ECONOMY

ഉഭയകക്ഷി ബന്ധത്തിൽ പുതിയൊരു അധ്യായം തുറന്ന് ഇന്ത്യയും യുഎസും; പ്രതിരോധ ഇടപാടിൽ ഉണ്ടായത് വലിയ ചുവടുവയ്പ്, ആയുധവ്യാപാരത്തെ മറികടക്കുന്ന എണ്ണ വ്യാപാരവും

Newage News

25 Feb 2020

ൻ പ്രതിരോധ കരാറിൽ ഏർപ്പെട്ടതോടെ ഉഭയകക്ഷി ബന്ധത്തിൽ പുതിയൊരു അധ്യായമാണ് ഇന്ത്യയും യുഎസും തുറന്നത്. 300 കോടി ഡോളറിലധികം വില വരുന്ന ആധുനിക സൈനികോപകരണങ്ങൾ അമേരിക്കയിൽനിന്നു  വാങ്ങുന്നതിനുള്ള കരാറിലാണ് ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനത്തു സംഘടിപ്പിച്ച ‘നമസ്തേ ട്രംപ്’ സമ്മേളനത്തിന്റെ നിഴലിൽപെട്ടുപോയെങ്കിലും യുഎസ് പ്രസിഡന്റിന്റെ പര്യടനത്തിലെ ഏറ്റവും പ്രധാന സംഭവവികാസം ഇതായിരുന്നുവെന്ന് ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിൽ പ്രഫസറായ  ഡോ. ബിശ്വജിത് ധർ പറയുന്നു. 2019 ഡിസംബറിൽ പ്രതിരോധ, ഭീകരവിരുദ്ധ രംഗങ്ങളിൽ സഹകരിക്കാനായുള്ള ഇന്ത്യ – യുഎസ് കരാറിനെ ഒരു പടികൂടി മുകളിലേക്ക് ഉയർത്തുന്നതാണ് ഈ കരാർ. പ്രതിരോധരംഗത്തു റഷ്യയുമായി സഹകരിക്കാൻ ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ ശ്രമങ്ങളിൽ പ്രകടമായ അതൃപ്തിയുണ്ടായിരുന്ന യുഎസിനെ സമാധാനിപ്പിക്കാനുള്ള കരാർ കൂടിയായി ഇതിനെ കാണാം.

ഇന്ത്യയുടെ തദ്ദേശീയ ആയുധ നിർമാണശേഷി ശക്തിപ്പെടുത്തുന്ന കാര്യത്തിൽ യുഎസിനു സഹായിക്കാനാവും എന്നു സൂചിപ്പിക്കുന്നതാണ് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ലയുടെ പ്രസ്താവന. രാജ്യാന്തര മികവുള്ള സ്ഥാപനങ്ങൾ തുടങ്ങിയും ഗവേഷണം, രൂപകൽപന, വികസനം തുടങ്ങിയവ ശക്തിപ്പെടുത്തിയും പ്രതിരോധ വ്യവസായ വികസനത്തിലുള്ള താൽപര്യം 2016ലെ പ്രതിരോധനയത്തിൽ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ആയുധസംഭരണം, സാങ്കേതികവിദ്യ, സംയുക്ത സംരംഭം എന്നീ കാര്യങ്ങളിൽ ഉയർന്ന പരിഗണന ട്രംപ് ഉറപ്പു നൽ‌കിയിട്ടുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. 

പൈപ് ലൈൻ എത്താത്ത പ്രദേശങ്ങളിൽ റോഡ്, ട്രെയിൻ, ജലപാത വഴി ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) എത്തിക്കാനുള്ള ധാരണാപത്രമാണ് ഏറ്റവും വലിയ കാര്യം. ഇതിനാണ് ക്രയോജനിക് ഉപകരണ നിർമ‍ാതാക്കളായ ചാർട്ട് ഇൻഡസ്ട്രീസുമായി ഇന്ത്യൻ ഓയിൽ കോർപറേഷനും എക്സോൺമോബിൽ ഇന്ത്യ എൽഎൻജി ലിമിറ്റഡും ധാരണയിലെത്തിയിട്ടുള്ളത്. ഇന്ധനനിലയങ്ങൾ, റെയിൽകാറുകളിലൂടെയും കണ്ടെയ്നറുകളിലൂടെയും മറ്റും എൽഎൻജി എത്തിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ എന്നിവയും ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ ഇറക്കുമതി കുറച്ചതിനു ശേഷം യുഎസിൽനിന്ന് ഇന്ത്യ ഇറക്കുമതി വർധിപ്പിച്ചു വരികയാണ്. സമീപഭാവിയിൽ, ആയുധങ്ങളെക്കാൾ കൂടുതൽ യുഎസിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാവും ഇന്ത്യ.

