Newage News
15 Jan 2021
തിരുവനന്തപുരം: വ്യവസായ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിളവുകളുമായി ധനമന്ത്രി.എല്‍.എന്‍.ജി, സി.എന്‍.ജി. എന്നിവയുടെ മേലുള്ള വാറ്റ് നികുതി അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതുകൊണ്ട് 166 കോടി രൂപയുടെ നികുതി വരുമാനമാണ് നഷ്ടമാകുക. പ്രളയ സെസ്സിന്റെ കാലാവധി ജൂലായില്‍ അവസാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണത്തിനുള്ള നയം രൂപവത്കരിക്കും. ഊര്‍ജ്ജ ദുര്‍വ്യയം ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതികള്‍ അനുവര്‍ത്തിക്കുന്നതിനും മാനദണ്ഡങ്ങള്‍ പാലിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഒറ്റത്തവണ കെട്ടിട നികുതിയില്‍ അമ്പത് ശതമാനം ഇളവ്, ക്രയവിക്രയ വേളയില്‍ ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഒരു ശതമാനം ഇളവ്, പ്രാദേശിക കെട്ടിട നികുതിയില്‍ 20 ശതമാനം ഇളവ് എന്നിങ്ങനെയുള്ള ഇളവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോള്‍ കേരളത്തില്‍ എല്‍എന്‍ജി/സിഎന്‍ജിയുടെ മേലുള്ള വാറ്റ് നികുതി 14.5 ശതമാനമാണ്. നിലവിലുള്ള ഉയര്‍ന്ന നികുതി നിരക്ക് ബിപിസിഎല്‍, ഫാക്ട് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനും പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും തടസ്സമാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ എല്‍എന്‍ജി/സിഎന്‍ജിയുടെ മേലുള്ള വാറ്റ് നികുതി തമിഴ്നാടിനു തുല്യമായി 5 ശതമാനമായി കുറച്ചതായി മന്ത്രി പറഞ്ഞു. സിറ്റി ഗ്യാസ് പ്രോജക്ടിനും ഗാര്‍ഹികോപഭോക്താക്കള്‍ക്കും ഈ നികുതിയിളവ് സഹായകരമായിരിക്കും. 166 കോടി രൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകും.
2005-06 മുതല്‍ 2017-18 വരെ കേരള പൊതുവില്‍പ്പന നികുതി കുടിശികകള്‍ക്ക് മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ആംനസ്റ്റി പുതിയ വര്‍ഷത്തിലും തുടരും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അടുത്ത 5 വര്‍ഷത്തേയ്ക്ക് 50 ശതമാനം വാഹന നികുതി ഒഴിവാക്കും.
പാലിയേറ്റീവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതും പൂര്‍ണ്ണമായും പാലിയേറ്റീവ് ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുന്നതുമായ വാഹനങ്ങളെ ജില്ലാ കളക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വാഹന നികുതി അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കി.
ഇപ്പോള്‍ തീറാധാരങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി 8 ശതമാനവും രജിസ്ട്രേഷന് ഫീസ് 2 ശതമാനവുമാണ്. കെഎസ്ഐഡിസി, കിന്‍ഫ്ര, സിഡ്കോ, ഡിഐസി, സര്‍ക്കാര്‍ രൂപീകരിക്കുന്ന വ്യവസായ വികസന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍സ് തുടങ്ങിയവയുടെ വ്യവസായ പാര്‍ക്കുകളുടെയും പ്ലോട്ടുകളുടെയും ഷെഡ്ഡുകളുടെയും ലീസ് ഡീലുകള്‍, ലീസ് കം സെയില്‍, സബ് ലീസ്, പൂര്‍ണ്ണ സെയില്‍ ഡീഡ് എന്നിവയ്ക്കും ഈ ഡ്യൂട്ടി ബാധകമാണ്. വ്യവസായ നിക്ഷേപത്തെ ആകര്‍ഷിക്കുന്നതിനു മേല്‍പ്പറഞ്ഞ ഭൂമി ഇടപാടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി 4 ശതമാനമായും രജിസ്ട്രേഷന് ഫീസ് 1 ശതമാനമായും കുറയ്ക്കുന്നു.
ഇന്ന് വൈദ്യുതി ഉപയോഗത്തിനുമേല്‍ 10 ശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടിയുണ്ട്. പുതിയ വ്യവസായ നിക്ഷേപങ്ങള്‍ക്ക് ആദ്യത്തെ 5 വര്‍ഷം വൈദ്യുതി ചാര്‍ജ്ജിന്മേലുള്ള ഇലക്ട്രിസ്റ്റി ഡ്യൂട്ടിയില്‍ നിന്നും ഒഴിവു നല്‍കും.
കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന്റെ തുക പിരിച്ചെടുക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പുതിയ സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് ദീര്‍ഘിപ്പിക്കും.
മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള വായ്പ കൊടുക്കുന്നതടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ തടയുന്നതിനായി കേരള മണി ലെന്‍ഡിങ് ആക്ടില്‍ യുക്തമായ ഭേദഗതികള്‍ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.