CORPORATE

സമയകൃത്യത പാലിക്കാത്ത ഫ്ലാറ്റ് നിർമാതാക്കൾക്കുമേൽ നിയന്ത്രണങ്ങളുമായി ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ; സമയത്തിനുള്ളിൽ ഫ്ലാറ്റ് നൽകാത്ത നിർമാതാക്കൾ പലിശ സഹിതം നിക്ഷേപകർക്കു പണം മടക്കി നൽകണമെന്ന് ഉത്തരവ്

09 Jul 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ സമയത്തിനുള്ളിൽ ഫ്ലാറ്റ് നൽകാത്ത നിർമാതാക്കൾ പലിശ സഹിതം നിക്ഷേപകർക്കു പണം മടക്കി നൽകണമെന്നു ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ (എൻസിഡിആർസി) ഉത്തരവിട്ടു. 

പണം മുടക്കിയ കാലയളവിൽ ദേശസാൽകൃത ബാങ്കുകളിൽ നിലവിലുള്ള ഏറ്റവും ഉയർന്ന ഭവനവായ്പാ പലിശയാണു നിക്ഷേപകർക്കു നൽകേണ്ടതെന്നും കമ്മിഷൻ വ്യക്തമാക്കി. ഇതുകൂടാതെ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണം.

പഞ്ചാബിലെ മൊഹാലിയിൽ കൺട്രി കോളനൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വേവ് ഗാർഡൻ ഭവന പദ്ധതിയിൽ 10 കോടി രൂപ മുടക്കിയ 20 നിക്ഷേപകരുടെ പരാതിയിലാണ് ഉത്തരവ്. ഫ്ലാറ്റുകൾ 3 വർഷത്തിനുള്ളിൽ കൈമാറുമെന്നായിരുന്നു വാഗ്ദാനമെങ്കിലും 7 വർഷം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കിയില്ല. 

ഇതോടെയാണു പണം മടക്കി നൽകണമെന്നു നിക്ഷേപകർ ആവശ്യപ്പെട്ടത്. 

നഷ്ടപരിഹാരം (1 ലക്ഷം), നിയമനടപടികൾക്കുള്ള ചെലവ് (1 ലക്ഷം) എന്നിവയും 20 പേർക്കും കമ്പനി നൽകണമെന്നും എസ്.എം. കാന്തികർ, ദിനേശ് സിങ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശിച്ചു.

അധാർമിക കച്ചവട സമീപനം സ്വീകരിച്ചതിനു കമ്പനിക്ക് 5 ലക്ഷം രൂപ പിഴ ചുമത്തിയ കമ്മിഷൻ, നിക്ഷേപകരുടെ പണവും പലിശയും ഉൾപ്പെടെയുള്ള മുഴുവൻ തുകയും നാലാഴ്ചയ്ക്കകം കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടു.



Related News


Special Story