EDITORIAL

'ഐക്കൺ ടോക്ക് - സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട്': എപ്പിസോഡ് -1

Newage News

18 Sep 2020

ദശകത്തിൽ, വ്യത്യസ്ത മേഖലകളിൽ നിർണായകമായ മാറ്റത്തിന് ചാലക ശക്തിയായ മലയാളി ഐക്കണുകളെ കണ്ടെത്താനുള്ള ന്യൂഏജ് ഐക്കൺ 'ചേഞ്ച് മേക്കേഴ്‌സ് 2020' സീരീസിന്റെ ക്ലബ് 25 പട്ടികയിൽ ഇടംപിടിച്ച പ്രഗത്ഭ വ്യക്തികൾ മനസ് തുറക്കുന്നു. 'ഐക്കൺ ടോക്ക് - സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട്' സീരീസിന്റെ ആദ്യ ഭാഗം:


വേണ്ടത് വേറിട്ട ജീവിതാനുഭവം പ്രദാനം ചെയ്യാൻ കഴിയുന്ന ടൂറിസം സംസ്കാരം - സന്തോഷ് ജോർജ് കുളങ്ങര

(ഫൗണ്ടർ & ചീഫ് എക്സ്പ്ലോറർ, സഫാരി ടിവി

യാത്രകളില്ലാതെ നാട്ടിലിരിക്കുന്ന കോവിഡ് കാലത്തും ദൈനംദിന ജോലികളിലും ഉത്തരവാദിത്തങ്ങളിലും മാറ്റങ്ങളൊന്നുമില്ല. ഏറെ വൈകാതെ തന്നെ കോവിഡ് പ്രതിരോധ വാക്സിൻ പുറത്തിറങ്ങുമെന്നും പ്രതിസന്ധികൾക്ക് ഒരറുതിയാകുമെന്നും യാത്രകൾ പുനരാരംഭിക്കാൻ കഴിയുമെന്നുമുള്ള ശുഭ പ്രതീക്ഷയാണുള്ളത്. കേരളത്തെ സംബന്ധിച്ച് ടൂറിസത്തിന് നമ്മുടെ ഇക്കോണമിയിൽ വലിയ പ്രാധാന്യമുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ ഇവിടേക്ക് നടത്തുന്ന യാത്രകൾക്ക് നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്ഥാനമുണ്ട്. എന്നാൽ നമ്മുടെ അതോറിറ്റികളുടെ പക്കൽ കേരളത്തിന്റെ ടൂറിസം സെക്ടർ ഭാവിയിൽ എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച് കൃത്യമായ ഒരു മാസ്റ്റർ പ്ലാൻ ഉണ്ടോ എന്നെനിക്ക് സംശയമുണ്ട്. 

കേരളത്തിന്റെ ഓരോരോ ഗ്രാമങ്ങളിലും ഏതു തരത്തിലുള്ള ടൂറിസമാണ് ഉണ്ടാകേണ്ടത് എന്ന് തീരുമാനിക്കപ്പെടണം. ഓരോ ഗ്രാമത്തിന്റെയും ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞു വേണം അത് ചെയ്യാൻ. അവിടെ ഏതു തരത്തിലുള്ള ഇൻവെസ്റ്റ്‌മെന്റ് വരണമെന്നും അതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാവണമെന്നും പബ്ലിഷ് ചെയ്യണം. സ്വകാര്യ സംരംഭകരാണ് ടൂറിസം രംഗത്ത്  പലപ്പോഴും വലിയ നിക്ഷേപങ്ങൾ നടത്തുന്നത്. ഇതിൽ കൂടുതലും റിസോർട്ടുകളും മറ്റുമാണ്. ഓരോ മേഖലയുടെയും പ്രത്യേകതകളും നിർമാണവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളെ  സംബന്ധിച്ചുള്ള വ്യക്തതക്കുറവാണ് ചിലപ്പോഴെങ്കിലും പദ്ധതികൾ വിവാദവിഷയങ്ങളാകാനും പാതിവഴിയിൽ നിന്നുപോകാനും കാരണമാകുന്നത്. നമ്മുടെ എല്ലാ ഗ്രാമങ്ങൾക്കും ടൂറിസം രംഗത്ത് മുന്നേറാനുള്ള സാധ്യതകളുണ്ട്. എല്ലാ ജനങ്ങൾക്കും ഇതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാനുള്ള അവകാശങ്ങളുമുണ്ട്. ഇത് സാധ്യമാവണമെങ്കിൽ ക്രിയാത്മകമായ സമീപനം ഉണ്ടാവണം. 

