TECHNOLOGY

ബഹിരാകാശ കുതിപ്പിനൊരുങ്ങി ഇന്ത്യ; ചന്ദ്രയാൻ പദ്ധതിക്ക് പിന്നാലെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് ഐഎസ്ആർഒ, ഗഗൻയാന് പിന്നാലെ ആദിത്യ മിഷനും വീനസ് മിഷനും ഒരുങ്ങുന്നു

14 Jun 2019

ന്യൂഏജ് ന്യൂസ്, ന്യൂല്‍ഹി: ബഹിരാകാശത്ത് സ്വന്തമായി സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി ഐ.എസ്.ആര്‍.ഒ മേധാവി കെ.ശിവന്‍. ചന്ദ്രയാന്‍-2ന്റെ വിക്ഷേപണ തിയ്യതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് ഐ.എസ്.ആര്‍.ഒ പുതിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കുന്നത്.

‘ഗഗന്‍യാന്‍ പദ്ധതി വിപുലീകരിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്’- ശിവന്‍ പറയുന്നു. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ അടുത്ത ബഹിരാകാശ വാഹനം ഈ വര്‍ഷം ജൂലായ് 15ന് വിക്ഷേപിക്കുമെന്ന് ബുധനാഴ്ച ശിവന്‍ അറിയിച്ചിരുന്നു. വിക്ഷേപണത്തിന്റെ 52ാം ദിവസം സെപ്തംബര്‍ അഞ്ച് അല്ലെങ്കില്‍ ആറ് തിയ്യതികളില്‍ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്.

ചന്ദ്രന്റെ ദക്ഷിണഭാഗങ്ങളെക്കുറിച്ച് ചാന്ദ്രയാന്‍ രണ്ട് വിശദമായി പഠിക്കുമെന്നും, അത്തരത്തില്‍ പഠനം നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യ എന്നും ഐ.എസ്.ആര്‍.ഒ നേരത്തെ അറിയിച്ചിരുന്നു. ഐ.എസ്.ആര്‍.ഒ ഇതുവരെ ചെയ്തതില്‍ വെച്ചേറ്റവും ശ്രമകരമായ ദൗത്യമായിരിക്കും ചന്ദ്രയാന്‍-2ന്റേതെന്നും ശിവന്‍ പറഞ്ഞിരുന്നു.

978 കോടി രൂപയാണ് ചന്ദ്രയാന്‍-2 പദ്ധതിയുടെ ചിലവ്. ബഹിരാകാശയാത്രികര്‍ക്ക് താത്കാലിക താമസത്തിനും മറ്റുമായി നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയമാണുള്ളത്.  ഭൂമിയെ നിരന്തരം വലയം വെച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം 250 മൈലുകള്‍ അകലത്തിലാണ് സ്ഥിതി ചെയ്തിട്ടുള്ള. 1998 ലാണ് ഈ കൂറ്റന്‍ ലബോറട്ടറി ബഹിരാകാശത്തേക്കയക്കുന്നത്. 2000ലാണ് ആദ്യമായി ഇവിടെ സന്ദര്‍ശകരെത്തുന്നത്.

അമേരിക്ക, റഷ്യ, ജപ്പാന്‍, യൂറോപ് തുടങ്ങിയ രാജ്യങ്ങളിെല ലാബുകള്‍ നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

ബഹിരാകാശത്തേക്ക് ഇന്ത്യയില്‍ നിന്നും മനുഷ്യര്‍ പുറപ്പെടുക 2022ലെ സ്വാതന്ത്ര്യ ദിനത്തിലായിരിക്കും. ഐഎസ്‌ആര്‍ഒയുടെ നാല് സുപ്രധാന ദൗത്യങ്ങള്‍ പ്രഖ്യാപിക്കവെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രയാന്‍ രണ്ട് ദൗത്യം, ഗഗന്‍യാന്‍ ദൗത്യം, ആദിത്യ മിഷന്‍, വീനസ് മിഷന്‍ എന്നീ നാല് വിക്ഷേപണ ദൗത്യങ്ങള്‍ക്കാണ് ഐഎസ്‌ആര്‍ഒ തയ്യാറെടുക്കുന്നത്. സൂര്യനെക്കുറിച്ച്‌ പഠിക്കാന്‍ ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതിയാണ് ആദിത്യ മിഷന്‍, ശുക്രനെക്കുറിച്ച്‌ പഠിക്കുന്നതിനുള്ള ദൗത്യത്തിന്റെ പേര് വീനസ് മിഷന്‍ എന്നായിരിക്കും.