മറ്റു രണ്ടു കരാറുകൾ കൂടി ഒപ്പിട്ടിട്ടുണ്ട്: ഇരു രാജ്യങ്ങളിലും മരുന്നിന്റെയും മെഡിക്കൽ ഉപകരണങ്ങളുടെയും നിർമാണം നിയന്ത്രിക്കുന്ന സർക്കാർ ഏജൻസികൾ തമ്മിൽ ഉൽപന്ന സുരക്ഷ ഉറപ്പാക്കുന്നതിനായി ഏർപ്പെട്ടിരിക്കുന്ന കരാറാണ് ഒന്ന്. മാനസികാരോഗ്യം സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും സർക്കാർ വകുപ്പുകൾ തമ്മിലുണ്ടാക്കിയ സഹകരണ കരാറാണു രണ്ടാമത്തേത്.‌

ഡോണൾഡ് ട്രംപിന്റെ സന്ദർശനം പ്രഖ്യാപിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാറുണ്ടാകുമെന്ന പ്രതീക്ഷ ഉയർന്നിരുന്നു. എന്നാൽ, പരിഹരിക്കപ്പെടാതെ കിടന്നിരുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ച് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസ് വിപണിയിൽ പ്രവേശനമില്ലാതായതും ഉയർന്ന തീരുവ ചുമത്തി ഇന്ത്യ തുടർച്ചയായി യുഎസ് ഉൽപന്നങ്ങൾ വിലക്കിയിരിക്കുകയാണെന്ന ട്രംപിന്റെ ആരോപണവും കണക്കിലെടുക്കുമ്പോൾ കരാറിനു സാധ്യതയില്ലെന്നു നേരത്തേ തന്നെ വ്യക്തമായിരുന്നു.

ഇന്ത്യയും യുഎസും വ്യാപാര കരാർ സംബന്ധിച്ച ചർച്ച തുടങ്ങുമെന്നും അതിനു രൂപം നൽകാൻ രണ്ടു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചർച്ചകൾക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ആഗോള ധാരയിലേക്കു വരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ വലിയൊരു ചുവടുവയ്പാണിത്. 4 മാസം മുൻപാണ് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽനിന്നു പിൻമാറി ഇന്ത്യ പിന്നോട്ടൊരു ചുവടുവച്ചത്. ഇറക്കുമതിയിൽ ഇനിയും ഉദാരവൽക്കരണം നടപ്പാക്കുന്നത് തങ്ങളെ തകർക്കുമെന്നു ചൂണ്ടിക്കാട്ടി കൃഷി, നിർമാണ മേഖലകൾ ഉയർത്തിയ പ്രതിഷേധമായിരുന്നു പിൻമാറ്റത്തിനു കാരണം. സമീപകാലത്ത്, ഒട്ടേറെ ഉൽപന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി കൃഷി – നിർമാണ മേഖലയുടെ ആവശ്യങ്ങളോട് അനുകൂലമായി സർക്കാർ പ്രതികരിക്കുകയും ചെയ്തു. ഇതിലൂടെ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും സർക്കാർ വാദിക്കുന്നു. 

വിപണി തുറന്നുകൊടുത്ത് യുഎസുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ ഇന്ത്യ ഒരു ചുവടുകൂടി മുന്നോട്ടു വയ്ക്കുമ്പോൾ, ആഭ്യന്തര താൽപര്യങ്ങൾ സംരക്ഷിക്കുന്നത് എങ്ങനെ എന്നതു താൽപര്യപൂർവം ഉറ്റുനോക്കപ്പെടും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