ലോകവ്യാപകമായി ടൂറിസം പോലെ കടുത്ത മത്സരം നേരിടുന്ന സെക്ടറുകൾ അധികമില്ല. കേരളം മാർക്കറ്റ് ചെയ്യേണ്ട ടൂറിസം ഉത്പന്നങ്ങൾ കേരളത്തിന്റെ  സാംസ്കാരിക പൈതൃകം കൂടി കണക്കിലെടുത്തുകൊണ്ടുള്ളത് ആയിരിക്കണം. നമ്മുടെ തനതായ കാര്യങ്ങളാണ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടത്. അത്തരമൊരു സമീപനം കൊണ്ടേ ലോങ്ങ് ടേമിൽ നേട്ടമുണ്ടാക്കാൻ കഴിയൂ. നമ്മുടെ ജീവിതചര്യകൾ, ഭക്ഷ്യവൈവിധ്യം, കലാരൂപങ്ങൾ, ആർക്കിടെക്ച്ചർ, കയർ-റബർ ഉൾപ്പെടെയുള്ള ചെറുകിട വ്യവസായങ്ങൾ, നമ്മുടെ ഉത്സവങ്ങൾ, വിവാഹങ്ങൾ ഇവയൊക്കെ കിടയറ്റ ടൂറിസം ഉത്പന്നങ്ങളായി മാറണം. അതിന് പര്യാപ്തമായൊരു തികവുറ്റ മാസ്റ്റർ പ്ലാനാണ് തയാറാക്കേണ്ടത്. പ്രകൃതിയുടെ, ജീവിതത്തിന്റെ പുതിയ അനുഭവങ്ങൾ പ്രദാനം ചെയ്യാൻ കഴിയുന്നതാവണം ഇനി ടൂറിസം.


മലയാളി സംരംഭകർ ആഗോള നിലവാരത്തിലുള്ളവർ - ഡോ: ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളി

(അക്കാദമിഷ്യൻ, മാനേജ്‌മന്റ് ഗുരു)

റിസേർച്ച് എന്നത് വ്യക്തിപരമായി ഒരു പാഷൻ ആണ്. ഇതുവരെ 8 പുസ്തകങ്ങൾ എഴുതി. ബിസിനസ് എൻവയൺമെന്റ്‌ എന്ന ആദ്യപുസ്തകം ഐഐഎമ്മിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിരിക്കെയായിരുന്നു. കഠിനാധ്വാനമാണ് നമ്മളെ വിജയത്തിന് പ്രാപ്തരാക്കുന്നത്. ആ വിജയമാകട്ടെ സുദീർഘമായൊരു യാത്രയും. 'നെവർ പുട്ട് എ ഫുൾസ്റ്റോപ്പ് ഓൺ യുവർ വേ ടു സക്സസ്' എന്ന ചിന്തക്ക് എക്കാലവും വലിയ പ്രസക്തിയുണ്ട്. സുദീർഘമായ ഗവേഷണത്തിന്റെ ഫലമെന്നോണം മാനേജ്‌മെന്റ് രംഗത്ത് ഏറെ പ്രചാരത്തിലുള്ള മാസ്റ്റിജ് (masstige) മാർക്കറ്റിങ്, സ്കോപ്പ് (SCOPE) ഫ്രെയിംവർക്ക് തുടങ്ങിയ കൺസപ്റ്റുകൾ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ സംതൃപ്തി നൽകുന്നുണ്ട്. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് (എസ്എംഇ) ആഗോള വിപണികളിൽ കയറ്റുമതി സാധ്യമാക്കാനും, മത്സരക്ഷമത കൈവരിക്കാനും, വിജയിക്കാനും  സഹായകമായ സ്ട്രാറ്റജിക്  ഫ്രെയിംവർക്ക് ആണ് സ്കോപ്പ്. എംഎസ്എംഇ സെക്ടറിന് വലിയ പ്രാധാന്യമുള്ള കേരളത്തിനും ഇത് ഭാവിയിൽ സഹായകമായേക്കാം. 

