 കിലോമീറ്ററാണ് വേഗം.
ഒറ്റയടിക്ക് 741 കിലോമീറ്റര്‍ വരെ പറക്കാനാവും.
6100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കും.
പത്തുടണ്‍ ഭാരം വഹിക്കാം.
അമേരിക്കന്‍ കരസേനയാണ് ചിനൂക്ക് ആദ്യമുപയോഗിച്ചത്. അഫ്ഗാനിസ്താന്, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങളില്‍ അമേരിക്കന്‍ സേന ഈ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചിരുന്നു. സൈനികനീക്കങ്ങള്‍ക്ക് സൈനികര്‍, ഭാരമേറിയ വാഹനങ്ങള്‍, ആയുധങ്ങള്‍, എന്നിവയെത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം.