Newage News
23 Nov 2020
2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ നല്‍കാനുള്ള അവസാന തിയതി ഡിസംബര്‍ 31 ആണ്. പലരും ഇതിനകം റിട്ടേണ്‍ നല്‍കിക്കഴിഞ്ഞു. മറ്റുപലരും പാതിവഴിയിലുമാണ്. സ്വന്തമായി റിട്ടേണ്‍ നല്‍കുന്നവരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍വഴി നല്‍കുന്നവരും ഫയല്‍ ചെയ്യുന്നതിനുള്ള സമയംലാഭിക്കാന്‍ ചിലകാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതേക്കുറിച്ച് വിശദീകരിക്കാം.
ശമ്പളവരുമാനക്കാര്‍
തൊഴിലുടമയില്‍നിന്ന് ഫോം 16 ഇതിനകം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാകും. ഇല്ലെങ്കില്‍ ഉടനെ അതുവാങ്ങുക. കാരണം ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് ഫോം 16 ആവശ്യമാണ്.
വാടകയ്ക്കാണ് താമസിക്കുന്നതെങ്കില്‍ വാടക അലവന്‍സ് ഒഴിവാക്കിയിട്ടുണ്ടോയെന്ന് ഫോം 16നില് പരിശോധിക്കുക. നിക്ഷേപങ്ങളുടെയും ചെലവുകളുടെയും നികുതി ആനുകൂല്യത്തിനായി ചാപ്റ്റര്‍ VIA പ്രകാരം കിഴിവുകള്‍ ശരിയായി നല്‍കിയിട്ടുണ്ടോയെന്നും നോക്കുക. ഓഫീസില്‍നിന്ന് ആവശ്യപ്പെട്ട സമയത്ത് രേഖകള്‍ നല്കിയിട്ടില്ലെങ്കില് ഈ കിഴിവുകളൊന്നും ഫോം 16നില് കാണാന്കഴിയില്ല.
ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, ഭവനവായ്പ തിരിച്ചടവ്, വിദ്യാഭ്യാസ വായ്പ പലിശ, സ്കൂള്‍ ഫീസ് തുടങ്ങിയവയ്ക്കാണ് കിഴിവ് ലഭിക്കുക. നേരത്തെ ഈ കിഴിവ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഐടി റിട്ടേണ്‍ നല്കുമ്പോള് അവകാശപ്പെടാന്‍ അവസരമുണ്ട്.
ബിസിനസ്, സ്വയംതൊഴില്‍
ബിസിനസിലോ സ്വയംതൊഴിലിലോ ഏര്‍പ്പെട്ടിരിക്കുന്നവരാണെങ്കില്‍&zwzwj; വിറ്റുവരവോ വരുമാനമോ അടിസ്ഥാനമാക്കി നികുതി അടയ്ക്കാന്‍ ബാധ്യസ്ഥതയുണ്ടോയെന്ന് പരിശോധിക്കുക. വിറ്റുവരവ് നിശ്ചിത പരിധി കഴിയുന്നുവെങ്കില്‍ അക്കൗണ്ട് പുസ്തകം ഓഡിറ്റ് ചെയ്യുകയും റിപ്പോര്‍ട്ട് നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുകയുംവേണം.
ഫോം 26എഎസ് ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അക്കൗണ്ട് ബുക്കിന്റെ അടിസ്ഥാനത്തില്‍ ടിഡിഎസ് കാണിച്ചിട്ടുണ്ടോയന്ന് പരിശോധിക്കുക. എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അതിന് വ്യക്തതതേടാം.
മൂലധന നേട്ടം
മ്യച്വല്‍ ഫണ്ടില്‍നിന്ന് നിക്ഷേപം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ ഇടപാടുകളുടെ സ്റ്റേറ്റുമെന്റ് പരിശോധിക്കുക. ബാങ്ക് അക്കൗണ്ടില്‍നിന്ന് ഈവിവരങ്ങള് ലഭ്യമാകില്ല. ഫണ്ട് കമ്പനികളോ അവരുടെ രജിസ്ട്രാര്‍മാരെ ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കും. ഓഹരി നിക്ഷേപകരാണെങ്കില്‍ ബ്രോക്കര്‍മാരില്‍നിന്ന് സ്റ്റേറ്റുമെന്റ് ആവശ്യപ്പെടാം. ഈ സ്റ്റേറ്റുമെന്റുകളിലുള്ള എല്ലാ ഇടപാടുകളും നിങ്ങളുടെ വരുമാനമായി കണക്കുകൂട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. വസ്തു ഇടപാട് നടത്തിയിട്ടുള്ളവര്‍ മൂലധനനേട്ടത്തിന് ഇന്ഡക്സേഷന് കഴിച്ചുള്ള നികുതി നല്‍കണമെന്നകാര്യം മറക്കേണ്ട.
പലിശവരുമാനം
ബാങ്കില്‍ സ്ഥിരനിക്ഷേപമുണ്ടെങ്കില്‍ ലഭിച്ച പലിശകളുടെ വിവരങ്ങള്‍ ഐടിആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. അതിനായി വാര്‍ഷിക സ്റ്റേറ്റുമെന്റ് ബാങ്കില്‍നിന്ന് വാങ്ങാം. പലിശവാങ്ങാതെ നിക്ഷേപം പുതുക്കിയിട്ടിട്ടുണ്ടെങ്കിലും അതിന് ആദായനികുതി നല്‍കണമെന്നകാര്യം മറക്കേണ്ട.
ഫോം 26എസ് പരിശോധിക്കുക
നിങ്ങള്‍ നടത്തിയിട്ടുള്ള ഇടപാടുകളിലെ ടിഡിഎസ്, ടിസിഎസ് എന്നിവ പ്രതിഫലിക്കുന്ന സ്റ്റേറ്റുമെന്റാണ് ഫോം 26എസ്. അതുപരിശോധിച്ചാല്‍ ഇതിനകം ഏതൊക്കെവഴയില്‍ നിങ്ങള്‍ നികുതി അടച്ചിട്ടുണ്ടെന്ന് ബോധ്യമാകും. ആദായനികുതി റിട്ടേണ്‍ നല്കാന് 26 എസിലെ ഉള്ളടക്കം നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം. നിങ്ങളുടെ വരുമാനം കൃത്യമായും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉറവിടത്തില്‍നിന്ന് നികുതി കിഴിച്ചവിവരങ്ങള്‍ അതില്‍ വിശദമായി ഉണ്ടാകും. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍നിന്ന് 26എസ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.