കേരളം പോലെ ഒരു തനത് ബിസിനസ് അന്തരീക്ഷമുള്ളിടത്ത് അത്തരം പ്രത്യേകതകളും കണക്കിലെടുക്കേണ്ടതുണ്ട്. രാഷ്ട്രീയ അതിപ്രസരമുള്ള നാടാണ് കേരളം. ട്രേഡ് യൂണിയനിസം അതിന്റെ മൂർദ്ധന്യത്തിലാണ്. ആഗോളതലത്തിലുള്ള ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തെ ഫോക്കസ് ചെയ്യുമ്പോൾ  ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. കേരളത്തിൽ ബിസിനസ് ചെയ്ത് വിജയിക്കാൻ കഴിയുന്ന ഒരാൾക്ക് ലോകത്ത് മറ്റുവിപണികളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. അനിതര സാധാരണമായ പ്രശ്നങ്ങളെ നേരിട്ട് വിജയിച്ചു കൊണ്ടിരിക്കുന്നവരാണ് കേരളത്തിലെ സംരംഭകർ. സാമൂഹ്യതലത്തിൽ നേട്ടങ്ങൾ ഏറെയുള്ളപ്പോഴും വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യം വരുമ്പോൾ കേരളം ഏറെ പിന്നിലാണ്. ഡ്രൈവിങ് ലൈസൻസിന് മുതൽ അധ്യാപക ജോലിക്ക് വരെ കൈക്കൂലി കൊടുക്കേണ്ടി വരുന്ന ലോകത്തെ അപൂർവം നാടുകളിൽ ഒന്നാണ് നമ്മുടേതെന്ന യാഥാർഥ്യം മുന്നിലുണ്ട്. അഴിമതിയും കൈക്കൂലിയും രാഷ്ട്രീയ തലത്തിൽ മാത്രമല്ല, ഉദ്യോഗസ്ഥ തലത്തിലും വ്യാപിച്ചിട്ടുണ്ട്. 

ഈ പ്രതിസന്ധികൾക്കിടയിലും കുറേ സംരംഭകർക്കെങ്കിലും ഇവിടെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെന്നത് പ്രതീക്ഷാവഹമാണ്. സർക്കാരും ഉദ്യോഗസ്ഥ തലങ്ങളും മാധ്യമങ്ങളുമൊക്കെ ഈ സംരംഭകരെ പിന്തുണയ്ക്കുകയാണ് വേണ്ടത്. കോവിഡ് ഏല്പിച്ച സാമ്പത്തിക ആഘാതത്തിൽ നിന്ന് കരകയറണമെങ്കിൽ സംരംഭക തലത്തിൽ വലിയ മുന്നേറ്റമുണ്ടായേ തീരൂ. അതിന് വിവിധ സ്റ്റേക്ക്ഹോൾഡേഴ്സിന്റെ കോഓർഡിനേറ്റഡ് എഫർട്ട് അനിവാര്യമാണ്.


