03 Oct 2019
ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ യുഎസ് – ഇന്ത്യ വ്യാപാരക്കരാർ വൈകാൻ കൃത്യമായ കാരണമില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ്. എന്നാൽ, ഇ–കൊമേഴ്സുമായി ബന്ധപ്പെട്ട് ആഭ്യന്തരമായി ഇന്ത്യ നൽകുന്ന സംരക്ഷണങ്ങൾ ഒഴിവാക്കാതെ യുഎസിന്റെ നിലപാടുകളിൽ മാറ്റമുണ്ടാകില്ലെന്നും റോസ് സൂചിപ്പിച്ചു.
ഇന്ത്യാ സാമ്പത്തിക ഉച്ചകോടിയിലാണ് (ഐഇഎഫ്) റോസ് നിലപാട് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി വളരെ കൂടുതലാണെന്നും ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള സംരക്ഷണ വ്യവസ്ഥകളാണ് പ്രധാന കാരണമെന്നും റോസ് സൂചിപ്പിച്ചു. ഏറ്റവും കൂടുതൽ സംരക്ഷണ വ്യവ്യസ്ഥകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
നികുതി രഹിത ഇറക്കുമതി അനുവദിക്കുന്ന കരാർ (ജിഎസ്പി) പിൻവലിച്ച നടപടി പുനഃപരിശോധിക്കാനുള്ള സാധ്യത റോസ് സൂചിപ്പിച്ചു. ഇന്ത്യയ്ക്കു ജിഎസ്പിക്ക് അർഹതയില്ലെന്നാണ് യുഎസ് കരുതുന്നത്. എങ്കിലും, വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യുകയാണെന്നും ജിഎസ്പി പുനഃസ്ഥാപിച്ചാൽ അതിനെ പരിമിതമായ വ്യാപാരക്കരാർ എന്നു പറയാമെന്നും റോസ് പറഞ്ഞു.
എന്നാൽ, ഇന്ത്യയിലെ ചെറുകിട കച്ചവടക്കാർക്കു തടസ്സമാകുന്ന ഇ–കൊമേഴ്സ് രീതികൾ അനുവദിക്കാനാവില്ലെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. രാജ്യത്ത് 6 കോടി ചെറുകിട കച്ചവട സ്ഥാപനങ്ങളെങ്കിലുമുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ പകുതിയുടെയെങ്കിലും നിത്യജീവിതവുമായി ബന്ധപ്പെട്ട സംരംഭങ്ങളാണിവ. അവ നശിപ്പിക്കുന്ന സമീപനം സാധ്യമല്ലെന്നു ഗോയൽ പറഞ്ഞു.
വ്യാപാര കരാർ സംബന്ധിച്ച് റോസും ഗോയലും ഇന്നലെ ചർച്ച നടത്തി. ചൈനയിൽനിന്നും ഇന്ത്യയിൽനിന്നും യുഎസിലേക്കുള്ള കയറ്റുമതി തമ്മിലുള്ള താരതമ്യവും സാധ്യമാകുന്ന മാറ്റങ്ങളുമായിരുന്നു പ്രധാന ചർച്ചയെന്നു റോസ് സൂചിപ്പിച്ചു. ഇന്ത്യയ്ക്കുള്ള ചരക്കുകളുടെ കടത്ത് (ലോജിസ്റ്റിക്സ്) സുഗമമാക്കാനുള്ള നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ദേശീയ ലോജിസ്റ്റിക്സ് നയത്തിന്റെ കരട് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസും വിവിധ മന്ത്രാലയങ്ങളുമായി ഇന്നലെ ചർച്ച നടന്നു. ചരക്കുകടത്തിന്റെ ചെലവ് ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 13–14 ശതമാനമാണ്. ഇത് 10% ആക്കാനാണു ശ്രമം. കടത്തു ചെലവ് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ. ഇത് രാജ്യാന്തര വിപണിയിലെ മൽസരശേഷിയെയും ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.
അതിനിടെ റഷ്യയിൽനിന്ന് വ്യോമപ്രതിരോധ മിസൈൽ (എസ്–400) വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ യുഎസ് രംഗത്ത്. ഈ ഇടപാട് ഉപരോധത്തിന് ഇടയാക്കുമെന്ന് യുഎസ് മുന്നറിയിപ്പു നൽകി. കഴിഞ്ഞ വർഷമാണ് മിസൈൽ ഇടപാടിന് ഇന്ത്യയും റഷ്യയും ധാരണയുണ്ടാക്കിയത്. യുഎസിനെ അനുനയിപ്പിച്ച് ഇടപാട് തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യയും റഷ്യയുമായുള്ള ചരിത്രപരമായ ബന്ധം തങ്ങൾക്കു മനസിലാകുമെങ്കിലും യുഎസ് മിസൈലുകൾ മെച്ചപ്പെട്ടതാണെന്ന് വാണിജ്യ സെക്രട്ടറി വിൽബർ റോസ് സൂചിപ്പിച്ചു.