13 Sep 2019
ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പു കേസിലെ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരൻ നെഹാൽ ദീപക്ക് മോദിക്കെതിരെ ഇന്റർപോളിന്റെ അറസ്റ്റ് വാറന്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറിന്റെ (ഇഡി) ആവശ്യപ്രകാരം ഇന്റർപോൾ നെഹാലിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് നെഹാലിന്റെ പേരിലുള്ളത്. നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കുമെതിരായ വായ്പത്തട്ടിപ്പു കേസിൽ കമ്പനി ജീവനക്കാരെ സ്വാധിനിക്കാനും ഭീഷണിപ്പെടുത്താനും നെഹാൽ ശ്രമിച്ചെന്നാണ് കേസ്. ബെൽജിയം പൗരത്വമുള്ള നെഹാൽ ഇപ്പോൾ യുഎസിലുണ്ടെന്നാണ് കരുതപ്പെടുന്നത്. നെഹാലിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കണമെന്ന് ഈ വർഷമാദ്യം ഇഡി ഇന്റർപോളിനോട് അഭ്യർഥിച്ചിരുന്നു.
പിഎൻബി തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ, നീരവിന്റെ കമ്പനിയിലെ ദുബായ്, ഹോങ്കോങ് എന്നിവിടങ്ങളിലുള്ള ബെനാമി ഡയറക്ടർമാരുടെ മൊബൈൽഫോണുകൾ അടക്കമുള്ള തെളിവുകൾ നെഹാൽ നശിപ്പിച്ചെന്നും അവരെ കയ്റോയിലേക്കു കടത്തിയെന്നും ഇഡി പരാതിയിൽ പറഞ്ഞിരുന്നു.
Content Highlights: interpol-red-corner-notice-against-nirav-modis-brother-nehal-modi