ഓരോ പ്രൊജക്ടിന്റെയും കേന്ദ്രബിന്ദു ഉപഭോക്താവ് - വി സുനിൽകുമാർ

(ഫൗണ്ടർ & മാനേജിങ് ഡയറക്ടർ, അസറ്റ് ഹോംസ്)

പൂർണതയ്ക്കോ മികവിനോ ഒരു അതിർവരമ്പുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽ തന്നെ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. ഒരു സ്ഥാപനം എന്ന നിലയിൽ വളരെ ചിട്ടയായും ലക്ഷ്യബോധത്തോടെയുംഅസറ്റ് ഹോംസിനെ ചലിപ്പിക്കാൻ കഴിയുന്നതിൽ വലിയൊരു പങ്ക് ടീം അംഗങ്ങൾക്കുണ്ട്. അത്തരമൊരു ടീമും വളരെ കൃത്യമായ ചട്ടക്കൂടിലൂടെയുള്ള പ്രവർത്തനവുമാകും വളരെ ചെറിയൊരു സമയത്തിനുള്ളിൽ ഉയർന്ന ക്രിസിൽ റേറ്റിംഗിലേക്ക് എത്തുവാൻ അസറ്റ് ഹോംസിനെ സഹായിച്ചത് എന്ന് കരുതുന്നു. പല കമ്പനികളും ഇത്തരം റേറ്റിംഗിലേക്ക് വളരെ കാലംകൊണ്ടാണ് എത്താറ്. ഉയർന്ന ക്രിസിൽ റേറ്റിംഗ് എന്ന നേട്ടം യഥാർത്ഥത്തിൽ യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് കമ്പനികളെയും കൺസ്ട്രക്ഷൻ കമ്പനികളെയും വിലയിരുത്തുന്ന അങ്ങനൊരു റേറ്റിംഗ് ഉണ്ടെന്നു തന്നെ മനസ്സിലാക്കിയത് അടുത്ത കാലത്താണ്.

കേരളത്തിൽ ഒരു സംരംഭം നടത്തികൊണ്ട് പോകണമെങ്കിൽ നമ്മുടെ മുന്നിലുള്ള കടമ്പകളിലൊന്നാണ് നിയമതടസ്സങ്ങൾ. നിയമത്തിന്റെ വ്യാഖ്യാനമാണ് പ്രശ്നം. എല്ലാവർക്കും ഒരുപോലെ ബാധകമായതും ഒരുപോലെ വ്യാഖ്യാനിക്കാനാകുന്നതുമായ നിയമം എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഉണ്ടാകുന്നില്ല എന്നത് കൗതുകകരമായ കാര്യമാണ്. പലപ്പോഴും സംരംഭകർ നിയമങ്ങളെ ഏറ്റവും ലളിതമായ തലത്തിൽ വ്യാഖ്യാനിക്കുന്നിടത്താണ് പ്രശ്നം. ഇത് പിന്നീട് വിവാദങ്ങൾക്ക് കാരണമാകുന്നു; നമ്മുടെ മുന്നേറ്റത്തിന് തന്നെ തടസ്സമാവുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ഇരുപത്തിയെട്ടാം സ്ഥാനത്ത്  എത്തിയിരിക്കുന്ന സാഹചര്യമാണുള്ളത്. നമുക്ക് രക്ഷപ്പെടുവാൻ ഒറ്റ മാർഗ്ഗമേയുള്ളു, ഏറ്റവും മോശമായി എങ്ങനെ നിയമത്തെ വ്യാഖ്യാനിക്കാം എന്ന് നോക്കുക, അതനുസരിച്ചു വേണ്ട നടപടികൾ കൈക്കൊണ്ട് മുന്നോട്ട് പോവുക. ഏറ്റവും എളുപ്പത്തിൽ നിയമങ്ങൾ വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ ഒരുപാട് പ്രശ്നങ്ങളെ നേരിടേണ്ടി വന്നേക്കാം. പരിസ്ഥിതി വാദം എന്നൊക്കെ പറഞ്ഞു കേരളത്തിൽ നമ്മൾ കാണുന്നത് യഥാർഥ പരിസ്ഥിതി വാദമൊന്നുമല്ല. അതൊരുതരം പരിസ്ഥിതി തീവ്രവാദമാണ്. പ്രകൃതി സ്നേഹികളിൽ പലരുടെയും യഥാർത്ഥ മുഖം പലപ്പോഴും കാണാൻ ഇടവന്നിട്ടുള്ളതാണ്. അത് പുറത്തുവരാതിരിക്കാനുള്ള ചില ശ്രമങ്ങൾ മാത്രമാണ് ഈ പരിസ്ഥിതി സ്നേഹം.

