ECONOMY

ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പനയിൽ ഏഴു ശതമാനത്തിന്റെ വര്‍ധന; ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളില്‍ വിറ്റുപോയത് മൂന്നു കോടി ഇരുപതു ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍, ഒരു കോടി വിൽപ്പനയുടെ നിറവിൽ ഷവോമി

15 May 2019

ന്യൂഏജ് ന്യൂസ്, രാജ്യാന്തര തലത്തില്‍ സ്മാര്‍ട് ഫോണ്‍ വില്‍പന ആറു ശതമാനമാണ് കുറഞ്ഞിരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അത് ഏഴു ശതമാനം വര്‍ധനയാണ് കാണിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളില്‍ ഇന്ത്യയില്‍ ഏകദേശം മൂന്നു കോടി ഇരുപതു ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റു പോയി എന്നാണ് കണക്കുകള്‍ പറയുന്നത്.

ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്‍പറേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം 2019ന്റെ ആദ്യ മൂന്നു മാസം ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വിറ്റത് ചൈനീസ് കമ്പനി ഷവോമിയാണ്. ഏകദേശം ഒരു കോടിയോളം ഫോണുകളാണ് അവര്‍ വില്‍പനയ്‌ക്കെത്തിച്ചത്. ഇന്ത്യയിലെ വില്‍പനയുടെ 30.6 ശതമാനമാണ് അവരിപ്പോള്‍ കയ്യടക്കി വച്ചിരിക്കുന്നത്. ഇതാകട്ടെ, കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെതിനെക്കാള്‍ 8.1 ശതമാനം വളര്‍ച്ചാണ് കാണിക്കുന്നത്.

എന്തുകൊണ്ടാണ് ഷവോമി ഒന്നാം സ്ഥാനത്തു തുടരുന്നത് എന്നതു മനസ്സിലാക്കാന്‍ ഡേറ്റാ ശാസ്ത്രജ്ഞന്റെ സേവനമൊന്നും തേടേണ്ട സാഹചര്യമില്ല. സാമാന്യബുദ്ധി ധാരാളം മതി. ഷവോമി ഉന്നംവയ്ക്കുന്നത് ഇന്ത്യയിലെ മധ്യനിര വാങ്ങലുകാരെയാണ്. ഏകദേശം 15,000 രൂപയില്‍ താഴെ ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി മികച്ച മോഡലുകൾ എത്തിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇതിനാലാണ് അവരുടെ വളര്‍ച്ച ആശ്ചര്യജനകമായി ഇപ്പോഴും തുടരുന്നത്. റെഡ്മി നോട്ട് 7 പ്രോ സാധാരണക്കാരനെ മോഹിപ്പിക്കുന്ന ഫീച്ചറുകളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഇറക്കിയിരിക്കുന്നത് എന്നു കാണാം. ഈ മോഡലാകട്ടെ റിവ്യൂവര്‍മാരുടെയും ഉപയോക്താക്കളുടെയും പ്രശംസ ഏറ്റുവാങ്ങിയാണ് വില്‍പന തുടരുന്നത്. 

റെഡ്മി നോട്ട് 7, 7 പ്രോ മോഡലുകള്‍ മാത്രം ഏകദേശം 20 ലക്ഷം യൂണിറ്റുകളാണ് മൂന്നു മാസത്തിനിടെ ഇന്ത്യയില്‍ വിറ്റിരിക്കുന്നത്. കുറച്ചു കൂടെ വില കുറഞ്ഞ ഫോണ്‍ അന്വേഷിക്കുന്നവര്‍ക്കായി റെഡ്മി ഗോയും ഇറക്കി. ഇവയ്ക്കിടയ്ക്കുള്ള വിപണിലെ വില്‍പന കേന്ദ്രീകരിച്ചാണ് ഷവോമി ഒന്നാം സ്ഥാനത്തു തുടരുന്നത്. 2019 ജനുവരി-മാര്‍ച്ച് കാലഘട്ടത്തില്‍, ഓണ്‍ലൈന്‍ ഫോണ്‍ വില്‍പനയില്‍ ഷവോമിയുടെ സമഗ്രാധിപത്യമാണ്. വിറ്റുപോയ ഫോണുകളില്‍ 48.6 ശതമാനവും അവരുടേതാണ്.

