FINANCE

ഓഹരിവിപണി നീങ്ങുന്നത് നിർണായക ദിനങ്ങളിലൂടെ

Abilaash

13 Jan 2022

കൊച്ചി: കറൻസി, സ്വർണം ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ, കടപ്പത്രങ്ങൾ, ഓഹരി തുടങ്ങി സർവ വിപണികൾക്കും അടുത്ത ഏതാനും ആഴ്‌ചകൾ വളരെ നിർണായകം. ഒമിക്രോൺ വ്യാപനം, കമ്പനികളിൽനിന്നുള്ള മൂന്നാം പാദ (ക്യു 3) പ്രവർത്തന ഫലങ്ങൾ, പണപ്പെരുപ്പ നിരക്ക്, കേന്ദ്ര ബജറ്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ പണ, വായ്‌പ നയം, ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം തുടങ്ങിയവയായിരിക്കും വിവിധ വിപണികളുടെ ഗതി നിർണയിക്കുന്ന ആഭ്യന്തര ഘടകങ്ങൾ.

ഒമിക്രോൺ വ്യാപനത്തിന്റെ പേരിൽ പകർച്ചവ്യാധിയെന്ന നിലയിലുള്ള പരിഭ്രാന്തിയൊന്നും വിപണികളിൽ പ്രകടമാകുന്നില്ല. എന്നാൽ ഒമിക്രോണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ വ്യാപനത്തെ വിപണികൾ വലിയ ആശങ്കയോടെയാണു കാണുന്നത്. വ്യവസായ, വാണിജ്യ മേഖലകളിൽ ക്രമേണയാണെങ്കിലും വർധിച്ചുവരുന്ന ഉണർവ് ഇല്ലാതാക്കുന്നതായിരിക്കും യാത്രകളെയും ചരക്കുനീക്കത്തെയും മറ്റും ബാധിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ.

കോർപറേറ്റ് മേഖലയിൽ നിന്നുള്ള പ്രവർത്തന ഫലങ്ങളുടെ പ്രവാഹമാണ് ഇന്ന് ആരംഭിക്കുന്നത്. ഐടി രംഗത്തെ മുൻനിര കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവയിൽ നിന്നുള്ള ലാഭനഷ്‌ടക്കണക്കുകൾ ഇന്നു പുറത്തുവരും. ഈ മൂന്നു പ്രമുഖ കമ്പനികളിൽ നിന്നുള്ള പ്രവർത്തന ഫലം ഒരേദിവസം പുറത്തു വരുന്നത് ആദ്യമാണെന്നു മാത്രമല്ല അത് ഐടി വ്യവസായത്തിന്റെ ആകമാന സാധ്യതകൾ കൂടുതൽ കൃത്യതയോടെ വിലയിരുത്താൻ വിപണികൾക്ക് അവസരം നൽകുന്നതുമാണ്. സ്വകാര്യ ബാങ്കുകളിൽ ഒന്നാം സ്‌ഥാനത്തുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റേതുൾപ്പെടെ മറ്റു വ്യവസായങ്ങളിൽ നിന്നുള്ള പ്രവർത്തന ഫലവും അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ആദ്യ ഫലപ്രഖ്യാപനങ്ങൾ 20നു സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 21നു സിഎസ്‌ബി ബാങ്കിൽ നിന്നുമായിരിക്കും.

ഡിസംബറിലെ ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഇന്നു പ്രഖ്യാപിക്കും. വ്യവസായോൽപാദന സൂചിക എവിടെ എത്തിനിൽക്കുന്നു എന്ന പ്രഖ്യാപനവും ഇന്നുണ്ടാകും. രണ്ടു സൂചികകളും വിപണികളെ സ്വാധീനിക്കുന്നവയാണ്.

കോവിഡ് വ്യാപനത്തിനു ശേഷമുള്ള രണ്ടാമത്തെ കേന്ദ്ര ബജറ്റാണു ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത്. ധന കമ്മി ക്രമാതീതമായി വർധിക്കുകയും പണപ്പെരുപ്പം അനിയന്ത്രിതമാകുകയും  ചെയ്‌തിരിക്കുന്ന അവസരമായതിനാൽ ആദ്യ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടതു പോലുള്ള ഉത്തേജക നടപടികൾക്കൊന്നും സാധ്യത കാണുന്നില്ല. തിരഞ്ഞെടുപ്പുകളുടെ പശ്‌ചാത്തലത്തിൽ കടുത്ത നടപടികൾക്കും സാധ്യത കുറവ്. എന്നാൽ ബജറ്റിലെ ഏതു നിർദേശവും വിപണികളിൽ ചലനങ്ങൾ സൃഷ്‌ടിക്കാൻ പോന്നതാണ്.

ബജറ്റ് നിർദേശങ്ങൾ വിപണിയിൽ സൃഷ്‌ടിക്കുന്ന ഏറ്റക്കുറച്ചിലുകൾ അവസാനിക്കുന്നതിനു മുൻപു തന്നെയാണ് ആർബിഐയുടെ പണ, വായ്‌പ നയ സമിതി (എംപിസി) യോഗം. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ ചർച്ചകൾക്കു ശേഷം ഒൻപതിനാണു നയപ്രഖ്യാപനം. നാണ്യപ്പെരുപ്പത്തിന്റെ തോത് ഉയരുകയാണെങ്കിലും ഇത്തവണ കൂടി നിരക്കുകളിൽ വർധന പ്രഖ്യാപിച്ചേക്കില്ല എന്നാണു സൂചന. എങ്കിലും സമിതിയുടെ അഭിപ്രായ പ്രകടനങ്ങളിൽനിന്നു ചില പറയാത്ത കാര്യങ്ങൾ വിപണികൾക്കു വായിച്ചെടുക്കാനാകും. അതിനനുസരിച്ചു വിപണി പ്രതികരിക്കുകയും ചെയ്യും.

അഞ്ചു നിയമസഭകളിലേക്കാണു തിരഞ്ഞെടുപ്പെങ്കിലും യുപിയിലെ ഫലത്തിലാണു വിപണികളുടെ കണ്ണ്. മാർച്ച് 10നു പുറത്തുവരുന്ന ഫലം കേന്ദ്ര ഭരണത്തിന്റെ ഭാവിസാധ്യതകളിലേക്കുള്ള സൂചനകൂടിയാകും എന്നതിനാൽ വിപണികളുടെ പ്രതികരണം ശ്രദ്ധേയമാകും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story