Newage News
14 Jan 2021
കൊറോണ വൈറസ് ഭീതി കാരണം മിക്കവരും പഠനവും ജോലിയും ഓൺലൈനിലേക്ക് മാറിയതോടെ ടെലികോം സേവനദാതാക്കളുടെ നെറ്റ്വർക്ക് വേഗവും കുറഞ്ഞുവെന്ന് ആരോപണമുണ്ട്. ലോക്ഡൗൺ സമയത്ത് ശരാശരി നെറ്റ്വർക്ക് വേഗം ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക കമ്പനികളും അക്കാര്യത്തിൽ പരാജയപ്പെട്ടു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) മൈസ്പീഡ് പോർട്ടലിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിൽ റിലയൻസ് ജിയോ ഏറ്റവും ഉയർന്ന വേഗം നിലനിർത്തി. റിലയൻസ് ജിയോയുടെ ഡൗൺലോഡ് വേഗം ഡിസംബറിൽ 20.2 എംബിപിഎസ് ആയിരുന്നു, നവംബറിൽ ഇത് 20.8 എംബിപിഎസും ആയിരുന്നു. വോഡഫോണും ഐഡിയയും യഥാക്രമം 9.8 എംബിപിഎസും 8.9 എംബിപിഎസ് ഡൗൺലോഡ് വേഗവും നേടി. എയർടെല്ലിന് ഡിസംബറിൽ 7.8 എംബിപിഎസ് ഡൗൺലോഡ് വേഗം നേടാനായി. നവംബറിൽ എയർടെലിന്റെ വേഗം 8.0 എംബിപിഎസ് ആയിരുന്നു.
വോഡഫോൺ, ഐഡിയ സെല്ലുലാർ എന്നിവ വോഡഫോൺ ഐഡിയ ലിമിറ്റഡുമായി ലയിപ്പിച്ചെങ്കിലും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഇപ്പോഴും രണ്ട് എന്റിറ്റികളുടെയും പ്രത്യേക നെറ്റ്വർക്ക് സ്പീഡ് ഡേറ്റ പുറത്തിറക്കുന്നുണ്ട്. ഡിസംബറിലെ അപ്ലോഡിൽ വോഡഫോൺ 6.5 എംബിപിഎസ് വേഗതയോടെ ഒന്നാം സ്ഥാനത്തെത്തി. ഐഡിയയുടെ വേഗം 6 എംബിപിഎസ് ആണ്. ഡിസംബറിൽ ജിയോയുടെ അപ്ലോഡ് വേഗം 3.8 എംബിപിഎസും എയർടെലിന്റെ വേഗം 4.1 എംബിപിഎസും ആയിരുന്നു.
ഡൗൺലോഡ് വേഗമാണ് ഉപഭോക്താക്കളെ ഇന്റർനെറ്റിൽ നിന്നുള്ള ഉള്ളടക്കം ആക്സസ് ചെയ്യുന്നതിന് സഹായിക്കുന്നത്. അതേസമയം, അപ്ലോഡ് വേഗം അവരുടെ സുഹൃത്തുക്കൾക്ക്, മറ്റുള്ളവർക്ക് ചിത്രങ്ങൾ, വിഡിയോ മുതലായവ അയയ്ക്കുന്നതിനോ പങ്കിടുന്നതിനോ സഹായിക്കുന്നതാണ്. ട്രായിയുടെ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്ത്യയിലുടനീളം ശേഖരിക്കുന്ന ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ശരാശരി വേഗം കണക്കാക്കുന്നത്.