രണ്ടോ മൂന്നോ പേരായിരിക്കും പ്രഥമ ഗഗന്‍യാന്‍ ദൗത്യത്തിലുണ്ടാകുക. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കുക ഇന്ത്യയില്‍ തന്നെയായിരിക്കും. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ഗഗന്‍യാന്‍ പദ്ധതിക്കായി പ്രത്യേക സെല്‍ രൂപവത്കരിക്കും. ഗഗന്‍യാന്‍ ദേശീയ ഉപദേശക കൗണ്‍സിലായിരിക്കും പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുക.

ആറ് മാസത്തിനുള്ളില്‍ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കും. ഐഎസ്‌ആര്‍ഒ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാര്‍ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടന്നു. ഗഗന്‍യാന് വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായുള്ള ചുമതല വ്യോമസേന ഏറ്റെടുത്തിരുന്നു. ഇത് സംബന്ധിച്ചുള്ള കരാറില്‍ വ്യോമസേനയും ഐഎസ്‌ആര്‍ഒയും കഴിഞ്ഞ മാസമാണ് ഒപ്പ് വച്ചത്. ഗഗന്‍യാന് വേണ്ടി യോജ്യരായ 10 അംഗങ്ങളെ രണ്ട് മാസത്തിനുള്ളില്‍ വ്യോമസേന തെരഞ്ഞെടുക്കുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ ഇന്നലെ അറിയിച്ചിരുന്നു. ഈ പത്ത് പേരില്‍ നിന്നാകും ചരിത്രദൗത്യത്തിന് വേണ്ടിയുള്ള മൂന്ന് പേരെ തെരഞ്ഞെടുക്കുക.

ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ മീറ്റിങ് കഴിഞ്ഞ ദിവസം നടന്നതായും അദ്ദേഹം വ്യക്തമാക്കി. എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ ജി കെ കപൂര്‍ (അസി. ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ഓപ്പറേഷന്‍സ് (സ്പെയ്സ്)), അഡ്‌മിറല്‍ ഡി എസ് ഗുജാര്‍ (അസി. ചീഫ് ഓഫ് നേവല്‍ സ്റ്റാഫ്), ഡിആര്‍ഡിഒ ഡയറക്ടര്‍ സതീഷ് റെഡ്ഡി, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആര്‍ മാധവന്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ ഏജന്‍സികള്‍ക്കെല്ലാം ഗഗന്‍യാന്‍ മിഷനില്‍ നിര്‍ണായകമായ സ്ഥാനമുണ്ട്. യാത്രികരെ തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കുന്നതിനുള്ള ചുമതല വ്യോമസേനക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മുന്‍ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയുമായി ദൗത്യ വിവരങ്ങള്‍ പങ്കു വച്ചതായും, തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കവുള്ള പരിശീലന പരിപാടികളെ കുറിച്ച്‌ സംസാരിച്ചതായും കെ.ശിവന്‍ വ്യക്തമാക്കി. എല്ലാ ആറ് മാസത്തിലൊരിക്കലും നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ മീറ്റിങ് ചേരും. മൂന്നു മാസത്തിലൊരിക്കല്‍ ദൗത്യത്തിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനും തീരുമാനമായിട്ടുണ്ട്. ഇതിന് പുറമെ വിദേശത്ത് നിന്നുള്ള വിദഗ്ധരുടെ സഹായവും ഉപയോഗിക്കുമെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കി.Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