ECONOMY

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവയും ജി എസ് ടിയും ഉള്‍പ്പെടെയുള്ള നികുതി നിരക്ക് ഏഴ് ശതമാനമായി കുറയ്ക്കണം: എം.പി.അഹമ്മദ്

Newage News

08 Jan 2021

കോഴിക്കോട്: രാജ്യത്ത് വന്‍തോതിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് തടയുന്നതിനും സ്വര്‍ണ്ണ വ്യാപാര മേഖലയുടെ പുരോഗതിക്കുമായി സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവയും ജി എസ് ടിയും ഉള്‍പ്പെടെയുള്ള നികുതി നിരക്ക് ഏഴ് ശതമാനമായി കുറയ്ക്കണമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് ആവശ്യപ്പെട്ടു. ഉപഭോക്താവിന് ജി എസ് ടി യുടെ അധിക ബാധ്യത പ്രത്യക്ഷത്തില്‍ ഇല്ലാതെ തന്നെ  സ്വര്‍ണ്ണത്തിന് നികുതി ഉള്‍പ്പെടെയുള്ള വില്‍പന വില നിശ്ചയിക്കുകയാണ് വേണ്ടത്.  ഇതിലൂടെ ജി എസ് ടി നേരിട്ട് നല്‍കുമ്പോള്‍ ഉപഭോക്താവ് കാണിക്കുന്ന വിമുഖത ഒഴിവാകുകയും ഉപഭോക്താവ് ബില്ല് ചോദിച്ച് വാങ്ങുന്നതിലൂടെ സര്‍ക്കാറിന് ആദായ നികുതി ഇനത്തില്‍ വലിയ വരുമാനം ലഭിക്കുകയും ചെയ്യും. വരുന്ന കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി തന്നെ പരിഗണിക്കുകയും ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും വേണം. നിലവില്‍ 12.5 ശതമാനം ഇറക്കുമതി തീരുവയും മൂന്ന് ശതമാനം ജി എസ് ടിയുമാണ് രാജ്യത്ത് സ്വര്‍ണ്ണത്തിന് ഈടാക്കുന്നത്. ഉയര്‍ന്ന നികുതി വലിയ തോതിലുള്ള കള്ളക്കടത്തിനും നികുതി വെട്ടിപ്പിനും ഇടയാക്കുന്നുണ്ട്. ഇത് തടയാനുള്ള കാര്യക്ഷമമായ നടപടികളാണ് ഉണ്ടാകേണ്ടത്-അദ്ദേഹം പറഞ്ഞു. 

