CORPORATE

BIG BREAKING: മുത്തൂറ്റ് ഫിനാൻസ് കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു

28 Aug 2019

ന്യൂഏജ് ന്യൂസ് 

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കേരളാ കമ്പനി, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ആലോചിക്കുന്നു. മുഴുവൻ ബ്രാഞ്ചുകളും അടച്ചുപൂട്ടാനും കേരളത്തിലെ പ്രവർത്തനങ്ങൾ പൂർണമായും നിർത്താനുമാണ് ആലോചന. തീരുമാനം തുടർച്ചയായി നടക്കുന്ന സിഐടിയു സമരത്തിന്റെ പശ്ചാത്തലത്തിലാണ്. 3500 ഓളം പേർക്ക് ഇതു മൂലം തൊഴിൽ നഷ്ടമാകും. തീരുമാനം സംസ്ഥാന ഖജനാവിനും വലിയ നഷ്ടമാവും സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം മുത്തൂറ്റ് സംസ്ഥാനത്തിന് നൽകിയത് 500 കോടിയുടെ നികുതി വരുമാനമാണ്. 

സമരത്തെത്തുടർന്ന് പ്രവർത്തിപ്പിക്കാൻ കഴിയാത്ത ശാഖകൾ സെപ്റ്റംബർ 2 ന് അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാനേജ്മെൻറ് ഇത് സംബന്ധിച്ച സർക്കുലർ ബ്രാഞ്ചുകൾക്ക് നൽകി. അടയ്ക്കുന്ന ബ്രാഞ്ചുകളിലെ ജീവനക്കാരെ പുനർവിന്യസിക്കില്ല. ഇവരെ പിരിച്ചു വിടാനാണ് തീരുമാനം. ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്.

ഇന്ത്യയിലാകമാനം സ്ഥാപനത്തിന് 26,000 ജീവനക്കാരുണ്ട്. കേരളത്തിൽ മാത്രം 3500 പേർ. 

വിവിധ ആവശ്യങ്ങളുന്നയിച്ച് സിഐടിയു വിന്റെ നേതൃത്വത്തിൽ മൂന്ന് വർഷം മുൻപാണ് സമരം തുടങ്ങുന്നത്. 48, 72 മണിക്കൂർ സമരങ്ങൾ പതിവായി. പല കോടതി നിർദേശങ്ങളും യൂണിയൻ പാലിച്ചില്ല. കമ്പനി പലവട്ടം അഭ്യർത്ഥിച്ചിട്ടും സംസ്ഥാന സർക്കാർ സമരങ്ങൾ ഒത്തുതീർക്കുവാൻ സമവായ ശ്രമങ്ങൾ നടത്തിയതുമില്ല. കേരളത്തിൽ സർവ്വീസ് മേഖലയിൽ ട്രേഡ് യൂണിയൻ  സമരം മൂലം ഒരു ലിസ്റ്റഡ് കമ്പനി പ്രവർത്തനം നിറുത്തുന്നത് ആദ്യമാണ്. 

3 വർഷത്തെ സമരത്തെ തുടർന്ന് മുത്തൂറ്റിന്റെ ബിസിനസ് കേരളത്തിൽ പകുതിക്ക് മേൽ ഇടിഞ്ഞു. ഇടപാടുകാർ വലിയ തോതിൽ കൊഴിയുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ്  മാനേജ്മെൻറ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്.

Content Highlights: Kerala based nbfc muthoot finance wind up its Kerala operations



Related News


Special Story