CORPORATE

ആഗോളതലത്തിൽ മറ്റൊരു മലയാളി ഏറ്റെടുക്കൽ കൂടി; തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‍വെയർ കാനഡയിലെ എയർലൈൻ സോഫ്റ്റ് വെയർ കമ്പനിയെ ഏറ്റെടുത്തു

20 May 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം∙ തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‍വെയർ കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുൻനിര എയർലൈൻ സോഫ്റ്റ്‍വെയർ കമ്പനിയെ ഏറ്റെടുത്തു. ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളായ എയർ കാനഡ, ഈസി ജെറ്റ്, എമിറേറ്റ്സ്, ഫെഡ്എക്സ്, ഗരുഡ, ലയൺ എയർ, ക്വൻറാസ് തുടങ്ങിയവയുടേതടക്കം ക്രൂ മാനേജമെൻറ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നത് കാനഡയിലെ മോൺട്രോൾ ആസ്ഥാനമായ ആഡ് ഓപ്റ്റാണ്.

ആഡ് ഓപ്റ്റിന്റെ ഉടമകളായ ക്രോണോസ് ഇൻകോർപറേറ്റഡ് എന്ന യുഎസ് മനുഷ്യശേഷി മാനേജ്മെൻറ് സോഫ്റ്റ്‍വെയർ സ്ഥാപനവുമായാണ് ഏറ്റെടുക്കലിനുള്ള ശതകോടികൾ വില മതിക്കുന്ന കരാർ ഐബിഎസ് ഒപ്പിട്ടത്. ഈ ഏറ്റെടുക്കലിലൂടെ ഐബിഎസിന്റെ സേവനപട്ടികയിൽ 20 വിമാനക്കമ്പനികൾ കൂടിയെത്തും. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി തുടങ്ങി 21 വർഷം കൊണ്ട് മൂവായിരത്തോളം ജീവനക്കാരുള്ള ലോകോത്തര കമ്പനിയായി വളർന്ന ഐബിഎസിന്റെ ചരിത്രത്തിലെ ഏഴാമത്തെ ഏറ്റെടുക്കലാണിത്. അമേരിക്കയിലെ മൂന്നും യൂറോപ്പിലെ രണ്ടും കമ്പനികളെയും ഇന്ത്യയിലെ ഒരു കമ്പനിയെയും നേരത്തെ ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് എയർവെയ്സ്, കെഎൽഎം, എമിറേറ്റ്സ് തുടങ്ങിയ വമ്പൻ വിമാനക്കമ്പനികളുടെ ഏവിയേഷൻ സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നത് ഐബിഎസ് ആണ്. ഫ്ളൈറ്റ്-ക്രൂ മാനേജ്മെൻറ് മേഖലകളിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ ആഡ് ഓപ്റ്റ് ഏറ്റെടുക്കൽ ഐബിഎസിനെ സഹായിക്കും.

ഇതോടെ ക്രൂ പ്ലാനിങ്, പെയറിങ്, റോസ്റ്ററിങ്, ഓപ്റ്റിമൈസിങ്, ട്രാക്കിങ് എന്നിങ്ങനെ വൻ വിമാനക്കമ്പനികളുടെ ബൃഹത്തും സങ്കീർണവുമായ മുഴുവൻ പ്രവൃത്തികളും ഏറ്റെടുക്കാൻ ഐബിഎസിനു കഴിയും. ഏറ്റെടുക്കലിലൂടെ ആഡ് ഓപ്റ്റിന്റെ മോൺട്രോൾ ആസ്ഥാനത്തെ ഈ മേഖലയിലെ മികവിന്റെ കേന്ദ്രമായി ഐബിഎസ് വികസിപ്പിക്കും. ഫ്ളീറ്റ്-ക്രൂ മാനേജ്മെൻറിൽ ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്‍വെയർ സൃഷ്ടിക്കാനാണ് ഏറ്റെടുക്കലിലൂടെ ഐബിഎസ് ലക്ഷ്യമിടുന്നത്.

ഈയിടെയാണ് ഐബിഎസ് യുഎഇയിലെ ഇത്തിഹാദ് എയർവെയ്സ്, ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ചരക്ക് വിമാനക്കമ്പനികളിലൊന്നായ കൊറിയൻ എയർ, ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ ഗ്രൂപ്പുകളിലൊന്നായ ചിലെയിലെ ലറ്റാം എയർവെയ്സ് എന്നിവയുമായി സഹകരിക്കാനുള്ള കരാറിലേർപ്പെട്ടത്. വ്യോമയാന മേഖലയിൽ തങ്ങളുടെ ശേഷി വർധിപ്പിക്കുന്ന തരത്തിൽ  നൂതന സാങ്കേതികവിദ്യാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്നത് ഐബിഎസിന്റെ വളർച്ചാനയത്തിന്റെ ഭാഗമാണെന്ന് എക്സിക്യൂട്ടിവ് ചെയർമാൻ വി.കെ മാത്യൂസ് പറഞ്ഞു. രണ്ടു സ്ഥാപനങ്ങളും കൂടിച്ചേരുമ്പോൾ സർവീസ് നടത്തുന്നതിലും ജീവനക്കാരുടെ ക്രമീകരണത്തിലും ഏറ്റവും ആധുനികവും സമ്പൂർണവുമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

വ്യോമയാന മേഖലയിൽ ചിരപ്രതിഷ്ഠ നേടിയ ഐബിഎസ് ആഡ് ഓപ്റ്റിനെ ഏറ്റെടുക്കുന്നതോടെ സാങ്കേതികവിദ്യയിൽ വിപ്ലവാത്മകമായ കൂട്ടുകെട്ടാണു സൃഷ്ടിക്കപ്പെടുന്നതെന്ന് ക്രോണോസ് ചീഫ് കസ്റ്റമർ ആൻഡ് സ്ട്രാറ്റജി ഓഫീസർ ബോബ് ഹ്യൂഗ്സ് പറഞ്ഞു. ഇതു രണ്ടു സ്ഥാപനങ്ങളുടെയും ഉപയോക്താക്കൾക്കും ജീവനക്കാർക്കും പ്രയോജനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story