ജ്വല്ലറി വ്യവസായത്തെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് സ്വാഗതാര്‍ഹവും സ്വര്‍ണ്ണ വ്യാപാര മേഖലയിലെ അനധികൃത ഇടപാടുകള്‍ക്ക് ഒരു പരിധി വരെ തടയിടുന്നതുമാണ്. സ്വര്‍ണ്ണ കള്ളക്കടത്തിനും അനധികൃത സ്വര്‍ണ്ണ ഇടപാടുകള്‍ക്കും എതിരെയുള്ള ഒരു ശുദ്ധീകരണ നടപടിയായി ഇതിനെ കണക്കാക്കാം. ജാതി -മത ഭേദമന്യേ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി തീര്‍ന്ന സ്വര്‍ണ്ണത്തിന്റെ ഉപഭോഗം സുതാര്യമാകണമെന്ന ലക്ഷ്യം കൂടി ഈ തീരുമാനത്തിന് പിന്നിലുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം കാര്യമില്ല. കള്ളക്കടത്തിനും നികുതി വെട്ടിപ്പിനും  ഇടയാക്കുന്ന മൂലകാരണമായ  ഉയര്‍ന്ന തോതിലുള്ള  നികുതി കുറയ്ക്കുകയും ,കുറഞ്ഞ നികുതി  ഉള്‍പ്പെടുത്തി വില്‍പ്പന വില നിശ്ചയിക്കുകയുമാണ് ചെയ്യേണ്ടത്. നിലവില്‍ ജി എസ് ടി ഉള്‍പ്പെടെ 15.5 ശതമാനമാണ് രാജ്യത്ത് സ്വര്‍ണ്ണത്തിന്റെ നികുതി നിരക്ക്. ഖനനം ചെയ്യുന്ന രാജ്യത്തിന്റെ റോയല്‍റ്റി കൂടി ചേരുമ്പോള്‍ ഇത് 20 ശതമാനത്തോളം വരും. ഇതാണ് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണ്ണം കള്ളക്കടത്തായി എത്തുന്നതിന്റെ കാരണമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. ഒട്ടുമിക്ക രാജ്യങ്ങളും സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഒഴിവാക്കിയോ നാമമാത്രമായ തീരുവ ഏര്‍പ്പെടുത്തിയോ ആണ് സ്വര്‍ണ്ണ കള്ളക്കടത്തിന് തടയിടുന്നത്. അമേരിക്ക, ചൈന, സിങ്കപ്പൂര്‍, ന്യൂസിലാന്റ്, മലേഷ്യ, യു എ ഇ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, ബഹറൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളൊന്നും  തന്നെ സ്വര്‍ണ്ണത്തിന് ഇറക്കുമതി തീരുവ ഈടാക്കുന്നില്ല. നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ ഒരു കിലോഗ്രാം സ്വര്‍ണ്ണത്തിന് 2500 രൂപ മാത്രമാണ് ഇറക്കുമതി തീരുവ ഈടാക്കുന്നത്. വലിയ തോതിലുള്ള ഇറക്കുമതി തീരുവ തന്നെയാണ് ഇന്ത്യയില്‍ സ്വര്‍ണ്ണ കള്ളക്കടത്തിന് ആകര്‍ഷണം പകരുന്നത്. കള്ളക്കടത്ത് ലോബിയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങി നികുതി വെട്ടിച്ച് യാതൊരു ബില്ലും നല്‍കാതെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണം വില്‍ക്കുന്ന നിരവധി അനധികൃത സ്വര്‍ണ്ണ വില്‍പനശാലകള്‍ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വലിയൊരു അന്താരാഷ്ട്ര കള്ളക്കടത്ത് ലോബിയാണ് ഇതിന് പിന്നിലുള്ളത്. വിമാന മാര്‍ഗം വഴിയും കടല്‍ വഴിയും കള്ളക്കടത്തായി വലിയ തോതില്‍ സ്വര്‍ണ്ണം  കേരളത്തിലേക്കും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കുമായി തുടര്‍ച്ചയായി എത്തുന്നുണ്ട്. ഇതിന്റെ വളരെ ചെറിയൊരു അംശം മാത്രമാണ് വല്ലപ്പോഴും പിടിക്കപ്പെടുന്നത്. കള്ളക്കടത്തിന് തടയിടുന്നതില്‍ വേണ്ടത്ര ജാഗ്രത സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

ഇറക്കുമതി തീരുവയും ജി എസ് ടിയും ഉള്‍പ്പെടെയുള്ള നികുതി നിരക്ക് ഏഴ് ശതമാനമായി കുറച്ച്‌കൊണ്ട് ഇത് ഉള്‍പ്പെടുത്തി വില്‍പന വില നിശ്ചയിക്കുകയും ബോര്‍ഡ് റേറ്റ് നിശ്ചയിക്കുന്നതിന്‍ സര്‍ക്കാറും സ്വര്‍ണ്ണ വ്യാപാരികളുടെ സംഘടനകളും ഉള്‍പ്പെട്ട ഒരു സമിതിയെ നിശ്ചയിക്കുകയും ചെയ്താല്‍ മാത്രമേ കള്ളക്കടത്ത് ലോബികളെ തടഞ്ഞു നിര്‍ത്താനാകൂകയുള്ളൂവെന്ന്  എം.പി.അഹമ്മദ് പറഞ്ഞു. ചെറുകിട സ്വര്‍ണ്ണ വ്യാപാരികള്‍ക്കും ആഭരണ നിര്‍മ്മാതാക്കള്‍ക്കുമെല്ലാം ആവശ്യമായ സ്വര്‍ണ്ണം രാജ്യത്ത് എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോരുത്തരും നല്‍കുന്ന നികുതി രാജ്യത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കുമാണ് ഉപയോഗിക്കപ്പെടുന്നതെന്ന ചിന്ത ഉപഭോക്താക്കളില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാറും, ഉദ്യോസ്ഥ സമൂഹവും വില്‍പ്പനക്കാരുടെ സംഘടനകളും മാധ്യമങ്ങളുമെല്ലാം കൂട്ടായ ബോധവത്ക്കരണം ജനങ്ങള്‍ക്കിടയില്‍ നടത്തണം. രാജ്യത്തിന്റെ മൊത്തം ജി ഡി പി യുടെ 7.5 ശതമാനം സ്വര്‍ണ്ണ - വജ്ര വ്യാപാര വില്‍പന മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 14 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. 60 ലക്ഷത്തോളം ആളുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വരുന്ന ബജറ്റില്‍ സ്വര്‍ണ്ണ വ്യാപാര മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള നടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും എം.പി.അഹമ്മദ് പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