അസറ്റിന്റെ ഒരു ഇന്നവേറ്റിവ് ആശയമായിരുന്നു 96 സ്‌ക്വയർ ഫീറ്റ് ഫ്ലാറ്റ്. അതിന്റെ ഡിസൈൻ ഘട്ടം പൂർത്തിയായത് കൊവിഡിനും വളരെ മുൻപായിരുന്നു. യഥാർത്ഥത്തിൽ അത് വിദ്യാർത്ഥികൾക്കും ബാച്‌ലർ ജോലിക്കാർക്കും വേണ്ടി ഡിസൈൻ ചെയ്‌തതാണ്. യഥാർത്ഥത്തിൽ  മഹാമാരിക്ക് മുമ്പ് അതിനെ നേരിടാൻ പാകത്തിൽ അങ്ങനൊന്ന് യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു.  ഓരോ പ്രൊജക്ടിന്റെയും കേന്ദ്രബിന്ദു എന്നത് ഉപഭോക്താവാണ്. അവരുടെ ആവശ്യങ്ങൾ മാറിമറിഞ്ഞേക്കാം. അത് കണ്ടറിയേണ്ടതുണ്ട്. അങ്ങനെയൊരു സമീപനത്തിലൂടെയാണ് ഇത്തരം ചെറിയ ഫ്ലാറ്റിന്റെ ആവശ്യകത ബോധ്യപ്പെട്ടത്. ഉപഭോക്താവിന്റെ താല്പര്യങ്ങൾക്കനുസരിച്ചു ക്രിയാത്മകമായി പ്രതികരിക്കുന്ന ബിസിനസുകൾക്കാണ് മുന്നേറാനാവുക. തങ്ങളുടെ താല്പര്യങ്ങൾ ഉപഭോക്താവിലേക്ക് കെട്ടിവെക്കാൻ ശ്രമിക്കുമ്പോഴാണ് പല ബിസിനസുകളും തിരിച്ചടി നേരിടുന്നത്.  


നമുക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും - ബിജു ജോസഫ്

(മാനേജിങ് ഡയറക്ടർ, നവ്യ ബേക്ക്സ് & കൺഫെക്ഷ്നറീസ് 

ബിസിനസിലെ ഒരു പരീക്ഷണഘട്ടം തന്നെയാണ് കോവിഡ് കാലം. ലോക്ക്ഡൗണിനെ തുടർന്ന് ആളുകൾ കുറെയേറെ ദിവസത്തേക്ക് വീടുകളിൽ തന്നെ തുടരേണ്ടി വന്ന സാഹചര്യമുണ്ടായപ്പോൾ നാടൻ വിഭവങ്ങളും നവ്യ ബ്രാൻഡിൽ തന്നെ പുറത്തിറക്കുന്ന ശുദ്ധമായ പാലും മറ്റും പരമാവധി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനായിരുന്നു ശ്രമം. പാലുത്പാദനത്തിലേക്ക് കടന്നു വന്നത് തന്നെ ഉത്പന്നങ്ങളുടെ ഗുണനിലവാരം നൂറുശതമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നിലവിൽ ഇരുനൂറോളം പശുക്കളാണ് ഫാമിൽ ഉള്ളത്. ഇത് വൻതോതിൽ വിപുലീകരിക്കാനുള്ള  പരിശ്രമത്തിലാണിപ്പോൾ. ഡയറി മേഖലയിൽ ക്രിയാത്മകമായ ഒരു ഇടപെടലിന് ശ്രമം നടത്താൻ കഴിഞ്ഞെന്ന സംതൃപ്തിയുണ്ട്.  കാർഷിക മേഖലയെ സംബന്ധിച്ച് വിഭവങ്ങളുടെ മൂല്യവർദ്ധനവ് എന്ന ആശയത്തിന് വലിയ പ്രസക്തിയുണ്ട്. ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഈ  ആശയങ്ങൾ  പ്രായോഗിക തലത്തിൽ കൊണ്ടുവരാനും ഞങ്ങൾ ശ്രമിച്ചിരുന്നു. ചക്ക വിഭവങ്ങളും  ജാം ഉത്പന്നങ്ങളുമൊക്കെ ഇത്തരത്തിൽ തയാറാക്കാൻ കഴിഞ്ഞു. അസംസ്കൃത വസ്തുക്കളിൽ ബഹുഭൂരിപക്ഷവും കർഷകരിൽ നിന്ന് നേരിട്ടാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ വിപണികൾ നിർജീവമായിരുന്ന കോവിഡ് കാലത്ത് കർഷകർക്ക് ഇത് ഗുണപ്രദമായി. 

