Newage News
15 Jan 2021
തിരുവനന്തപുരം: വയനാട്ടുകാരുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് 2021-22ല്‍ യാഥാര്‍ഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി കിഫ്ബിയില്‍ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പുതിയ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിന് വേണ്ടി ഹിമോഗ്ലോബിനോപ്പതി റിസര്‍ച്ച് ആന്‍ഡ് കെയര്‍ സെന്റര്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വയനാടിനായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായിരുന്നത്. ബ്രാന്‍ഡ് കാപ്പിപ്പൊടി പത്തു ശതമാനമാണ് കാപ്പിക്കുരുവിന് വിലയായി കാപ്പി കര്ഷര്കര്ക്ക് ലഭിക്കുന്നത്. കാപ്പിപ്പൊടി ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിന്റെ ഭാഗമായി മൂന്നോ നാലോ വര്‍ഷം കൊണ്ട് അനുപാതം ഗണ്യമായി ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ വയനാട്ടിലെ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനാകും. കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതിന് കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി വയനാടിനെ സഹായിക്കും.
ഇപ്പോള്‍ ജില്ലയിലെ കാര്‍ബണ്‍ എമിഷന്‍ 15 ലക്ഷം ടണ്ണാണ്. ഇതില്‍ 13 ലക്ഷം ടണ്‍ ആഗിരണം ചെയ്യാന്‍ നിലവിലുളള മരങ്ങള്‍ക്ക് കഴിയും. കാര്‍ബണ്‍ കുറയ്ക്കാനുളള നീക്കത്തിന്റെ ഭാഗമായി 6500 ഹെക്ടര്‍ ഭൂമിയില്‍ മുളയും 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം. മരം നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്കിങ് പദ്ധതിയെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന്റെ ഭാഗമായി ജൈവ വൈവിധ്യം വര്‍ധിക്കും എക്കോ ടൂറിസത്തിന് ഇത് സഹായകമാകും.
വാര്‍ഷിക പദ്ധതിയില്‍ നൂറുകോടിയില്‍പ്പരം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടിക വര്‍ഗ സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് വേണ്ടി 25 കോടി രൂപ ചെലവഴിക്കും. കിഫ്ബിയില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി 941 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തുരങ്കപാതയുടെ പാരിസ്ഥതിക വിലയിരുത്തല്‍ കഴിഞ്ഞാല്‍ നിര്‍മാണം ആരംഭിക്കും. വയനാട്-ബന്ദിപ്പൂര്‍ എലവേറ്റഡ് ഹൈവേക്ക് അനുമതി ലഭിച്ചാല്‍ അതിന്റെ ചെലവിന്റെ ഒരു ഭാഗം കേരളം വഹിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ട്രൈബല്‍ വിദ്യാര്‍ഥികള്‍ക്കായി പഴശ്ശി ട്രൈബല്‍ കോളേജ് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.