സാംസങ് രണ്ടാം സ്ഥാനത്ത് തുടരുന്നു. ഏകദേശം 72 ലക്ഷം ഫോണുകളാണ് അവര്‍ ഈ കാലയളവില്‍ ഇന്ത്യയില്‍ വിറ്റിരിക്കുന്നത് എന്നാണ് ഗവേഷണ കമ്പനിയുടെ കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കണക്കു നോക്കിയാല്‍ സാംസങ്ങിന് 4.8 ശതമാനം വില്‍പന കുറഞ്ഞതായി കാണാം. ഓണ്‍ലൈനിലൂടെ മാത്രം വില്‍ക്കാന്‍ തുടങ്ങിയ ഗ്യാലക്‌സി എം സീരിസ് സാംസങ്ങിന് കുറച്ചൊരുണര്‍വു പകര്‍ന്നിട്ടുണ്ടെന്നു കാണാം. ഒപ്പോ എഫ് 1, വിവോ വി15 പ്രോ തുടങ്ങിയ ഫോണുകള്‍ക്കു ലഭിച്ചു വരുന്ന ജനസമ്മതി തങ്ങള്‍ക്ക് അനുകൂലമാക്കാനായി അവര്‍ ഗ്യാലക്‌സി എ സീരിസും അവതരിപ്പിച്ചു.

മൂന്നാം സ്ഥാനത്ത് മറ്റൊരു ചൈനീസ് കമ്പനിയാണ്, വിവോ. മതിപ്പു തോന്നിപ്പിക്കുന്ന വളര്‍ച്ചയാണ് അവരും നടത്തിയിരിക്കുന്നത്. ആദ്യ മൂന്നു മാസം ഇന്ത്യയില്‍ വിറ്റ ഫോണുകളുടെ എണ്ണം 42 ലക്ഷമാണത്രെ. ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ 13 ശതമാനമാണ് ഇപ്പോള്‍ വിവോയുടെ കയ്യിലുള്ളത്. വിവോ വി15 പ്രോ മുതല്‍ വില കുറഞ്ഞ വൈ91 വരെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ആളുകള്‍ക്കു പ്രിയങ്കരമായിരിക്കുന്നു എന്നാണ്.

നാലാം സ്ഥാനത്തുള്ളത് ഒപ്പോയാണ്. എന്നാല്‍, ഇവര്‍ വളരെ പിന്നിലാണ്. ഏകദേശം 24 ലക്ഷം ഫോണുകളാണ് ഇവര്‍ ആദ്യ മൂന്നു മാസം വിറ്റത്. മാര്‍ക്കറ്റിന്റെ 7.6 ശതമാനമാണ് അവര്‍ക്ക് ഇപ്പോഴുള്ളത്. റിയല്‍മി കുതിപ്പു കാണിക്കുന്ന മറ്റൊരു ഫോണ്‍ നിര്‍മാതാവാണ്. 6.6 ലക്ഷം ഫോണുകളാണ് മൂന്നു മാസത്തിനിടെ അവര്‍ വിറ്റത്. ഇതോടെ 6 ശതമാനം മാര്‍ക്കറ്റ് ഷെയറും അവരുടേതാകുന്നു. വില കുറഞ്ഞ ഫോണുകള്‍ നിര്‍മിക്കുന്നതിലാണ് റിയല്‍മിയുടെ ശ്രദ്ധ എന്നും കാണാം. അവരുടെ ജനസമ്മതി കൂടിവരുന്നത് ഷവോമിയെയും സാംസങ്ങിനെയും പോലെയുള്ള ബ്രാന്‍ഡുകള്‍ക്ക് ഭീഷണിയാണ് എന്നാണ് പറയുന്നത്. 

ഓണ്‍ലൈനില്‍ റിയല്‍മി ജനപ്രിയമാകുന്ന ട്രെന്‍ഡ് കാണാം. ഷവോമിയുടെ ഒന്നാം സ്ഥാനത്തിന് ഭാവിയില്‍ വെല്ലുവിളിയാകാന്‍ സാധ്യതയുള്ള ഒരു കമ്പനിയിണ് റിയല്‍മി എന്നും ചിലര്‍ വിലയിരുത്തുന്നു. റിയല്‍മി 3, റിയല്‍മി 3 പ്രോ എന്നിവ റെഡ്മി നോട്ട് 7, 7 പ്രോ മോഡലുകളോട് നേരിട്ട് ഏറ്റുമുട്ടുകയാണിപ്പോള്‍.

ഇന്ത്യയിലെ സ്മാര്‍ട് ഫോണിന്റെ ശരാശരി വില 3.3 ശതമാനം വര്‍ധിച്ചിരിക്കുന്നു. ഇപ്പോഴത് 161 ഡോളര്‍ അഥവാ 11,352 രൂപയായാണ്. ഈ വില കൃത്യമായി മനസ്സില്‍ വച്ച് ഫോണുകളിറക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളാണ് വിജയം കൊയ്യുന്നതെന്ന് മുകളിലത്തെ കണക്കുകളില്‍ നിന്നു മനസ്സിലാകും.Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