Newage News
15 Jan 2021
തിരുവനന്തപുരം: ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്. ഇത്തവണ 3.18 മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്. 2013 മാര്‍ച്ച് 13ന് കെ.എം. മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് ആണ് തോമസ് ഐസക് മറികടന്നത്.
സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ക്ഷേമപദ്ധതികള്‍ എണ്ണിപ്പറഞ്ഞും സാമ്പത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങള്‍ വിശദീകരിച്ചുമായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. പ്രസംഗത്തിന്റെ തുടക്കം മുതല്‍ത്തന്നെ സാന്ദര്‍ഭികമായി കവിതകളും അദ്ദേഹം ഉദ്ധരിച്ചു. ഇത്തവണ സ്കൂള്‍ വിദ്യാര്‍ഥികളുടെ കവിതകള്‍ മാത്രമാണ് ഉദ്ധരിച്ചത് എന്നതും ശ്രദ്ധേയമായി.
അതേസമയം, ധനമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതിനെതിരെ പ്രതിപക്ഷത്തുനിന്ന് പ്രതിഷേധവും ഉയര്‍ന്നു. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഒമ്പത് മണിക്ക് സഭ ചേര്‍ന്ന് 12.30ന് അവസാനിക്കണം എന്നതാണ് ചട്ടം എന്ന കാര്യം എം. ഉമ്മര്‍ എംഎല്‍എ ചൂണ്ടിക്കാണിക്കുകയും ചെയ്തു.