കേരളത്തിനാവശ്യമുള്ള പാലിൽ ഭൂരിഭാഗവും വരുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. ഇവിടെ അധികമാരും പശു കുട്ടികളെ വളർത്തുന്നില്ല. അതിനൊരു പരിഹാരം ഉണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുന്തിയ ഇനം കന്നുകുട്ടികളെ എത്തിച്ച് ഒരു കർഷകനെ 20 പശുക്കുട്ടികളുള്ള യൂണിറ്റ് ഏൽപ്പിക്കുകയും ഇത് പരിപാലിക്കുന്നതിനാവശ്യമായ പ്രതിഫലവും പിന്തുണയും ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്. പശുക്കുട്ടികളുടെ വളർച്ച പൂർത്തിയാവുമ്പോൾ തിരികെ വാങ്ങും. സാധാരണ കർഷകരെയും വീട്ടമ്മമാരെയും സംബന്ധിച്ചു ഇതൊരു വരുമാന മാർഗമാകും. പശുക്കളെ വളർത്താൻ സൗകര്യമുള്ളവർക്ക് വേണ്ട എല്ലാ പിന്തുണയും, തീറ്റ ഉൾപ്പെടെ നൽകുകയും പാല് ഞങ്ങൾ തന്നെ വാങ്ങുകയും ചെയ്യുന്ന തരത്തിൽ വിപുലമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് തിരിച്ച വരുന്ന പ്രവാസികൾക്കും ഇത് വലിയൊരു വരുമാന മാർഗമാവും. 

പാലുത്പാദനവുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന പ്രധാനവെല്ലുവിളി എല്ലാക്കാര്യങ്ങൾക്കും തമിഴ്നാടിനെയും മറ്റും ആശ്രയിക്കേണ്ടി വരുന്നു എന്നതാണ്. കന്നുകുട്ടികളും, പശുവിന്റെ ആഹാരവും മുതൽ ജോലിക്കാർ വരെ അവിടെ നിന്നെത്തേണ്ട അവസ്ഥയാണുള്ളത്. അതിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ചെറിയൊരു തുടക്കം കുറിക്കാൻ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയുമൊക്കെ പിന്തുണ അനിവാര്യമാണ്. ഇത് സാധ്യമായാൽ പാൽ, പാലുത്പന്ന രംഗങ്ങളിൽ നമുക്ക് സ്വയം പര്യാപ്തത നേടാനാകുമെന്ന് ശുഭപ്രതീക്ഷയുണ്ട്. ഉപഭോക്താക്കൾക്ക് ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നത് ബിസിനസിന്റെ വിജയത്തിൽ നിർണായകമാണ്. ഭക്ഷ്യോത്പന്ന രംഗത്ത് ഞങ്ങൾ പിന്തുടരുന്ന പ്രഥമവും പ്രധാനവുമായ മന്ത്രവും ഇത് തന്നെയാണ്.


