LAUNCHPAD

ഹരിത മാതൃകയിൽ രാജ്യാന്തര പ്രദർശന നഗരി ഒരുക്കുവാൻ വിദേശ നിക്ഷേപകരെ തേടി സംസ്ഥാന ഭവന നിർമാണ ബോർഡ്; 3,105 കോടി രൂപയുടെ പദ്ധതിക്ക് ആഗോള ടെൻഡർ വിളിക്കും

21 Jun 2019

ന്യൂഏജ് ന്യൂസ്, കൊച്ചി ∙ സംസ്ഥാന ഭവന നിർമാണ ബോർഡ് മറൈൻ ഡ്രൈവിൽ ഗോശ്രീ പാലം ജംക്‌ഷനു സമീപം വിഭാവനം ചെയ്യുന്ന ഇന്റർനാഷനൽ എക്സിബിഷൻ സിറ്റി (രാജ്യാന്തര പ്രദർശന നഗരി) നിർമാണത്തിൽ വിദേശ നിക്ഷേപകരെക്കൂടി പങ്കെടുപ്പിക്കാൻ ശ്രമം. പദ്ധതിക്കായി ആഗോള ടെൻഡർ വിളിക്കും.ഭവന നിർമാണ ബോർഡിന്റെ പക്കലുള്ള 17.9 ഏക്കറിലാണു നിർമാണം. സ്ഥല വില 1,500 കോടി രൂപയും നിർമാണത്തിന് 1,605 കോടി രൂപയും ചേർത്തു 3,105 കോടി രൂപയാണു മുതൽമുടക്ക്. ‌

തിരഞ്ഞെടുക്കപ്പെടുന്ന കമ്പനിയും ഭവന നിർമാണ ബോർഡും ചേർന്നുള്ള സംയുക്ത സംരംഭമായിരിക്കും പദ്ധതി നടപ്പാക്കുക. നിയന്ത്രണം സർക്കാരിനും ഭവന നിർമാണ ബോർഡിനുമാകും. 51 % ഓഹരികളെങ്കിലും കൈവശം വയ്ക്കും. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയും (പിപിപി) പരിഗണനയിലുണ്ട്. വിശദാംശങ്ങൾ ഇന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.


സാമ്പത്തിക നേട്ടം

ഷോപ്പിങ്ങും വിനോദവും താമസ – സമ്മേളന സൗകര്യങ്ങളുമെല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിക്കുകയാണു ഭവന നിർമാണ ബോർഡിന്റെ ലക്ഷ്യം. നക്ഷത്ര ഹോട്ടലുകളും കൺവൻഷൻ ഹാളുകളും വ്യാപാര, വിനോദ കേന്ദ്രങ്ങളുമൊക്കെ ഉൾപ്പെടുന്ന സമുച്ചയമാണു പദ്ധതിയിലുള്ളത്.

ടൂറിസം സോൺ, ഈവന്റ്സ് – ഫംക്‌ഷൻ സോൺ, ഓഫിസ് സോൺ, മാർക്കറ്റ് സോൺ, എക്സിബിഷൻ സോൺ, കൺവൻഷൻ സോൺ, ഹോട്ടൽ സോൺ എന്നിങ്ങനെയാണു പ്രദർശന നഗരിയെ തിരിച്ചിട്ടുള്ളത്. സമ്മേളന ടൂറിസത്തിന്റെയും ഷോപ്പിങ്ങിന്റെയും ആസ്ഥാനമായ കൊച്ചിയിൽ സർവസജ്ജമായ ഒരു പ്രദർശന നഗരി സർക്കാരിനും ഭവന നിർമാണ ബോർഡിനും സാമ്പത്തിക നേട്ടത്തിനു വഴിതുറക്കും. സർക്കാരിന്റെ ഉൾപ്പെടെ വമ്പൻ സമ്മേളനങ്ങൾക്കും കൺവൻഷനുകൾക്കും പുതിയൊരു വേദി കൂടി കേരളത്തിൽ ലഭിക്കും.


മാതൃകയായി ‘കൊച്ചു വനം’

ആകെയുള്ള 17.9 ഏക്കറിൽ 2.5 ഏക്കർ സ്ഥലം പൂർണമായും വൃക്ഷലതാദികൾക്കായി മാറ്റിവയ്ക്കും. ഇത്തരമൊരു നിർമാണ മാതൃക കേരളത്തെ സംബന്ധിച്ചിടത്തോളം തികച്ചും പുതുമ. കെട്ടിട സമുച്ചയ നിർമാണവും ഹരിത മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. സൗര വൈദ്യുതി ഉൾപ്പെടെ ഊർജ സംരക്ഷണ മാർഗങ്ങളും നിർമാണത്തിൽ ഉപയോഗിക്കും. എല്ലാ വിഭാഗം ആളുകളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുംവിധമാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നു ഭവന നിർമാണ ബോർഡ് സെക്രട്ടറിയും ഹൗസിങ് കമ്മിഷണറുമായ ബി.അബ്ദുൽ നാസർ ‘മനോരമ’യോടു പറഞ്ഞു.


സ്ഥിരം പ്രദർശന വേദി

ടൂറിസം പ്രോത്സാഹനം കൂടി ലക്ഷ്യമിട്ടു നിർമിക്കുന്ന പ്രദർശന നഗരിയിൽ കേരളത്തിന്റെ തനതു സംസ്കാരവും കലാരൂപങ്ങളും പ്രദർശിപ്പിക്കുന്ന സ്ഥിരം പ്രദർശന വേദിയാണു പ്രധാന ആകർഷണം. വർഷം മുഴുവനും മിഴി തുറക്കുന്ന വേദി. മ്യൂസിയവും പൈതൃക ഗ്രാമവുമൊക്കെ ഇതിലുണ്ടാകും. പ്രദർശന നഗരിയിൽ പഞ്ചനക്ഷത്ര ഹോട്ടലും ത്രിനക്ഷത്ര ഹോട്ടലുമുണ്ടാകും. ഒന്നിലേറെ കൺവൻഷൻ ഹാളുകളുമുണ്ടാകും. ചെറിയ വിവാഹ സൽക്കാരച്ചടങ്ങുകൾക്കായുള്ള ഹാൾ മുതൽ 10,000 പേരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഹാൾ വരെയുണ്ടാകും സമുച്ചയത്തിൽ. ഓഫിസ് സോണിൽ കോർപറേറ്റ് സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കുമൊക്കെ ഇടം നൽകും.



Related News


Special Story