Newage News
13 Jan 2020
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടുത്ത മാസം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്നു സൂചന. ട്രംപിന്റെ സന്ദർശനത്തിനു സൗകര്യപ്രദമായ തീയതികൾ ഇരു രാജ്യങ്ങളും പരസ്പരം കൈമാറിയെന്നാണ് വിവരം. പ്രസിഡന്റിന്റെ ഇംപീച്ച്മെന്റ് നടപടികളുടെ ഭാഗമായി ഈ ആഴ്ച ആരംഭിക്കുന്ന സെനറ്റ് വിചാരണയുടെ പുരോഗതി അനുസരിച്ചാകും അന്തിമതീയതി നിശ്ചയിക്കുക.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ട്രംപ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനു ഒരു വർഷത്തിനു ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സന്ദർശനത്തിനു കളമൊരുങ്ങുന്നത്. ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമുണ്ടെന്ന് കഴിഞ്ഞ നവംബറിലും ട്രംപ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കഴിഞ്ഞ മാസം യുഎസ് സന്ദർശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ – യുഎസ് ബന്ധം കരുത്തിൽനിന്നു കരുത്തിലേക്കു വളരുകയാണെന്നു മോദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയായിരുന്നു ഇരുവരുടെയും ഫോൺ സംഭാഷണം.
ഇന്ത്യയും യുഎസും തമ്മിൽ ഒരു ഹ്രസ്വകാല വ്യാപാര കരാറിനും സാധ്യതയുണ്ടെന്ന് ഇരു രാജ്യങ്ങളും നേരത്തെ സൂചന നൽകിയിരുന്നു. വ്യാപാര മേഖലയിലെ ഭിന്നതകൾ പരിഹരിക്കുന്നതിനായി ഇരുപക്ഷവും ചർച്ചകൾ നടത്തിവരികയാണ്. ട്രംപിന്റെ സന്ദർശനത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുമോയെന്നും വ്യക്തമല്ല.
Content Highlights: India, US in talks to finalise dates for Donald Trump’s state visit