മലയാളി മനസ്സുകളിലെ നന്മയുടെ പ്രവാഹം മറ്റുള്ളവർക്കും മാതൃക - സി: ലിസി ചക്കാലക്കൽ

(അധ്യാപിക, അശരണർക്ക് 130 ലധികം വീടുകൾ നിർമിച്ചു നൽകിയ ഹൗസ് ചലഞ്ചിന് നേതൃത്വം നൽകുന്നു)

ഞാനൊരു അധ്യാപികയാണ്. എങ്കിലും എന്റെ ദൗത്യം ആയി ഞാൻ കരുതുന്നത് 'ടു ഷെൽട്ടർ പീപ്പിൾ' എന്നതാണ്. ഞങ്ങളുടെ വിദ്യാഭ്യാസ ദർശനം എന്നത് വെറും ബ്രെയിൻ ഡെവലപ്മെന്റ് മാത്രമല്ല, ഒരു വ്യക്തിയുടെ ആരംഭത്തിൽ തുടങ്ങി ഇന്റഗ്രൽ ഡെവലപ്മെന്റിലേക്ക് നയിക്കണമെന്നുള്ളതാണ്. അടിസ്ഥാനസൗകര്യമില്ലാത്ത അവസ്ഥയിൽ നിന്ന് വരുന്ന കുട്ടിക്ക് നമ്മൾ പ്രതീക്ഷിക്കുന്ന പോലെ വ്യക്തിത്വ വികസനം നേടുവാൻ സാധിക്കില്ല എന്ന യാഥാർഥ്യം മനസ്സിലാക്കുകയാണ് വേണ്ടത്. ആദ്യം അവർക്ക് നൽകേണ്ടത് വൃത്തിയായ അന്തരീക്ഷവും, സുരക്ഷിതമായ വീടുമാണെന്ന ബോധ്യത്തിൽ ആണ് ഞങ്ങൾ ഇതിനു മുന്നിട്ടിറങ്ങിയത്. പെൺകുട്ടികൾ, പ്രത്യേകിച്ച് തീരദേശ മേഖലകളിലുള്ളവർ പലരും വളരെ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് ജീവിക്കുന്നത്. അത് അവരുടെ വ്യക്തിത്വത്തെയും ഭാവിയെയുമെല്ലാം ബാധിക്കും. അവരിലൊരു മാറ്റം വരുത്തണമെങ്കിൽ അടിസ്ഥാന സൗകര്യത്തോടു കൂടി അവരെ വളർത്തിക്കൊണ്ട് വരണം. ഈ ആശയത്തോട് കൂടി തുടങ്ങിയതാണ് 'ഹൗസ് ചലഞ്ച്'. വിദ്യാലയത്തിൽ നിന്നാണ് ആരംഭിച്ചതെങ്കിലും പിന്നീട് സമൂഹം അത് ഏറ്റെടുത്തു. നാനാ തുറകളിലുള്ള നിരവധി വ്യക്തികൾ ഇതിൽ പങ്കാളികളാണ്.

ഇത്രയും കാലം ഭൂമിയുള്ളവർക്ക് മാത്രമാണ് വീട് നല്കിയിരുന്നതെങ്കിൽ ഇപ്പോൾ 'ഭൂദാനം മഹാദാനം' എന്ന പേരിൽ ഭൂമിയില്ലാത്തവർക്ക് വീട് നൽകുവാൻ തുടങ്ങിയിരിക്കുന്നു. നല്ലത് ചെയ്യുന്നതിൽ നിന്ന് മഹാമാരിക്കും നമ്മെ തടയാനാകില്ല. 'ഭവനരഹിതരില്ലാത്ത കേരളം' എന്ന സ്വപ്നത്തോട് കൂടിയാണ് ഹൗസ് ചലഞ്ച് ആരംഭിച്ചിരിക്കുന്നത്. അത് സമൂഹം ഏറ്റെടുത്തുകഴിഞ്ഞു. ലഭിക്കുന്നത് കൃത്യമായി വീതിച്ചു നൽകുക എന്ന മധ്യസ്ഥന്റെ ജോലി മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. നല്ലൊരു ടീം ആദ്യം തന്നെ തയ്യാറാക്കി. വീടെന്ന സ്വപ്നം പൂർത്തിയാക്കാനാകാത്തവരുടെ സ്വപ്നം നമുക്ക് ഏറ്റെടുക്കാനായി. സ്കൂളിലെ ഓരോ കുട്ടിയും ഇതിൽ തല്പരരായി മാറി എന്നതാണ് എടുത്തു പറയേണ്ടത്. സമൂഹത്തിലെ അസമത്വം കുറക്കുക എന്നതു കൂടിയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. അതിനു ഒരുപാട് പേർ സഹകരിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയാണ് ഹൗസ് ചലഞ്ച് ഇത്രയധികം വളർന്നത്. കേരളത്തിൽ വരും തലമുറയുടെ മനസിലെ നന്മയുടെ പ്രവാഹം മറ്റുള്ള രാജ്യങ്ങൾക്കും മാതൃകയാണ്. അത് ഇനിയും തുടരണം. ഇനിയും മുന്നോട്ട് തന്നെ പോകുവാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കട്ടെ.


