Newage News
31 Mar 2020
ലോകം മുഴുവൻ ഭീതി പടർത്തിയ മഹാമാരികളെല്ലാം മനുഷ്യന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്നതാണ് ചരിത്രം; കോവിഡ്-19 ന്റെ ഭാവിയും വ്യത്യസ്തമല്ല. വിവിധ രാജ്യങ്ങളിൽ കോവിഡ്-95 സംഹാരതാണ്ഡവമാടുമ്പോൾ പ്രതീക്ഷാ നിർഭരമായ വാർത്തകളും അനുദിനമെന്നോണം പുറത്തുവരുന്നുണ്ട്. ഈ ആഗോള പോരാട്ടത്തിൽ ഇന്ത്യയും മുന്നിലുണ്ട്. കോവിഡ്-19 അതിജീവന പാതയിലെ ചില നാഴികക്കല്ലുകൾ:
1. കൊറോണയെ അതിജീവിച്ച് ഹൈറിസ്ക് കാറ്റഗറി രോഗികൾ: കേരളത്തിന് നിർണായക നേട്ടം
ലോകമാകെ 60 വയസിന് മുകളിലുള്ള കോവിഡ് ബാധിതരെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുമ്പോൾ കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 93 വയസും 88 വയസും പ്രായമുള്ള വൃദ്ധ ദമ്പതികൾക്ക് കോവിഡ് ഭേദമായത്
നിർണായക നേട്ടമായി. ഇറ്റലിയിൽ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളിൽ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ്, മറിയാമ്മ ദമ്പതികളാണ് കൊറോണ രോഗബാധയിൽ നിന്ന് മോചിതരായത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജിലെ എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ.
2. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ച് സംസ്ഥാനം
തിരുവനന്തപുരം: ഒരാഴ്ചയ്ക്കിടയിൽ കേരളത്തിൽ കൊറോണ ടെസ്റ്റുകളുടെ തോതിൽ വർധനവ്. പത്ത് ലക്ഷത്തിൽ 113 ആളുകളെ ടെസ്റ്റ് ചെയ്തിരുന്നത് 188 ആയി ഉയർന്നു. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയുടെ ടെസ്റ്റുകളുടെ വർധനവുമായി താരതമ്യം ചെയ്യുമ്പോൾ നാലര ഇരട്ടി വർധനവാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. താരതമ്യേന ഭേദപ്പെട്ട തോതിൽ ടെസ്റ്റിങ് നടക്കുന്ന കർണാടകയിലും പത്ത് ലക്ഷത്തിൽ 47 പേർ എന്ന നിലയാണുള്ളത്. കൂടുതൽ ടെസ്റ്റ് നടക്കുന്നത് മൂലമാണ് സംസ്ഥാനത്ത് കൊറോണ രോഗികൾ വർധിക്കുന്നതെന്നതിന്റെ തെളിവ് കൂടിയാണ് ഈ കണക്കുകൾ.
3. ഖിലാഡിയോൻ കാ ഖിലാഡി അക്ഷയ്; ബാഹുബലി പ്രഭാസ്
മുംബൈ: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബോളിവുഡ് നടൻ അക്ഷയ് കുമാർ. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ രൂപം നൽകിയ 'പിഎം കെയേഴ്സ്' ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്യുമെന്നാണ് അക്ഷയ് കുമാർ അറിയിച്ചത്. പ്രമുഖ തെന്നിന്ത്യൻ താരം പ്രഭാസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാല് കോടി അൻപത് ലക്ഷം രൂപ സംഭാവന നൽകി.
4. വ്യാപാരികൾക്ക് വാടക ഒഴിവാക്കി നൽകിയ കേരള മാതൃകയ്ക്ക് രാജ്യമെങ്ങും അഭിനന്ദനം
കോഴിക്കോട്: കോവിഡ് ഭീഷണി മൂലം ബിസിനസ് തകർച്ച നേരിടുന്ന വ്യാപാരികൾക്ക് വാടക ഒഴിവാക്കി നൽകിയ സംസ്ഥാനത്തെ വിവിധ കെട്ടിട ഉടമകളുടെ മാതൃകക്ക് രാജ്യമെങ്ങും അഭിനന്ദനം. ചാലിശ്ശേരി സ്വദേശി സി. ഇ. ചാക്കുണ്ണി, എം. എ. യൂസഫ് അലിയുടെ ഉടമസ്ഥതയിലുള്ള ലുലു മാൾ തുടങ്ങി നിരവധി കെട്ടിട ഉടമകൾ ഇത്തരത്തിൽ അനുകരണീയ മാതൃകയുമായി മുന്നോട്ട് വന്നിരുന്നു.
5. ജാക്ക് മാ കൈത്താങ്ങായത് മുപ്പതോളം രാജ്യങ്ങൾക്ക്
കോവിഡിനെതിരായ പോരാട്ടത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കും ഇന്ത്യയും ചൈനയും ഉൾപ്പെടെ 23 ഏഷ്യൻ രാജ്യങ്ങൾക്കും കൈത്താങ്ങായി ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ. ടൺ കണക്കിന് മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ വസ്തുക്കളുമാണ് ലോകത്തെ വിവിധ രാജ്യങ്ങൾക്ക് ജാക്ക് മായും അദ്ദേഹത്തിൻറെ ആലിബാബ കമ്പനിയും എത്തിച്ചു നൽകിയത്. 7.4 ദശലക്ഷം മാസ്കുകൾ, 485000 ടെസ്റ്റ് കിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
6. കോർപ്പറേറ്റ് ഇന്ത്യയുടേത് ഉറച്ച പിന്തുണ
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ വ്യവസായ ലോകം നൽകുന്നത് ഉറച്ച പിന്തുണ. പ്രതിരോധ പ്രവർത്തനങ്ങൾക്കായി വേദാന്ത റിസോഴ്സസ് സ്ഥാപകൻ അനിൽ അഗർവാൾ 100 കോടി രൂപ നൽകും. പ്രമുഖ മദ്യ നിർമാണ കമ്പനിയായ ഡിയാജിയോ ഇന്ത്യ മൂന്ന് ലക്ഷം ലിറ്റർ സാനിറ്റൈസർ നിർമിച്ചു നൽകും