പുതിയ സാങ്കേതിക വിദ്യകൾ കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നു - മുരളീധരൻ സി വയലപ്പിൽ

(ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്& ടെക്‌നോളജി)

അതിനൂതനമായ ചികിത്സാ ഉപകരണങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ കൂടുതലായി നടക്കുന്നത്. അതിന്റെ ഭാഗമായി കേന്ദ്ര സയൻസ് ഡിപ്പാർട്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ ടെക്‌നിക്കൽ റിസർച്ച് സെന്റർ പ്രൊജക്റ്റ് നടക്കുന്നു. ലോകത്തെ ഏത് മെഡിക്കൽ സാങ്കേതിക ഉപകരണങ്ങളോടും കിടപിടിക്കുന്ന രീതിയിലുള്ള ഉപകാരണങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുവാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഞങ്ങൾ തുടങ്ങിയ സമയത്ത് ഇന്ത്യയിൽ ഈ ഉപകരണങ്ങൾ വിറ്റിരുന്നത് ലോകത്തെ ഏറ്റവും ലീഡിങ് ആയിട്ടുള്ള കമ്പനികൾ ആയിരുന്നു. അതിനാൽ മത്സരം അവരോടായിരുന്നു. അതോടെ നമ്മുടെ ഗുണനിലവാരം അവരുടേതിനൊപ്പമോ അതിനും മുകളിലോ ഉയർന്നു. അതാണ് ഇന്ന് ശ്രീചിത്രയുടെ  ശക്തി. അതിലൂടെ വലിയ വളർച്ച നേടുവാൻ സാധിച്ചു.

കൊറോണ മഹാമാരിയുടെ സമയത്ത് ഏറ്റവുമധികം കഷ്ട്ടപ്പെടുന്ന സമൂഹങ്ങളിലൊന്ന് വേസ്റ്റ് മാനേജ് ചെയ്യുന്നവരാണ്. അവർക്ക് സുരക്ഷക്കായി വളരെ കുറച്ച് സംവിധാനങ്ങളേയുള്ളു. അവർക്കായാണ് 'ചിത്ര അക്രിലോസൊർബ് സെക്രഷൻ സോളിഡിഫിക്കേഷൻ സിസ്റ്റം എന്ന പുതിയ സങ്കേതം രൂപകൽപന ചെയ്തിട്ടുള്ളത്. രോഗിയിൽ നിന്ന് വരുന്ന എല്ലാ സ്രവങ്ങളും ഈ ഉപകരണത്തിലേക്ക് എത്തിച്ചുകഴിഞ്ഞാൽ അതിലെ കെമിക്കലുമായി ചേർന്ന് ഒരു സോളിഡ് ജെൽ ആയി മാറും. അതോടെ അത് ഡിസൈൻഫെക്ടഡ് ആയി മാറും, ഒപ്പം അതൊരു സ്രവമാല്ലാതായി മാറുകയും ചെയ്യും. ഇതോടെ ഇത് കൈകാര്യം ചെയ്യുന്നവർക്ക് രോഗങ്ങൾ പടരാനുള്ള സാധ്യത കുറയും. ഇത്തരത്തിൽ പുതിയ സാങ്കേതിക വിദ്യകൾ സ്വന്തമാക്കുകയും കുറഞ്ഞ ചെലവിൽ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ലക്‌ഷ്യം. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story